മില്‍മ മേഖലാ പൊതുയോഗവും അവാര്‍ഡുദാനവും നാളെ
കൊല്ലം: തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‍പ്പാദക യൂനിയന്റെ (മില്‍മ) 32-ാമത് വാര്‍ഷിക പൊതുയോഗവും നന്ദിയോട് രാജന്‍ സ്മാരക അവാര്‍ഡ് ദാനവും നാളെ രാവിലെ 10.30ന് കൊല്ലം കലക്ടറേറ്റിന് സമീപം സുമംഗലി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് മില്‍മ മേഖലാ ചെയര്‍മാന്‍ കല്ലട രമേശ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം മില്‍മ വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികള്‍ക്കു നല്‍കിവരുന്ന നന്ദിയോട് രാജന്‍ സ്മാരക അവാര്‍ഡിന് ഈ വര്‍ഷം അര്‍ഹനായത് സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്ക് നിസ്തുല സംഭാവനകള്‍ നല്‍കിയ മുന്‍ കൃഷിവകുപ്പ് ഡയറക്ടര്‍ ആര്‍. ഹേലിയാണ്. 25,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ. കെ. രാജു അവാര്‍ഡ് സമ്മാനിക്കും. 869 ആനന്ദ് മാതൃകാ ക്ഷീരസംഘങ്ങള്‍ നിലവില്‍ യൂനിയനില്‍ അംഗങ്ങളായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേഖലാ യൂനിയന്റെ 2017-18-ലെ വിറ്റുവരവ് 903.11 കോടിരൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 87.15 കോടി രൂപ അധികമാണ്. 964.57 കോടിരൂപയുടെ വിറ്റുവരാണ് അടുത്ത സാമ്പത്തികവര്‍ഷം ലക്ഷ്യമിടുന്നത്.
2017-ല്‍ തിരുവനന്തപുരം മില്‍മയുടെ പ്രവര്‍ത്തന പരിധിയിലുള്ള കൊല്ലം, ആലപ്പുഴ പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ നിന്നുമുള്ള ക്ഷീരസംഘങ്ങള്‍ വഴി പ്രതിദിനം 320,000 ലിറ്റര്‍ പാല്‍ സംഭരിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം അധികമാണിത്. ഇതിനുപുറമെ ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്റീവായി മൂന്നു കോടി രൂപ വിതരണം ചെയ്തു. ക്ഷീരസംഘങ്ങളിലെ ജീവനക്കാര്‍ക്ക് സ്റ്റാഫ് ഇന്‍സെന്റീവ് ഇനത്തില്‍ 59.6 ലക്ഷം രൂപ നല്‍കി. ഏറ്റവും മികച്ച ക്ഷീരസംഘത്തിനുള്ള കോയിവിള വിജയന്‍ സ്മാരക ട്രോഫിക്ക് ഈ വര്‍ഷം പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ക്ഷീരസംഘമാണ് അര്‍ഹമായത്. മില്‍മ ജീവനക്കാര്‍ 40 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
6.5 കോടി രൂപ ദുരിതാശ്വാസത്തിനായി വിനിയോഗിക്കുമെന്നും കല്ലട രമേശ് വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ മില്‍മ എം.ഡി കെ.ആര്‍ സുരേഷ്ചന്ദ്രന്‍, വി. വേണുഗോപാലകുറുപ്പ്, എസ്. സദാശിവന്‍പിള്ള, കരുമാടി മുരളി, അയ്യപ്പന്‍നായര്‍, കെ. രാജശേഖരന്‍, ടി. സുശീല, ലിസി മത്തായി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."