പുതുതായി സ്ഥാപിച്ച കണക്ഷന് പൊട്ടി കുടിവെളളം പാഴാകുന്നു
തളിപ്പറമ്പ്: നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തളിപ്പറമ്പ് മെയിന്‍ റോഡില്‍ പുതുതായി സ്ഥാപിച്ച ജപ്പാന് കുടിവെള്ള കണക്ഷനുകള്‍ പൊട്ടി ഒരാഴ്ചയിലേറെയായി കുടിവെളളം പാഴാകുന്നു. ഇവിടത്തെ റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള സ്ഥലത്താണ് ജലം പാഴാവുന്നത്.
തളിപ്പറമ്പ് മെയിന്‍ റോഡ് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ മൂത്തേടത്ത് സ്കൂള്‍ മുതല്‍ ന്യൂസ് കോര്‍ണര്‍ ജങ്്ഷന് വരെ ബിറ്റുമിന്‍ മെക്കാഡവും ബിറ്റുമിന്‍ കോണ്‍ക്രീറ്റും ന്യൂസ്കോര്‍ണര്‍ മുതല്‍ കപ്പാലം വരെ ബിറ്റുമിന്‍ കോണ്‍ക്രീറ്റും ചെയ്ത് നവീകരിക്കുന്നതിനുളള പ്രവൃത്തികള്‍ നടന്നു വരികയായിരുന്നു. പ്രവൃത്തി പൂര്‍ത്തിയായാല്‍ റോഡ് കീറിമുറിക്കാനുളള അനുമതി നല്‍കില്ല എന്നതിനാല്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് ഈ ഭാഗത്ത് വാട്ടര്‍ അതോറിറ്റി അധികാരികള്‍ കുടിവെളള കണക്ഷന് നല്‍കിയത്. എന്നാല്‍ പൈപ്പ്ലൈന് സ്ഥാപിച്ച് കണക്ഷന് നല്കിയ ഭാഗത്തു നിന്നും പൈപ്പ് പൊട്ടി ഒരാഴ്ചയിലേറെയായി കുടിവെളളം പാഴാകുകയാണ്.
ഈ ഭാഗത്ത് ആവശ്യമായ രീതിയില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കാത്തതിനാല് വാഹനങ്ങള്‍ കടന്നുപോകുമ്പോഴാണ് പൈപ്പുകള്‍ പൊട്ടുന്നത്. ഈ നിലയില്‍ മെക്കാഡം ടാര്ചെയ്താലും ഇതുതന്നെയാകും അവസ്ഥ. നാട്ടുകാര്‍ നിരന്തരമായി ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. കുടിവെള്ളക്ഷാമം രൂക്ഷമായ ഇക്കാലത്ത് ലിറ്ററുകളോളം വെള്ളം പാഴാകുന്നത് തടയാന്‍ തയാറാകാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പൈപ്പുകള്‍ ശരിയാക്കാനും കുഴിയെടുത്ത ഭാഗം വേണ്ടരീതിയില്‍ ഉറപ്പിക്കുന്നതിനും അധികാരികളുടെ ഭാഗത്തു നിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."