ഒരു പാര്‍ട്ടിയിലേക്കുമില്ലെന്ന് കഫീല്‍ഖാന്‍; ഡോക്ടറായി തുടരും; ദുരന്തബാധിത പ്രദേശങ്ങളില്‍ സേവനം ചെയ്യാന്‍ താല്‍പര്യം
ജയ്പൂര്‍: ജയില്‍മോചിതനായതിനു പിന്നാലെ താന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഡോ. കഫീല്‍ഖാന്‍. താനൊരു ഡോക്ടറാണെന്നും എന്നും അങ്ങനെത്തന്നെ ആയിരിക്കുമെന്നും പറഞ്ഞ അദ്ദേഹം, ഒരു പാര്‍ട്ടിയിലും ചേരുന്നില്ലെന്നും വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയായിരുന്നു ഡോ. കഫീല്‍ഖാന്‍ ജയില്‍മോചിതനായിരുന്നത്. ഇദ്ദേഹത്തെ തടവിലിട്ടത് നിയമവിരുദ്ധമായാണെന്നും ഉടന്‍ മോചിപ്പിക്കണമെന്നും അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കഫീല്‍ഖാനെതിരേ യോഗി സര്‍ക്കാര്‍ ചുമത്തിയ ദേശീയ സുരക്ഷാ നിയമം കോടതി റദ്ദാക്കുകയും, അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ഐക്യത്തിനുള്ള ആഹ്വാനമാണുള്ളതെന്നും വിദ്വേഷപരാമര്‍ശങ്ങള്‍ ഇല്ലെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ യു.പിയില്‍നിന്നു താമസം മാറ്റിയ കഫീല്‍ഖാന്‍, രാജസ്ഥാനിലെ ജയ്പൂരിലാണ് ഇപ്പോഴുള്ളത്.
യു.പി സര്‍ക്കാര്‍ വീണ്ടും തന്നെ കുടുക്കാന്‍ സാധ്യതയുണ്ടെന്നു കഫീല്‍ഖാന്‍ പറഞ്ഞിരുന്നു. ഇതോടെ, ജയ്പൂരിലേക്കു താമസം മാറ്റാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി അഭ്യര്‍ഥിക്കുകയും സുരക്ഷ ഉറപ്പുനല്‍കുകയും ചെയ്യുകയായിരുന്നു.
ഇതിനു പിന്നാലെയാണ് കഫീല്‍ഖാന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നത്. അതേസമയം, ബിഹാറിലെയും അസമിലെയും പ്രളയബാധിത പ്രദേശങ്ങളില്‍ സേവനം ചെയ്യാന്‍ താല്‍പര്യമുള്ളതായും കഫീല്‍ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."