പ്ലാസ്റ്റിക് മാലിന്യസംസ്‌കരണത്തില്‍ മാതൃകയായി മണലൂര്‍ പഞ്ചായത്ത്
അന്തിക്കാട്: മാലിന്യ സംസ്‌കരണത്തില്‍ വേറിട്ട പാതയിലൂടെ സഞ്ചരിച്ച് മണലൂര്‍ പഞ്ചായത്ത്. വീടുകള്‍, സ്ഥാപനങ്ങള്‍, എന്നിവിടങ്ങളില്‍ നിന്ന് പുറം തള്ളുന്ന പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍ എന്നിവ ശേഖരിച്ച് വേര്‍തിരിച്ച് മെഷിനില്‍ പൊടിച്ച് ആ പൊടി പഞ്ചായത്തിന്റെ റോഡ് ടാറിങിലെ മിശ്രിതമാക്കി ഉപയോഗിച്ചാണ് മണലൂര്‍ മറ്റു പഞ്ചായത്തുകള്‍ക്ക് മാതൃകയാകുന്നത്. സമീപ പഞ്ചായത്തുകളിലെ റോഡുകള്‍ ടാര്‍ ചെയ്യുന്നതിന് 1500 കിലോ പ്ലാസ്റ്റിക് പൊടി വില ഈടാക്കി നല്‍കുവാനും ഇതിനകം മണലൂര്‍ പഞ്ചായത്തിന് സാധിച്ചു.
കൂടാതെ പ്ലാസ്റ്റിക് കവറുകളും കുപ്പികളും ബെയിലിങ് മെഷിന്‍ ഉപയോഗിച്ച് ബെയ്ല്‍ ചെയ്തു സൂക്ഷിക്കുന്നു.വീടുകളില്‍നിന്ന് ശേഖരിച്ച ബാഗുകള്‍, ചെരുപ്പുകള്‍, കുപ്പികള്‍, എന്നിവ തരം തിരിച്ച് ക്ലീന്‍ കേരളക്ക് നല്‍കാനും സജ്ജമാക്കിയിട്ടുണ്ട്.
ശാസ്ത്രീയ രീതിയില്‍ ബെയ്ല്‍ ചെയ്ത പ്ലാസ്റ്റിക് കെട്ടുകള്‍ റീസൈക്കിളിങിനായി ക്ലീന്‍ കേരള കമ്പനിക്ക് അടുത്ത ദിവസം കൈമാറും. ശേഖരിച്ച ആറ് ലോഡ് മാലിന്യവസ്തുക്കളാണ് ശാസ്ത്രീയ രീതിയില്‍ ക്ലീന്‍ ചെയ്ത് കൈമാറുന്നത്.
ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ 19 വാര്‍ഡുകളില്‍ നിന്നായി 38 അംഗങ്ങളാണ് മാലിന്യ മുക്തപഞ്ചായത്ത് എന്ന ലക്ഷ്യം നേടാനായി ഇത്തരം പ്രവര്‍ത്തനങ്ങളുമായി രംഗത്തുള്ളത്.
പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് കെ.വി സുനിത, സംസ്‌കരണ യൂനിറ്റ് പ്രവര്‍ത്തിക്കുന്ന അഞ്ചാം വാര്‍ഡിലെ അംഗം ജനാര്‍ദ്ദനന്‍ മണ്ണുമ്മല്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ഏറെ ശ്രമകരമായിട്ടാണ് ലക്ഷ്യം പൂര്‍ത്തീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."