പെരിയ എയര്‍സ്ട്രിപ്പിന്റെ കാര്യത്തില്‍ അസഹിഷ്ണുത എന്തിനെന്ന് എ.ജി.സി ബഷീര്‍
കാസര്‍കോട്: പെരിയ എയര്‍സ്ട്രിപ്പ് പദ്ധതി സംബന്ധിച്ച് ബി.ജെ.പി നേതാവിന്റെ പരാമര്‍ശങ്ങളോട് വികാരഭരിതനായി പ്രതികരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍. ഇന്നലെ ജില്ലാ പഞ്ചായത്ത് യോഗത്തിന്റെ അവസാനം എയര്‍ സ്ട്രിപ്പ് എന്നൊരു പദ്ധതിയുണ്ടോയെന്നും ജില്ലാ ആസൂത്രണ സമിതി തള്ളിയ പദ്ധതിയും പൊക്കി പിടിച്ച് പ്രസിഡന്റ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബി.ജെ.പി അംഗം അഡ്വ.കെ ശ്രീകാന്തിന്റെ പരാമര്‍ശത്തിനെതിരേയാണ് പ്രസിഡന്റ് വികാരഭരിതനായി മറുപടി പറഞ്ഞത്.
1996ലാണ് ഇ.കെ നായനാര്‍ കണ്ണൂര്‍ വിമാനതാവള പദ്ധതി മുന്നോട്ടു വെക്കുന്നത്. ഇപ്പോള്‍ 22 വര്‍ഷമായി എന്നിട്ടും പദ്ധതി ഉദ്ഘാടനം ചെയ്തിട്ടില്ല. പെരിയ എയര്‍സട്രിപ്പ് നമ്മുടെ സ്വപ്ന പദ്ധതിയാണ്. അതുനടപ്പാക്കാനുള്ള പദ്ധതി നിര്‍ദേശവുമായി നാം മുന്നോട്ടു പോകുമ്പോള്‍ എന്തിനാണ് ഇത്ര അസഹിഷ്ണുത. ജില്ലാ ആസൂത്രണ സമിതി പദ്ധതി തള്ളിയല്ലോയെന്ന ശ്രീകാന്തിന്റെ ചോദ്യത്തിനു പദ്ധതിയുടെ പ്രാഥമിക നടപടികള്‍ക്കായി കാസര്‍കോട് വികസന പാക്കേജില്‍നിന്നു തുക മാറ്റിവെക്കാന്‍ കത്തുനല്‍കിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നുള്ള നിലയ്ക്കു കത്തുനല്‍കിയാല്‍ പണം ലഭിക്കുമെന്നും സിയാല്‍ മാതൃകയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്കു സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ കാര്യങ്ങള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയല്ല ജില്ലാ ആസൂത്രണ സമിതി തള്ളിയത്. പദ്ധതി നിര്‍ദേശമാണ്. ജില്ലാ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികള്‍ നടപ്പാക്കാന്‍ കൂടേ നില്‍ക്കേണ്ടവര്‍ അസഹിഷ്ണുത കാണിക്കുന്നതും ഇപ്പോള്‍ ചര്‍ച്ച കൊണ്ടുവരുന്നതും എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
പ്രളയം നടക്കുമ്പോള്‍ കലക്ടറെയും കൂട്ടി നിര്‍ദിഷ്ട പെരിയ എയര്‍സ്ട്രിപ്പ് പോയത് വലിയ ചര്‍ച്ചയായിട്ടുണ്ടെന്ന് ശ്രീകാന്ത് ചോദിച്ചപ്പോഴും കൃത്യമായ ഉത്തരവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികാരാധീനനനായി. പുതുതായി ചുമതലയേല്‍ക്കേണ്ട കലക്ടര്‍ അടിയന്തിരമായി കാസര്‍കോടെത്താന്‍ ട്രെയിന്‍ മാര്‍ഗം യാത്ര തുടര്‍ന്നപ്പോള്‍ പാതി വഴിയില്‍ പ്രളയത്തില്‍ കുടുങ്ങി.
പിന്നെ കാറിലായി യാത്ര. തൃശൂരിലെത്തിയപ്പോള്‍ കാര്‍ യാത്രയും മുടങ്ങി. അവിടെ കുടുങ്ങിയ അദ്ദേഹത്തെ പിറ്റേന്ന് കാസര്‍കോട്ടുനിന്നുപോയ കാറിലാണ് കാസര്‍കോടെത്തിച്ചത്.
കലക്ടര്‍ ചാര്‍ജെടുക്കുന്ന ദിവസം അദ്ദേഹത്തെ കണ്ടപ്പോള്‍ ജില്ലയുടെ സ്വപ്ന പദ്ധതിയേതാണെന്ന് ചോദിച്ചപ്പോള്‍ പെരിയ എയര്‍സ്ട്രിപ്പ് പദ്ധതിയാണെന്നു മറുപടി നല്‍കി. അദ്ദേഹം പദ്ധതിയുടെ വിശദവിവരം ചോദിച്ചറിഞ്ഞു. അപ്പോഴാണ് കാസര്‍കോടെക്കുള്ള യാത്രയ്ക്കിടയില്‍ പ്രളയത്തില്‍ കുടുങ്ങിയ വിവരം പങ്കുവെക്കുന്നത്.
അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് നിര്‍ദിഷ്ട എയര്‍സ്ട്രിപ്പ് സ്ഥലം കാണാന്‍ പോയത്. കലക്ടറുടെ കാസര്‍കോട്ടേക്കുള്ള യാത്ര മുടക്കിയ പ്രളയം പോലുള്ള ഘട്ടങ്ങളില്‍ പെരിയ എയര്‍സ്ട്രിപ്പ് പോലുള്ള പദ്ധതികള്‍ അനിവാര്യമാണെന്നു മനസിലാവുകയാണ്. ഭാവി തലമുറക്കെങ്കിലും ഗുണകരമാവുന്ന പദ്ധതിയായി പെരിയ എയര്‍സ്ട്രിപ്പ് മാറട്ടെയെന്നും എ.ജി.സി ബഷീര്‍ പറഞ്ഞു.
എല്ലാവരെയും വിശ്വാസത്തിലെടുത്ത് സ്വപ്നപദ്ധതിയുമായി മുന്നോട്ടു പോകണമെന്ന സി.പി.എമ്മിലെ അഡ്വ.വി.പി.പി മുസ്തഫയുടെയും ജോസ് പതാലിന്റെയും ഇടപെടലോടെയാണ് എയര്‍സ്ട്രിപ്പ് ചര്‍ച്ചകള്‍ക്ക് വിരമമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."