പ്രസിഡന്റ് പദവിയില്‍ തര്‍ക്കം; പഞ്ചായത്ത് ഭരണം തുലാസില്‍
ചവറ: തേവലക്കര പഞ്ചായത്തില്‍ പ്രസിഡന്റിനെച്ചൊല്ലിയുളള അധികാര വടം വലിയില്‍ പഞ്ചായത്ത് ഭരണം പ്രസിസന്ധിയിലായി.
യു.ഡി.എഫിലെ ജോസ് ആന്റണിയാണ് നിലവില്‍ പ്രസിഡന്റ്. ജോസ് ആന്റണി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി സ്വതന്ത്ര സ്ഥനാര്‍ഥിയായി മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസ് വിമതനും ഇപ്പോള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ രാജേഷാണ് രംഗത്തെത്തിയിരിക്കുന്നത്.
രണ്ടര വര്‍ഷക്കാലം കഴിയുമ്പോള്‍ പ്രസിഡന്റ് പദവി ഒഴിഞ്ഞ് തന്നെ പ്രസിഡന്റാക്കാമെന്ന ഉടമ്പടിയിലാണ് ജോസ് ആന്റണിക്ക് പ്രസിഡന്റ് സ്ഥാനം നല്‍കിയതെന്നും രേഖാ മൂലം ജോസ് ആന്റണി മാറാമെന്ന് ഉറപ്പ് നല്‍കിയതായും രാജേഷ് പറയുന്നു.
എല്‍.ഡി.എഫിന് പതിനൊന്നും യു.ഡി.എഫിന് പത്തും രണ്ട് സ്വതന്ത്രരുമുള്ള ഇരുപത്തിമൂന്നംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ സ്വതന്ത്രരുടെ പിന്‍തുണയോടെയാണ് ഭരണം യു.ഡി.എഫ് നേടിയത്.
രണ്ടരവര്‍ഷക്കാലം കഴിയുമ്പോള്‍ തന്നെ പ്രസിന്റാക്കാമെന്ന് ഉടമ്പടി നിലവിലെ പ്രസിഡന്റ് തെറ്റിച്ചിരിക്കുകയാണന്ന് രാജേഷ് ആരോപിക്കുന്നു.
ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയും ഉടമ്പടി പ്രകാരം ജോസ് ആന്റണി പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് കെ.പി.സി.സി നേതൃത്വം കത്ത് മുഖേന ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പദവി വിട്ടൊഴിയാന്‍ പഞ്ചായത്ത് പ്രസിഡന്റ് തയ്യാറാകാത്ത സാഹചര്യത്തില്‍ തന്റെ പിന്‍തുണ പിന്‍വലിക്കുകയാണന്നും തന്നൊടൊപ്പം പഞ്ചായത്തംഗങ്ങളായ സുനിത ഓമനക്കുട്ടന്‍,ഷൈന സുമേഷ്, തേവലക്കര ബക്കര്‍, ജോസ് ഹെന്‍ട്രി എന്നിവരും ഉണ്ടന്നും രാജേഷ് പറയുന്നു.
പതിനൊന്ന് സീറ്റുകളുള്ള എല്‍.ഡി.എഫ് അന്ന് പഞ്ചായത്ത് ഭരണം ഉറപ്പിക്കാന്‍ ശ്രമം നടത്തുന്നതിനിടയില്‍ കോണ്‍ഗ്രസുമായി സൗന്ദര്യപ്പിണക്കത്തിലായിരുന്ന രാജേഷിനെ അനുനയിപ്പിച്ച് അദ്ദേഹത്തിന്റെ പിന്‍തുണ ഉറപ്പിച്ച് യു.ഡി.എഫ് ഭരണം ഉറപ്പിക്കുകയായിരുന്നു. ഇപ്പോള്‍ രാജേഷിനൊപ്പം നില്‍ക്കുന്ന നാല് പേരില്‍ രണ്ടംഗങ്ങളായ ഷൈന സുമേഷ്, സുനിത ഓമനക്കുട്ടന്‍ പരസ്യമായി ജോസ് ആന്റണിക്ക് പിന്‍തുണ പിന്‍വലിച്ച് രംഗത്തെത്തിയത് യു.ഡി.എഫ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
ഇതിനിടയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കൂറ് മാറ്റം മൂലം കേസ് നേരിടുന്ന രാജേഷിനെ പ്രസിഡന്റാക്കാനുള്ള നീക്കത്തിനെതിരേ യു.ഡി.എഫിലെ ചില നേതാക്കളുടെ ഭാഗത്ത് നിന്നും ചില പഞ്ചായത്തംഗങ്ങളിലും മുറുമുറുപ്പുണ്ടന്ന സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."