കുടിവെള്ള സ്രോതസുകള്‍ മാലിന്യവിമുക്തമാക്കാന്‍ കര്‍മപദ്ധതിയുമായി ജില്ലാഭരണകൂടം
കാക്കനാട്: ജില്ലയിലെ കുടിവെള്ളസ്രോതസുകള്‍ മാലിന്യവിമുക്തമാക്കാന്‍ പഞ്ചായത്തുതലത്തില്‍ കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചു. പ്രളയം ഏറ്റവുമധികം ദുരിതം വിതച്ച താലൂക്കുകളിലെ അതീവപ്രശ്‌നബാധിത പഞ്ചായത്തുകളില്‍ കുടിവെള്ളശുചീകരണ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ളയുടെ അധ്യക്ഷതയില്‍ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് യോഗം ചേര്‍ന്നു. മുന്‍ തൃശ്ശൂര്‍ ജില്ലാകലക്ടറും വാട്ടര്‍ അതോറിറ്റി എം.ഡിയുമായിരുന്ന ഡോ.വി.കെ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനവും പ്രവര്‍ത്തനവും ഏകോപിപ്പിക്കുക. കുടിവെള്ള സ്രോതസിലെ ഭൗതികവും രാസപരവും ജൈവികവുമായ ഘടകങ്ങളെ ആശ്രയിച്ചാണ് ഓരോ പ്രദേശത്തെയും ശുചീകരണനടപടി തീരുമാനിക്കുന്നത്. ആരോഗ്യവകുപ്പ് കണ്ടെത്തി പരിശീലനം നല്‍കിയ വളണ്ടിയര്‍മാരെ വാര്‍ഡുതലത്തില്‍ വിന്യസിച്ച് അതതു പ്രദേശത്തെ കുടിവെള്ളത്തിന്റെ ഗുണനിലവാരം രേഖപ്പെടുത്തും. പൊതു ആരോഗ്യകേന്ദ്രങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ഉള്‍പ്പെടുത്തി വളണ്ടിയര്‍മാര്‍ക്ക് ബോധവല്‍കരണ ക്ലാസ്സ് നല്‍കാനും ആലോചനയുണ്ട്.
പല പഞ്ചായത്തുകളിലും സൂപ്പര്‍ ക്ലോറിനേഷന്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. കൂടാതെ ആലം ഉപയോഗിച്ച് ജലം ശുദ്ധീകരിക്കുന്നവരുമുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലെ കിണറുകള്‍ ശക്തി കുറഞ്ഞ മോട്ടോറുകള്‍ ഉപയോഗിച്ച് സാവധാനമേ വറ്റിക്കാവൂ. അല്ലാത്തപക്ഷം കിണറുകള്‍ ഇടിയാന്‍ സാധ്യതയുണ്ടെന്ന് യോഗം മുന്നറിയിപ്പു നല്‍കി. കുസാറ്റിലെ സ്‌കൂള്‍ ഓഫ് എന്‍വിഓണ്‍മെന്റ് സ്റ്റഡീസ് ദിവസേന 100 ജല സാമ്പിളുകള്‍ പരിശോധിക്കാനുള്ള സൗകര്യം ഒരുക്കിയതായി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ജലവിതരണത്തിന്റെ 90 ശതമാനം പുന:സ്ഥാപിച്ചതായി വാട്ടര്‍ അതോറിറ്റി അധികൃതരും അറിയിച്ചു.
യൂനിസെഫ് വാഷ് സ്‌പെഷലിസ്റ്റ് നാഗേന്ദ്രപ്രസാദ് സിങ്, ഹെല്‍ത്ത് സ്‌പെഷലിസ്റ്റ് ഡോ.എം.ജഗദീശന്‍, ദേശീയ ആരോഗ്യദൗത്യം സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ.എം.ശ്രീഹരി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ പി.ഡി.ഷീലാദേവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.കെ.കുട്ടപ്പന്‍, അഡീ.ഡി.എം.ഒ. ഡോ.എസ്.ശ്രീദേവി, ഡോ.മാത്യു, പ്രളയബാധിതപ്രദേശങ്ങളിലെ ജനപ്രതിനിധികള്‍, വാട്ടര്‍ അതോറിറ്റി അധികൃതര്‍, ആരോഗ്യ സമുദ്രവിജ്ഞാനരംഗത്തെ ഗവേഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."