തിരുവനന്തപുരം വിമാനത്താവളത്തില്‍ പത്ത് കിലോ സ്വര്‍ണം പിടികൂടി
തിരുവനന്തപുരം: ദുബൈയില്‍ നിന്നെത്തിച്ച പത്തുകിലോ സ്വര്‍ണം പുറത്തുകടത്താന്‍ ശ്രമിച്ച കരാര്‍ ജീവനക്കാരനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് പിടികൂടി. കരിക്കകം സ്വദേശി അനീഷ്കുമാറാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നരക്കാണ് സംഭവം. പത്തുകിലോ സ്വര്‍ണം 82 സ്വര്‍ണ ബിസ്ക്കറ്റുകളാക്കി മൊബൈല്‍ ഫോണിന്റെയും പഴ്സിന്റെയും രൂപത്തില്‍ പൊതിഞ്ഞാണ് കടത്താന്‍ ശ്രമിച്ചത്.
ദുബൈയില്‍നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ എത്തിയ ബീമാപ്പള്ളി സ്വദേശി സുധീറാണ് സ്വര്‍ണം കൈമാറിയതെന്ന് ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തേ വിമാനത്താവള ജീവനക്കാര്‍ തന്നെ സ്വര്‍ണക്കടത്തിന് കണ്ണിയാകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ശന നിരീക്ഷണമാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. എയര്‍പോര്‍ട്ടിന് പുറത്തേക്ക് ഇയാള്‍ ധൃതിയില്‍ പോകുന്നതിനിടെ സംശയം തോന്നിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ അനീഷിനെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഇതിനിടയില്‍ സ്വര്‍ണം ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കാനും ശ്രമം നടത്തി. ഇയാളുടെ പോക്കറ്റില്‍ നിന്ന് 6.85 കിലോയും ചവറ്റുകുട്ടയില്‍നിന്ന് 3.15 കിലോയും പിടിച്ചെടുത്തു. പ്രതിയെ ഡി.ആര്.ഐ ( ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) അധികൃതര്‍ക്ക് കൈമാറി.
മുന്‍പ് അഞ്ചുതവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തി. ഒരു കിലോക്ക് അരലക്ഷം രൂപയായിരുന്നു പ്രതിഫലം. എയര്‍പോര്‍ട്ടിലെ ടോയ്ലറ്റില് നിന്നാണ് സ്വര്‍ണം ലഭിച്ചതെന്നായിരുന്നു അനീഷ് ആദ്യം പറഞ്ഞത്. എന്നാല്‍ വിമാനത്തിലെത്തിയ യാത്രക്കാരന് ഇയാള്‍ക്ക് സ്വര്‍ണം കൈമാറുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."