ആംബുലന്‍സിലെ പീഡനം: ജി.പി.എസ് രേഖ നിര്‍ണായകം
തിരുവല്ല: ആംബുലന്‍സില്‍ കോവിഡ് ബാധിതയായ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ജി.പി.എസ് രേഖ നിര്‍ണായക തെളിവാകുന്നു. ആറന്മുള നാല്‍ക്കാലക്കലില്‍ വിമാനത്താവള പദ്ധതി ഭൂമിയില്‍ 15 മിനിറ്റോളം വാഹനം നിര്‍ത്തിയിട്ടതായി വ്യക്തമായി. കേസില്‍ ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് ആലോചന.
108 ആംബുലന്‍സുകള്‍ ജി.പി.എസ് ഘടിപ്പിച്ചവയാണ്. ഇതുവഴി വാഹനത്തിന്റെ ഓരോ നീക്കവും കൃത്യമായി മനസിലാക്കാനാകും. പീഡനം നടന്ന സമയം വാഹനം ഇവിടെ ഉണ്ടായിരുന്നെന്ന് ഗൂഗിള്‍ മാപ്പിങ് വഴി വ്യക്തമായി. അടൂരില്‍നിന്ന് കോവിഡ് ബാധിച്ച വീട്ടമ്മയെയും യുവതിയെയും കൊണ്ട് പന്തളം വഴിയാണ് ആറന്മുളയിലേക്കു പോയത്. എന്നാല്‍ പന്തളത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മന്റ് സെന്ററില്‍ യുവതിയെ ഇറക്കിയിരുന്നില്ല.
വാഹനത്തിന്റെ റൂട്ട്മാപ്പും ജി.പി.എസ് സംവിധാനം വഴി ലഭ്യമായിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. പട്ടികജാതി പീഡന നിരോധന നിയമം കൂടി ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ അന്വേഷണം അടൂര്‍ ഡിവൈ.എസ്.പിക്കു കൈമാറിയിട്ടുണ്ട്. പീഡനത്തിനിരയായ യുവതിയുടെ മാനസികനില വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. കൗണ്‍സിലിങിലൂടെ മാനസിക സമ്മര്‍ദം പരിഹരിച്ചാല്‍ മാത്രമേ യുവതിയില്‍ നിന്ന് കൂടുതല്‍ വിവരം നേടാന്‍ സാധിക്കൂ എന്ന് ജില്ലാ പൊലിസ് മേധാവി കെ.ജെ സൈമണ്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ സമരങ്ങള്‍ ശക്തമായി. ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണ് ആറന്മുളയില്‍ സംഭവിച്ചതെന്ന് പന്തളത്ത് ഇന്നലെ ഉപവാസം നടത്തിക്കൊണ്ട് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."