കേബിള്‍ കുരുക്ക്; ഇരുചക്രവാഹനയാത്രികര്‍ ഭീതിയില്‍
കൊച്ചി: ഇരുചക്ര വാഹനയാത്രികര്‍ക്ക് ഭീഷണിയായി നഗരങ്ങളില്‍ പൊട്ടിയും താഴ്ന്നു കിടക്കുന്നതുമായ കേബിളുകള്‍. ജില്ലയിലെമ്പാടും നിരവധി സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ അപകടകരമായവിധം വിവിധ കമ്പനികളുടെ കേബിളുകള്‍ താഴ്ന്ന് കിടക്കുന്നത്. ഇങ്ങിനെ കിടക്കുന്ന കേബിളുകളില്‍ തട്ടി അപകടമുണ്ടാകുന്നതും പതിവ് കാഴ്ച്ചയാണ്. ഇന്നലെ തൃക്കാക്കര കങ്ങരപ്പടിയില്‍ ഇരുചക്രവാഹന യാത്രികന്‍ പൊട്ടിക്കിടന്ന കേബിളില്‍ തട്ടി അപകടത്തില്‍പെട്ടിരുന്നു. കേബിളില്‍തട്ടിയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
ഇത് ഒറ്റപ്പെട്ട അപകടമാണെന്നു കരുതരുത്. റോഡില്‍ വീണുകിടന്ന കേബിളില്‍ ഇരുചക്ര വാഹനം കുരുങ്ങിയുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമായ സംഭവങ്ങളുണ്ട്. ഗുരുതരമായി പരുക്കേറ്റവരുണ്ട്. അപ്പോഴെല്ലാം ജില്ലയിലെ കേബിള്‍ കുരുക്കുകളെക്കുറിച്ച് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. അവര്‍ അതൊന്നും ഗൗനിക്കുന്നില്ലെന്നതിനു തെളിവാണു ഇന്നലെ നടന്ന അപകടം.
നിരവധി കമ്പനികളുടെ കേബിളുകള്‍ റോഡിനിരുവശവും തലങ്ങും വിലങ്ങും വലിച്ചിട്ടുണ്ട്. എന്നാല്‍ യാത്രക്കാര്‍ക്ക് അപകടമുണ്ടാകുമ്പോള്‍ ഈ കേബിളുകള്‍ക്ക് ഉടമസ്ഥരുണ്ടാവില്ല. കേബിള്‍ മുറിഞ്ഞു കിടന്നാലും ഉടയോരില്ല. നഗരത്തിന്റെ മുഖം വികൃതമാക്കുന്നതില്‍ മുന്നിലാണു തലങ്ങും വിലങ്ങും വലിച്ച കേബിളുകള്‍. ഇന്ത്യന്‍ നഗരങ്ങളുടെ മാത്രം കാഴ്ചയാണിത്. വൈദ്യുതി പോസ്റ്റുകളില്‍ കേബിള്‍ വലിക്കാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിനു പണം നല്‍കണമെന്നാണു നിയമം. എന്നാല്‍ നഗരത്തിലെ വൈദ്യുതി പോസ്റ്റുകളില്‍ വലിച്ച അസംഖ്യം കേബിളുകളില്‍നിന്നു ബോര്‍ഡിന് വരുമാനം ലഭിക്കുന്നില്ലെന്നു വൈദ്യുതി വകുപ്പ് അധികൃതര്‍ പറയുന്നു. ഇതിനു പുറമേ, സ്വന്തം നിലയില്‍ പോസ്റ്റുകളിട്ടു വലിച്ച കേബിളുകളുമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് കേബിള്‍ വലിക്കാന്‍ അനുമതി നല്‍കേണ്ടത്. എന്നാല്‍ ഇതൊന്നുമില്ലാതെയാണ് കേബിളുകല്‍ മിക്ക സ്ഥലങ്ങളിലും വലിച്ചിരിക്കുന്നത്.
കേബിള്‍ ടിവി കമ്പനികളുടെ കേബിള്‍ മുറിക്കല്‍ പലപ്പോഴും നാട്ടുകാര്‍ക്ക് അപകടമുണ്ടാക്കാറുണ്ട്. എതിരാളിയുടെ കേബിള്‍ മുറിച്ചിടും. മുറിഞ്ഞ കേബിളിനു പകരം പുതിയതു വലിക്കും. മുറിച്ചിട്ടത് അതുപോലെ കിടക്കും. ഇത്തരം കേബിളുകള്‍ വലിയ അപകടങ്ങള്‍ക്കു കാരണമാവും. ഇത്തരം കേബിളുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണവകുപ്പ് സ്വികരിക്കാത്തതാണ് അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നതിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."