വിമാനത്താവളം: എയര്‍ കാലിബ്രേഷന്‍ പരിശോധന ഇന്ന്
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ എയര്‍ കാലിബ്രേഷന്‍ പരിശോധിക്കുന്നതിനുള്ള ഡോണിയര്‍ ബീച്ച് ക്രാഫ്റ്റ് ബി വിമാനം വിമാനത്താവള പദ്ധതി പ്രദേശത്തെത്തി. വിമാനങ്ങള്‍ സുരക്ഷിതമായി ഇറങ്ങാന്‍ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റത്തിന്റെ കൃത്യത പരിശോധിക്കുന്നതിനാണു വിമാനം എത്തിയത്.
ഇന്നലെ വൈകിട്ട് 4.35നാണ് ഏഴു സീറ്റുള്ള എയര്‍പോര്‍ട്ട് അതോറ്റിയുടെ വിമാനം വിമാനത്താവളത്തില്‍ ഇറങ്ങിയത്. ക്യാപ്റ്റന്‍ സന്ദീപ് കശ്യപ്, വി.എന്‍ പ്രസാദ് എന്നിവരാണു വിമാനം ഇറക്കിയത്. ഏതുസമയത്തും ഏതു കാലാവസ്ഥയിലും വിമാനങ്ങള്‍ സുരക്ഷിതമായി പറന്നിറങ്ങാന്‍ നിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്ന ഉപകരണമാണ് ഐ.എല്‍.എസ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഗ്രൗണ്ട് കാലിബ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ മൂന്നുദിവസം മുമ്പ് വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റത്തിന്റെ (ഐ.എല്‍.എസ്) കൃത്യത പരിശോധിക്കുന്നതിനു വിമാനത്താവളത്തിനു മുകളിലൂടെയുള്ള ആകാശത്തു വിമാനം ഇന്നു വട്ടമിട്ടുപറക്കും. വിമാനത്താവളത്തിന് അന്തിമാനുമതി ലഭിക്കുന്നതിനു മുന്നോടിയായാണു പരിശോധന നടത്തുന്നത്. ഇതു പൂര്‍ത്തിയായ ശേഷം പരിശോധനാസംഘം എയര്‍പോര്‍ട്ട് അതോറിറ്റിക്കു റിപ്പോര്‍ട്ട് നല്‍കുന്നതോടെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡി.ജി.സി.എ) അന്തിമ പരിശോധനയ്ക്കെത്തും. ഇതുകൂടി പൂര്‍ത്തിയായ ശേഷമേ കണ്ണൂരില്‍നിന്നു വിമാന സര്‍വിസ് ആരംഭിക്കൂ.
ഒക്ടോബര്‍ 28നു വിമാനങ്ങളുടെ വേനല്‍കാല ഷെഡ്യൂള്‍ വരുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ അവസാനവാരം വിമാനത്താവളം ഉദ്ഘാടനവും നവംബര്‍ ഒന്നുമുതല്‍ വിമാന സര്‍വിസും നടത്താനാണു കിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്.
നിലവില്‍ എയര്‍ഇന്ത്യാ എക്സ്പ്രസ്, ജെറ്റ് എയര്‍വേയ്സ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാനങ്ങള്‍ കണ്ണൂരില്‍ നിന്നു സര്‍വിസ് നടത്താന്‍ കിയാല്‍ ധാരണയിലെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."