സ്വര്‍ണക്കടത്ത് കേസ്: ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി ഇ.ഡി ഓഫീസില്‍ ഹാജരായി
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫിസില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് ഹാജരായത്. 9.25 ഓടുകൂടിയാണ് ബിനീഷ് ഇഡി ഓഫീസിലെത്തിയത്. 11 മണിക്ക് ഹാജരാകാനായിരുന്നു നിര്‍ദേശം. അല്‍പ്പസമയത്തിനകം ചോദ്യം ചെയ്യല്‍ ആരംഭിക്കും.
ബിനീഷിന്റെ രണ്ടു സ്ഥാപനങ്ങളെക്കുറിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ളത്. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണകള്ളക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ എന്നാണ് സൂചന.
സ്വര്‍ണക്കടത്ത് സംഘത്തിന് ഫണ്ട് കണ്ടെത്താന്‍ ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ സഹായം തേടിയതായും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. മുഖ്യസൂത്രധാരനായ കെ.ടി റമീസ് വഴിയായിരുന്നു ഈ മയക്കുമരുന്നുമാഫിയയുമായി ബന്ധപ്പെട്ടത്.
കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് ഉള്‍പ്പെട്ട മയക്കുമരുന്ന് റാക്കറ്റ് ബംഗളൂരുവില്‍ പിടിയിലായ ശേഷമുള്ള ചോദ്യം ചെയ്യലിലാണ് കെ.ടി റമീസുമായും, ബിനീഷ് കോടിയേരിയുമായും അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് മനസ്സിലായത്. ബിനീഷ് തന്റെ ഹോട്ടല്‍ തുടങ്ങാന്‍ 6 ലക്ഷം രൂപ സഹായിച്ചിട്ടുണ്ടെന്നും അനൂപ് മൊഴി നല്‍കി. പിന്നീട് ബംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ്സ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത വിവരവും പുറത്ത് വന്നു. എന്നാല്‍ വാര്‍ഷിക റീട്ടേണുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രകമ്പനികാര്യമന്ത്രാലയം കമ്പനിയുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിംഗ് പേയ്‌മെന്റുകള്‍ക്കായി ചുമതലപ്പെടുത്തിയിരുന്ന UAFX എന്ന സ്ഥാപനത്തിന് പിന്നിലും ബിനീഷിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ കമ്പനിയെ കോണ്‍സുലേറ്റിന് പരിചയപ്പെടുത്തിയത് താനാണെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."