സംസ്ഥാനത്ത് സംവരണ രീതി ഉടച്ചു വാര്‍ക്കണം: ആവശ്യവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് സംവരണം നടപ്പാക്കുന്ന രീതി പുനപരിശോധിക്കണമെന്നു ഹൈക്കോടതി. സാമൂഹികവും സാമ്പത്തികവും ജാതീയവുമായ രീതിയില്‍ എത്രയും പെട്ടെന്നു സര്‍വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ആറു മാസത്തിനുള്ളില്‍ പഠന റിപോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ പിന്നോക്ക വിഭാഗ കമ്മിഷനും കോടതി നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്ത് സംവരണം നടപ്പാക്കുന്ന രീതി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്റ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ.വി.കെ ബീരാനാണ് കോടതിയെ സമീപിച്ചത്. സാമുദായിക സംവരണത്തിലെ പാകപ്പിഴമൂലം മുസ്ലിം സമുദായം ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ഉദ്യോഗ പ്രാധിനിധ്യം ലഭിക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് ഹരജി ഭാഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ 61 വര്‍ഷമായി സംവരണ ഘടനയില്‍ പുനപരിശോധന ഉണ്ടായിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു. ഇന്ദിരാ സാഹ്നി കേസിലെ സുപ്രിം കോടതി വിധിയനുസരിച്ച് ഓരോ 10 വര്‍ഷം കൂടുമ്പോഴും സംവരണ പട്ടിക പുന പരിശോധിക്കേണ്ടതാണെന്ന ആവശ്യം നടപ്പായിട്ടില്ലെന്നും ഹരജി ഭാഗം കോടതിയില്‍ ഉന്നയിച്ചു. 1958 ല്‍ ആരംഭിച്ച രീതിയാണ് സംവരണ നിയമനങ്ങളില്‍ ഇപ്പോഴും തുടരുന്നത്. സംവരണ തസ്തികകളിലെ ആദ്യത്തെ തസ്തികയില്‍ മുസ്ലിം വിഭാഗത്തിന് അവസരം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍പ് നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം ജനസംഖ്യയില്‍ 26.9 ശതമാനം ജനസംഖ്യയുള്ള മുസ്ലിം വിഭാഗം 11.4 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ഉദ്യോഗ മേഖലയില്‍ പ്രാതിനിത്യമുളളുവെന്ന കാര്യം ഹരജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഉദ്യോഗ മേഖലയിലെ കണക്കുകളനുസരിച്ച് പട്ടിക വിഭാഗത്തിനെക്കാള്‍ താഴെയാണ് മുസ്ലിം വിഭാഗത്തിന്റെ പ്രാതിനിധ്യമെന്നും ഹരജിയില്‍ പറയുന്നു. സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ടു പ്രകാരം 10 ശതമാനം മാത്രമാണ് മുസ്ലിം പ്രാതിനിധ്യം. 2000 ല്‍ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുസ് ലിം വിഭാഗത്തിന് 8000 തസ്തികകളില്‍ നിയമനം കിട്ടിയില്ലെന്നു കണ്ടെത്തിയിരുന്നു. നിയമനങ്ങളിലെ അപാകതകള്‍ പരിഹരിക്കണമെങ്കില്‍ സംവരണ തസ്തികകളിലെ റൊട്ടേഷന്‍ സംവിധാനം ഉള്‍പ്പെടെ പുനപരിശോധിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."