അഞ്ചങ്ങാടി-വിളക്കുംകാല്‍ റോഡിലെ ദുരിതയാത്രക്ക് ഇനിയും പരിഹാരമായില്ല
അന്തിക്കാട്: അഞ്ചങ്ങാടി-വിളക്കുംകാല്‍ റോഡിലെ ദുരിതയാത്രക്ക് ഇനിയും പരിഹാരമായില്ല. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. റോഡ് നിര്‍മാണത്തിനായി കൊണ്ടുവന്ന കല്ല് ഏഴു മാസത്തിലേറെയായി റോഡരികില്‍ കൂട്ടിയിട്ട നിലയിലാണ്.
റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം നഷ്ടപ്പെടുകയായിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളൂവെന്നാന്ന് അധികൃതര്‍ പറയുന്നത്.
നിരവധി സ്കൂള്‍ കുട്ടികളുള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാരും വാഹനങ്ങളും ആശ്രയിക്കുന്ന പ്രധാന റോഡാണിത്.
തകര്‍ന്ന റോഡില്‍ വലിയ കുഴികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാത്രിയില്‍ അപകട സാധ്യത ഏറെയാണ്. അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട് വര്‍ഷങ്ങളായി. റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കാനായി നിര്‍മിച്ച കാനയുടെ പണി പാതിവഴിയില്‍ നിലച്ചു.
ഇതോടെ വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോള്‍ കാനകോരിയ കുഴിയിലേക്ക് മറിയാനുള്ള സാധ്യത കൂടുതലാണ്. കരാറുകാരന്റെ അനാസ്ഥയാണ് കാനനിര്‍മാണം പാതിവഴിയില്‍ നിലയ്ക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനാല്‍ നിര്‍മാണം നിര്ത്തിവയ്ക്കുകയായിരുന്നുവെന്നാണ് കരാറുകാരന് പറയുന്നത്. റോഡില്‍ നിര്‍മിച്ച കലുങ്കും യാത്രക്കാര്‍ക്ക് ദുരിതമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."