മാതൃകയായി കുടുംബശ്രീ പാചകപ്പുര
കാക്കനാട്: ടണ്‍ കണക്കിനു ചാക്ക് അരിയടക്കം പച്ചക്കറികള്‍ വരെ സുലഭമായി സ്റ്റോക്കുകളുള്ള സംഭരണ കേന്ദ്രത്തില്‍ നിന്നും ദുരിത ബാധിതര്‍ക്കുള്ള ഒരു മണി അരി പോലും ദുരുപയോഗം ചെയ്യരുതെന്ന ജില്ലാ കലക്ടര്‍ മുഹമ്മദ് സഫിറുല്ലയുടെ നിര്‍ദേശം അനുസരിച്ചുകൊണ്ട് മാതൃകയായി കുടുംബശ്രീ പാചകപ്പുര.
സംഭരണ കേന്ദ്രങ്ങളായ കലക്ട്രേറ്റിലെയും നഗരസഭ കമ്യൂണിറ്റി ഹാളിലേയും, കെ.ബി.പി.എസ് ഗോഡൗണിലേയും ഭക്ഷണ സാധനങ്ങള്‍ തരംതിരിച്ച് പാക്ക് ചെയ്യുന്ന സന്നദ്ധ സേവകര്‍ക്ക് ഭക്ഷണം ഒരുക്കുന്നതിനുള്ള സാധനങ്ങള്‍ കുടുംബശ്രീ പുറമെ നിന്നും പണം കൊടുത്തു വാങ്ങിയാണ് പാചകം ചെയ്യുന്നത്. ഇന്നലെ രണ്ടായിരത്തോളം സന്നദ്ധ സേവകര്‍ക്ക് ഭക്ഷണം പാചകം ചെയ്തു.
ചോറും സാമ്പാറും തോരനുമായിരുന്നു ഉച്ച ഭക്ഷണമെങ്കില്‍ പഴംപൊരിയും കട്ടന്‍ ചായയുമായിരുന്നു വൈകിട്ട് നല്‍കിയത്. കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷകളായ രജിത ദിനേശന്‍, മിനി മോഹനന്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ സുഹറ ഹമീദ്, നിഷ ശ്രീജന്‍, മുംതാസ് ഷെരീഫ്, ദില്‍ഷാദ ആഷിഖ്, എന്നിവരാണ് പാചകത്തിനു നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."