കാറഡുക്ക 'ടെസ്റ്റ് ഡോസ് ': തദ്ദേശസമിതികളില്‍ പുതിയ രാഷ്ട്രീയ സമവാക്യം
മുള്ളേരിയ: കാറഡുക്ക പഞ്ചായത്തില്‍ ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസും സി.പി.എമ്മും മുസ്‌ലിം ലീഗും ഒന്നിച്ചുനിന്നു ഭരണം പിടിച്ചെടുത്തത് ബി.ജെ.പിയ്ക്കുള്ള ടെസ്റ്റ് ഡോസാണ്. വരും ദിവസങ്ങളില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സമിതികളില്‍ ബി.ജെ.പിക്കെതിരേയുള്ള പുതിയ രാഷ്ട്രീയ സമവാക്യത്തിനാണ് കാറഡുക്കയില്‍ ഇടത്-വലതുമുന്നണികള്‍ തുടക്കമിടുന്നത്.
നിലവില്‍ കാറഡുക്കയിലെ 18 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിക്കുകയും എന്‍മകജെയില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ നിന്ന് ബി.ജെ.പി പുറത്താകുമെന്ന് ഉറപ്പാവുകയും ചെയ്തതിനപ്പുറത്തേക്കു കാര്യങ്ങള്‍ നീങ്ങുമെന്ന് ഉറപ്പാണ്.
കാറഡുക്കയിലും എന്‍മകജെയിലും സി.പി.എം, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് കക്ഷികള്‍ ഒന്നിച്ചു നിന്നതിനാല്‍ ബി.ജെ.പിയ്ക്കു ഭരണം നഷ്ടപ്പെട്ടതോടെ ജില്ലയില്‍ ബി.ജെ.പിയുടെ കൈയിലുള്ള തദ്ദേശസമിതികളുടെ എണ്ണം രണ്ടായി ചുരുങ്ങി.
മധൂരിലും ബെള്ളൂരിലും മാത്രമായി ബി.ജെ.പി ഭരണം ഇതോടെ ഒതുങ്ങിയിരിക്കുന്നു. ഈ രണ്ടുസ്ഥലങ്ങളിലും ബി.ജെ.പി ഭരണത്തിനു ഭീഷണിയൊന്നും ഇല്ലെങ്കിലും ജില്ലയിലെ ചില തദ്ദേശസ്ഥാപനങ്ങളിലെ സ്റ്റാന്റിങ് കമ്മിറ്റികളില്‍ ബി.ജെ.പി അംഗങ്ങള്‍ പുറത്തുപോകാന്‍ സാധ്യതയുണ്ട്. ഇത്തരത്തിലൊരു നീക്കത്തിന് ഇടത്-വലത് മുന്നണികള്‍ തമ്മില്‍ ധാരണകളോ ചര്‍ച്ചകളോ ഉണ്ടായിട്ടില്ലെങ്കിലും കാറഡുക്കയിലെ ടെസ്റ്റ് ഡോസും എന്‍മകജെയില്‍ നടപ്പാക്കാനിരിക്കുന്ന തീരുമാനവും ഇത്തരമൊരു നീക്കത്തിലേക്ക് ഇരുമുന്നണികളെയും എത്തിച്ചാല്‍ ചില പഞ്ചായത്തുകളില്‍ ബി.ജെ.പിക്ക് വീണ്ടും കൈപൊള്ളും.
കാറഡുക്കയിലും എന്‍മകജെയിലും സ്റ്റാന്റിങ് കമ്മിറ്റി സ്ഥാനങ്ങള്‍ കൂടി നഷ്ടമാകുന്നതോടെ ബി.ജെ.പിക്ക് രണ്ടു പഞ്ചായത്തുകളിലും വലിയ നഷ്ടമാണ് ഉണ്ടാക്കാന്‍ പോകുന്നത്.
ജില്ലയിലെ നിരവധി തദ്ദേശസ്ഥാപനങ്ങളില്‍ ഇടത്-വലത് മുന്നണികള്‍ തമ്മില്‍ ഭിന്നിച്ചു നിന്നതിനാല്‍ സ്റ്റാന്റിങ് കമ്മിറ്റി സ്ഥാനങ്ങള്‍ ബി.ജെ.പിയ്ക്കു ലഭിച്ചിരുന്നു.
കൃത്യമായ ധാരണയിലൂടെ ഇരുപക്ഷവും ഒന്നിച്ചാല്‍ ജില്ലയില്‍ ബി.ജെ.പി നേടിടാനിരിക്കുന്നത് കനത്ത തിരിച്ചടിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."