സഊദി ഭരണാധികാരി സൽമാൻ രാജാവ് ലോക നേതാക്കളുമായി ചർച്ച നടത്തി; ഫലസ്തീന്‍ വിഷയത്തില്‍ സമാധാന മാര്‍ഗത്തിലുള്ള പരിഹാരമാണ് വേണ്ടതെന്ന് ട്രംപിനോട് രാജാവ്
റിയാദ്: സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് വിവിധ ലോക നേതാക്കളുമായി ചർച്ച നടത്തി. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങി വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയായി. കഴിഞ്ഞ ദിവസം യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ചർച്ചയിൽ ഫലസ്തീൻ സമാധാന വിഷയവും മേഖലയിലെ സുരക്ഷയും ചർച്ചയായി. ഫലസ്തീൻ വിഷയത്തിൽ ശാശ്വതമായ പരിഹാരമാണ് സഊദി അറേബ്യ ലക്ഷ്യമിടുന്നതെന്നും 2002 ൽ സഊദിയുടെ മേൽനോട്ടത്തിൽ അറബ് രാജ്യങ്ങൾ മുന്നോട്ട് വെച്ച് സമാധാന പദ്ധതിയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇത് പരിഗണിക്കണമെന്നും സൽമാൻ രാജാവ് ട്രംപിനോട് ആവശ്യപ്പെട്ടു.
2002 ലെ അറബ് സമാധാന പദ്ധതി പ്രകാരം 1967 ലെ യുദ്ധത്തില്‍ ഇസ്‌റാഈൽ പിടിച്ചെടുത്ത മേഖലകള്‍ തിരിച്ചു നല്‍കണം. ഇതാണ് ഫലസ്തീൻ വിഷയത്തിൽ സമാധാനത്തിനുള്ള ഏക മാർഗ്ഗമെന്നു സൽമാൻ രാജാവ് ട്രംപിനോട് പറഞ്ഞു. പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്നും ഇസ്‌റാഈൽ പിന്മാറുന്നതാണ് ഇസ്‌റാഈലുമായി അറബ് രാജ്യങ്ങൾ ഉണ്ടാക്കുന്ന ബന്ധത്തിന്റെ ആദ്യ പടിയെന്നാണ് തീരുമാനിച്ചിരുന്നത്. ഇക്കാര്യമാണ് സൽമാൻ രാജാവ് ട്രംപിനോട് ഉണർത്തിയത്. മുന്നോട്ട് വെച്ച ഉപാധി അംഗീകരിക്കും വരെ ഇസ്‌റാഈലുമായി നയതന്ത്രം ബന്ധം ഉണ്ടാകില്ലെന്നാണ് ഇപ്പോഴും സഊദിയുടെ നിലപാട്. കൂടാതെ, ജി 20 ഉച്ചകോടിയെക്കുറിച്ചും ലോകമാകെ പടർന്ന കോവിഡ് മഹാമാരിയെ കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്‌തു. യുഎയിലേക്കുള്ള ഇസ്‌റാഈൽ വിമാനങ്ങൾക്ക് വേണ്ടി സഊദി വ്യോമ പാത തുറന്നു കൊടുത്തതിനെ ട്രംപ് അഭിനന്ദിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുട്ടിനുമായി നടത്തിയ ചർച്ചയിൽ എണ്ണ മേഖലയിലെ സഹകരണവും കൊവിഡ് വാക്‌സിൻ ഉത്പാദനവും ചർച്ചയായതായി സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ആഗോള എണ്ണ വിപണികളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി പത്ത് ദിവസത്തിനുള്ളിൽ ഒപെക് പ്ലസ് യോഗം ചേരാനായിരിക്കെയാണ് ഏറ്റവും വലിയ എണ്ണയുത്പാദക രാജ്യങ്ങളായ സഊദിയും റഷ്യയും ഇത് സംബന്ധിച്ച ചർച്ച നടത്തിയത്. കൊവിഡ് മഹാമാരിക്ക് വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നിരന്തരമായ സഹകരണം പുടിൻ എടുത്തുകാട്ടി. ഈ വാക്‌സിൻ പരീക്ഷിക്കുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ് സഊദി. വാക്സിൻ വികസിപ്പിച്ച മോസ്കോയിലെ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ടുമായി സഊദി ശാസ്ത്രജ്ഞർ ബന്ധപ്പെട്ടിട്ടുണ്ടെന്നും റഷ്യ അറിയിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാർകോൺ ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരുമായി നടത്തിയ ചർച്ചയിൽ ജി 20 ഉച്ചകോടിയും സഊദിയുമായുള്ള സഹകരണവുമാണ് ചർച്ചയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."