ബി.ജെ.പി കൗണ്‍സിലര്‍ കള്ളഒപ്പിട്ട് സീറ്റിങ്ങ് ഫീസ് വാങ്ങിയ സംഭവം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുനിസിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ചു
ഷൊര്‍ണൂര്‍ : ഷൊര്‍ണൂര്‍ നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത ബി.ജെ.പി കൗണ്‍സിലര്‍ക്കുവേണ്ടി വനിതാ ബി.ജെ.പി കൗണ്‍സിലര്‍ കള്ളഒപ്പിട്ട് സീറ്റിങ്ങ് ഫീസ് വാങ്ങിയെടുക്കാന്‍ തട്ടിപ്പുകാണിച്ച സംഭവത്തിന്‍മേല്‍ കൗണ്‍സിലര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഷൊര്‍ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ മുനിസിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ചു. വ്യാജ ഒപ്പിട്ട അംഗങ്ങളുടെ പേരില്‍ നിയമ നടപടികള്‍ എടുക്കുമെന്ന ഉറപ്പില്‍ പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ടി.കെ ഹമീദ്, വി.കെ ശ്രീകൃഷ്ണന്‍, ഷൊര്‍ണൂര്‍ വിജയന്‍, ടി.വൈ ശിഹാബുദ്ദീന്‍, കെ. കൃഷ്ണകുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ കൃഷ്ണവേണി, സുനില്‍കുമാര്‍, ലതാജോബി യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് ടി. എച്ച്. ഫിറോസ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി. അതേസമയം ബി. ജെ. പി. വനിതാ കൗണ്‍സിലര്‍ സിനി മനോജ്, മറ്റൊരു കൗണ്‍സിലര്‍ വിപിന്‍നാഥ് എന്നിവര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഷൊര്‍ണൂരിലും കുളപ്പുള്ളിയിലും പ്രകടനം നടത്തി. വ്യാജ ഒപ്പിട്ട ബി.ജെ.പി കൗണ്‍സിലര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍ വിമല പൊലിസില്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് കൗണ്‍സിലറായ സിനി മനോജ് ഒന്നാം പ്രതിയായും വിപിന്‍നാഥിനെതിരെ രണ്ടാം പ്രതിയായും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ 31 പേരാണ് പങ്കെടുത്തത്. എന്നാല്‍ ഹാജര്‍ ബുക്കില്‍ 32 പേര്‍ ഒപ്പിട്ടതായി കണ്ടെത്തി. പ്രശ്‌നം സി.പി.എമ്മിലെ എസ് ജയപാലനാണ് കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പരിശോധനക്കുശേഷം കൗണ്‍സിലര്‍ വിപിന്‍നാഥിന്റെ കോളത്തില്‍ ഒപ്പിട്ടതായി കണ്ടെത്തി. ആരാണ് ഒപ്പിട്ടതെന്ന് മറ്റു അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ബി.ജെ.പി കൗണ്‍സിലറായ സിനി മനോജ് താനാണ് ഒപ്പിട്ടതെന്ന് കൗണ്‍സില്‍യോഗത്തില്‍ സമ്മതിച്ചു. ഒപ്പിട്ടത് ബോധപൂര്‍വ്വമല്ലെന്നും അറിയാതെ തെറ്റുപറ്റിയതാണെന്നും കൗണ്‍സില്‍യോഗത്തില്‍ സിനിമനോജ് പറഞ്ഞു. മറ്റൊരാളുടെ ഒപ്പിടുന്നത് ആള്‍മാറാട്ടവും വ്യാജരേഖ ചമക്കലുമാണെന്ന് പ്രതിപക്ഷത്തിലെ വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു. ഈ സംഭവത്തോടെ ബി.ജെ.പി ഷൊര്‍ണൂര്‍ നേതൃത്വം കുരുക്കിലായിരിക്കുകയാണ്. അതേസമയം സി.പി.എമ്മിന്റേയും കോണ്‍ഗ്രസിന്റെയും ബി.ജെ.പിക്കെതിരായ രാഷ്ട്രീയ ഗൂഡാലോചനയാണ് നടക്കുന്നതെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. ഇതിനെതിരെ ശക്തമായി പ്രതിരോധിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."