മാലിന്യ നിര്‍മാര്‍ജനം; മാതൃകയായി ഈരാറ്റുപേട്ടയിലെ ഒരു കൂട്ടം യുവാക്കള്‍
ഈരാറ്റുപേട്ട:മാലിന്യങ്ങളും കൊണ്ട് നിറഞ്ഞ മീനച്ചിലാറ്റിലെ ഈരാറ്റുപേട്ട ടൗണ്‍ ചെക്ക്ഡാമിനു സമീപം നദീഭാഗം ഈരാറ്റുപേട്ടക്കാരായ ഒരുപറ്റം ചെറുപ്പക്കാരുടെ അധ്വാനത്തില്‍ മാലിന്യമുക്തമായി. വെള്ളംതടഞ്ഞുനിര്ത്തിയതിന് താഴെ കെട്ടിക്കിടന്ന വെള്ളത്തിലാണ് പ്ലാസിറ്റിക്ക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളുംകുന്നുകൂടിയത്. സമൂഹമാധ്യമ ഇടത്തില്‍ പ്രചരിച്ച മാലിന്യംനിറഞ്ഞ നദിയുടെഫോട്ടോയാണ് ഈ യത്നത്തിന് മുന്നിട്ടിറങ്ങാന്‍ യുവസംഘത്തെ പ്രേരിപ്പിച്ചത്.വെള്ളംപോലും കാണാന്‍ സാധിക്കാത്തവിധം മാലിന്യം അടിഞ്ഞുകൂടിയ നിലയിലായിരുന്നു ഇവിടെ മാലിന്യം കുന്നുകൂടിയത്. ചിത്രം വൈറലായതോടെ നദി ശുചീകരിക്കണമെന്ന നിര്‍ദേശവും സമൂഹമാധ്യമങ്ങളില്‍നിന്നുതന്നെ ഉയര്‍ന്നു. നാടിന്റെ ആവശ്യങ്ങളില്‍ ഓടിയെത്തുന്ന നന്മക്കൂട്ടത്തിലെ യുവാക്കള്‍ക്കൊപ്പം, അവധിദിവസമായതിനാല്‍ മറ്റ് യുവാക്കളും അണിനിരന്നു. ഉച്ചയോടെ അന്‍പതോളം പേരാണ് മാലിന്യശേഖരണത്തിനായെത്തിയത്.ആറ്റില്‍ ഒഴുക്കുനിലച്ചതിനാല്‍ മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. പ്ലാസ്റ്റിക്, ചില്ലുകുപ്പികളും പ്ലാസ്റ്റിക് കൂടുകളും അടക്കം അഴുകാതെ അവശേഷിക്കുന്ന മാലിന്യങ്ങളും മറ്റ് ജൈവമാലിന്യങ്ങളും അടക്കമാണ് നദിയിലുണ്ടായിരുന്നത്. വൃത്തിഹീനമായ വെള്ളത്തിലിറങ്ങിനിന്ന് ഇവ വാരിമാറ്റാന്‍ തയാറായ യുവാക്കളെ നാട്ടുകാര്‍ അഭിനന്ദിച്ചു. മീനച്ചിലാറ്റില്‍ മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."