എല്‍.പി അറബിക് ഓണ്‍ലൈന്‍ ക്ലാസ്; വിദ്യാര്‍ഥികളോട് വിദ്യാഭ്യാസ വകുപ്പിന്റെ വഞ്ചന
പെരിന്തല്‍മണ്ണ: ഏറെനാളത്തെ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞദിവസം വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ അറബിക് എല്‍.പി ക്ലാസുകള്‍ ആരംഭിച്ചെങ്കിലും പഠനംതുടങ്ങിയത് രണ്ടാംയൂനിറ്റ് മുതല്‍. ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളിലും ആദ്യ യൂനിറ്റ് ഒഴിവാക്കി രണ്ടാം യൂനിറ്റ് മുതലാണ് ക്ലാസുകളാരംഭിച്ചത്. ഇതോടെ, വിക്ടേഴ്സ് ചാനലിലൂടെ മാത്രം ക്ലാസുകള്‍ കണ്ടുവരുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ നയംമൂലം പഠിക്കാന്‍ കഴിയാതെ വന്നിരിക്കുന്നത്.
മൂന്നു മാസം വൈകിയാണെങ്കിലും കഴിഞ്ഞ ദിവസം അറബിക് ക്ലാസുകള്‍ ആരംഭിച്ചതോടെ തുടക്കം മുതല്ക്കേ പാഠഭാഗങ്ങള്‍ പഠിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാര്‍ഥികളും രക്ഷിതാക്കളും.
എന്നാല്‍, ഈ പ്രതീക്ഷകളെ മങ്ങലേല്‍പ്പിക്കും വിധം ജൂണ്‍ മാസത്തില്‍ പഠനമാരംഭിച്ച മറ്റു വിഷയങ്ങളില്‍ ആദ്യ യൂനിറ്റ് എടുത്ത് തീര്‍ത്ത് രണ്ടും മൂന്നും യൂനിറ്റിലേക്ക് പ്രവേശിച്ചതുപോലെ കണ്ടാണ് അറബികിനും ആദ്യക്ലാസ് നല്‍കിയത്. ഇതോടെ, ഒന്നാം ക്ലാസില്‍ അക്ഷരം പഠിച്ചുതുടങ്ങുന്ന കുട്ടിക്ക് ആദ്യപാഠത്തിലെ അക്ഷരങ്ങളോ ഭാഷയിലെ പ്രഥമ പഠനമോ ലഭിക്കാതെ രണ്ടാം യൂനിറ്റ് ശ്രവിക്കേണ്ട അവസ്ഥയാണുള്ളത്. രണ്ടുമുതലുള്ള മറ്റു ക്ലാസുകളിലും ഒന്നാം യൂനിറ്റിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ വരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം പ്രയാസമാകുന്നമാകുന്നുവെന്ന ആക്ഷേപവുമുണ്ട്.
ഒന്നാം യൂനിറ്റില്‍ കുട്ടികള്‍ നേടേണ്ട ശേഷികള്‍ നേടാതെ രണ്ടാം യൂനിറ്റിലേക്ക് പ്രവേശിച്ചതോടെ മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഓണ്‍ലൈന്‍ ക്ലാസ് കൊണ്ട് പ്രയോജനമൊന്നുമില്ലെന്നാണ് രക്ഷിതാക്കളും അധ്യാപകരും പറയുന്നത്. അതേസമയം, വൈകിത്തുടങ്ങിയതോടെ സിലബസ് പ്രകാരം മുഴുവന്‍ പാഠഭാഗങ്ങളും എടുത്ത് തീര്‍ക്കാന്‍ കഴിയുമോയെന്ന ആശങ്കയുണ്ടെന്നും ഇതിനിടയ്ക്കാണ് പ്രയോജനം ലഭിക്കാത്ത വിധത്തില്‍ ക്ലാസുകള്‍ തുടങ്ങിയിട്ടുള്ളതെന്നും അറബിക് അധ്യാപക സംഘടനാ ഭാരവാഹികള്‍ പ്രതികരിച്ചു. അറബിക് ക്ലാസുകള്‍ക്ക് സമയം ലഭിക്കുന്നില്ലെങ്കില്‍ വിക്ടേഴ്സ് ചാനലിലെ ശനി, ഞായര്‍ ദിവസങ്ങളിലെ പുനഃപ്രക്ഷേപണമൊഴിവാക്കി ആ ദിവസങ്ങളില്‍ അറബിക് പഠനത്തിനായി മാറ്റി വയ്ക്കാവുന്നതേയുള്ളൂവെന്നും ഇവര്‍ പറഞ്ഞു.
ജൂണ്‍ മാസത്തില്‍ വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ പഠനാരംഭം കുറിച്ചതുമുതല്‍ തന്നെ അറബിക് ക്ലാസുകള്‍ എന്നുമുതല്‍ നല്കുമെന്നതിന് കൃത്യമായ മറുപടി ലഭിക്കാത്തതിനാല്‍ വിവിധ അറബി അധ്യാപക സംഘടനകള്‍ സമരരംഗത്തായിരുന്നു. തുടര്‍ന്ന് ഹൈസ്കൂള്‍ വിഭാഗത്തിന് മാത്രം ഒറ്റപ്പെട്ട ക്ലാസുകള്‍ നല്‍കിയെങ്കിലും എല്‍.പി, യു.പി. വിഭാഗങ്ങളില്‍ അറബിക് ക്ലാസുകള്‍ നല്കാന് യാതൊരു വിധ നടപടിയുമുണ്ടായിരുന്നില്ല.
ശേഷം ഏറെനാളത്തെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതലാരംഭിച്ച എല്‍.പി ക്ലാസുകളാണിപ്പോള് ക്രമരഹിതമായി തുടങ്ങിയിരിക്കുന്നത്. യു.പി വിഭാഗത്തില്‍ അഞ്ചാം ക്ലാസിന് മാത്രമാണ് ഇതുവരെ ക്ലാസുകള്‍ ലഭിച്ചതെന്നും അറബി അധ്യാപക സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."