അപകടമൊഴിയാതെ നാദാപുരം സംസ്ഥാനപാത
നാദാപുരം: സംസ്ഥാനപാതയില്‍ അപകടം പതിവാകുന്നു. ഇരിങ്ങണ്ണൂര്‍ മുതല്‍ മൊകേരി വരെയുള്ള സംസ്ഥാന പാതയാണ് വാഹനങ്ങളുടെ മത്സരയോട്ടവും അമിതവേഗതയും കാരണം മനുഷ്യജീവന് ഭീഷണിയാകുന്നത്. ഇവിടെ ഒരുമാസത്തിനുള്ളില്‍ പൊലിഞ്ഞത് നാലു ജീവനുകളാണ്.
ഇന്നലെ ആവോലത്തുണ്ടായ അപകടവും അമിത വേഗതമൂലം ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ കടയിലേക്കിറങ്ങിയ നാദാപുരത്തെ വ്യാപാരി കുറ്റിയില്‍ കുമാരനെ വിവാഹ സംഘവുമായി എത്തിയ ടൂറിസ്റ്റ് ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ ഇയാള്‍ തല്‍ക്ഷണം മരിച്ചു. എയര്‍പോര്‍ട്ട് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായി അഞ്ചു വര്‍ഷം കഴിയുന്നതിനിടെ മുപ്പതിലധികം ജീവനുകളാണ് റോഡില്‍ പൊലിഞ്ഞത്.
അമിത വേഗതയും കാല്‍നടയാത്രക്കാര്‍ക്കുള്ള സംവിധാനവും റോഡിനു ഇരുവശവുമില്ലാത്തതാണ് അപകടത്തിന്റെ തോതുയര്‍ത്തുന്നത്. അപകടത്തില്‍പെടുന്നവരില്‍ ഏറെയും കാല്‍ നടയാത്രക്കാരാണ്.
ഈയിടെ മൊകേരിയിലും പയന്തോങ്ങിലും,തൂണേരി വേറ്റുമ്മലും അപകടത്തില്‍പെട്ടു മരണപ്പെട്ടതിന്റെ നടുക്കം മാറുന്നതിനു മുമ്പാണ് പുതിയ അപകടം. ഇതിനിടയില്‍ നാദാപുരത്തെ പൊലിസ് കണ്‍ട്രോള്‍ റൂം സംവിധാനം കാര്യക്ഷമമല്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അമിതവേഗതയിലോടുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഇന്നലെ മരണമടഞ്ഞ കുമാരന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്നലെ ഉച്ചമുതല്‍ നാദാപുരം ,ആവോലം എന്നിവിടങ്ങളില്‍ വ്യാപാരികള്‍ കടകളടച്ചു ഹര്‍ത്താല്‍ ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."