ഒരേ ഭൂമിയില്‍ മണ്ണിട്ടുനികത്തുന്നതിന് സി.പി.എമ്മിന് രണ്ടുനയം
ഫറോക്ക്: ഒരേ സര്‍വേ നമ്പറില്‍പ്പെട്ട ഭൂമിയില്‍ മണ്ണിട്ടുനികത്തുന്നതിന് സി.പി.എം രണ്ടു നയം കാണിച്ചതു വിവാദമായി. ഒരു ഭാഗത്ത് സി.പി.എം അനുഭാവി മണ്ണിട്ടുനികത്തി കെട്ടിടത്തിന്റെ പണി ആരംഭിച്ചിരിക്കെ ഇതേ ഭൂമിയിലെ മറുഭാഗത്ത് അനുഭാവി മറ്റൊരാള്‍ക്കു വിറ്റ ഭൂമിയില്‍ മണ്ണിട്ടുനികത്തുന്നത് സി.പി.എം തടയുകയായിരുന്നു. രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ കോടമ്പുഴ കള്ളിവളവിലാണു വിവാദ സംഭവം.
വ്യാഴാഴ്ച ഇവിടെ മണ്ണിട്ടുനികത്തുന്നതിനിടയില്‍ മണ്ണുമായി വന്ന മിനിലോറി സി.പി.എം അനുഭാവികള്‍ തടയുകയും പൊലിസിലും വില്ലേജിലും വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു സ്ഥലത്തെത്തിയ ഫറോക്ക് പൊലിസ് മിനിലോറി കസ്റ്റഡിയിലെടുത്തു. സര്‍വേ നമ്പര്‍ 113 അഞ്ചില്‍പെട്ട ഭൂമി രാമനാട്ടുകര വില്ലേജ് അധികൃതരുടെ രേഖയില്‍ തണ്ണീര്‍തടമാണ്. എന്നാല്‍ ഇതേ സര്‍വേ നമ്പറില്‍ സി.പി.എം അനുഭാവിക്കു കെട്ടിടമുണ്ടാക്കാന്‍ വില്ലേജ് അധികൃതരും അന്നത്തെ ഗ്രാമപഞ്ചായത്ത് അധികൃതരും മുഴുവന്‍ ഒത്താശയും ചെയ്തുകൊടുത്തതായി രേഖകള്‍ വ്യക്തമാക്കുന്നു. 2013 ഒക്ടോബര്‍ 11ന് ഈ ഭൂമി തണ്ണീര്‍തടമാണെന്നു പറഞ്ഞ് വില്ലേജ് അധികൃതര്‍ 2014 സെപ്റ്റംബര്‍ 30ന് ഇവിടെ കെട്ടിടം പണിയാന്‍ അനുമതി നല്‍കിയിരുന്നു. 2015 ഓഗസ്റ്റ് 13ന് അന്നത്തെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഈ ഭൂമിയില്‍ മൂന്നുനില കെട്ടിടം നിര്‍മിക്കാന്‍ പെര്‍മിറ്റും നല്‍കി. തുടര്‍ന്ന്, കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും ഭൂമി മണ്ണിട്ടുനികത്തുകയും ചെയ്തു. കെട്ടിടം നിര്‍മിക്കാന്‍ 2018 ഓഗസ്റ്റ് 12 വരെ സമയവും നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതേ ഭൂമിയുടെ മറുവശത്തു നേരത്തെ കെട്ടിടം നിര്‍മിക്കാന്‍ അനുമതി കിട്ടിയ ഉടമ കോടമ്പുഴയില്‍ തന്നെ മറ്റൊരാള്‍ക്കു വിറ്റ എട്ട് സെന്റ് ഭൂമിയില്‍ മണ്ണിട്ടുനികത്തുന്നതാണ് സി.പി.എം പ്രവര്‍ത്തകരെത്തി തടഞ്ഞത്. നേരത്തെ ഇവിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊടിനാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."