പ്രളയകാലത്തെ ഗതാഗതവകുപ്പിന്റെ സേവനം അഭിനന്ദനാര്‍ഹം
ആലപ്പുഴ: പ്രളയദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍ മൂന്‍പന്തിയിലാണ് വാഹനഗതാഗത വകുപ്പിന്റെ സ്ഥാനവും. പ്രളയത്തിന്റെ ഓരോ ഘട്ടത്തിലും വളരെ ആസൂത്രിതമായ പ്രവര്‍ത്തനത്തിലൂടെയാണ് അവര്‍ രക്ഷാപ്രവര്‍ത്തനത്തിന് കരുത്തായത്. രക്ഷാപ്രവര്‍ത്തനത്തിനു പോയ മത്സ്യവള്ളങ്ങളുടെ ഗതാഗതത്തിന് അവസരമൊരുക്കി രക്ഷാപ്രവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദുവാകാന്‍ മോട്ടോര്‍വാഹന ഗതാഗത വകുപ്പിനായി.
പ്രളയജലം ഉയര്‍ന്നു തുടങ്ങിയെന്ന അറിയിപ്പ് വന്നതോടെ ആലപ്പുഴ, കുട്ടനാട്, ചേര്‍ത്തല താലൂക്കുകളിലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ എല്ലാം ജോലികളും നിര്‍ത്തി വള്ളങ്ങള്‍ കയറ്റാനുള്ള ഹെവി- മീഡിയം ചരക്കുവാഹനങ്ങള്‍ സംഘടിപ്പിക്കുകയെന്ന ശ്രമകരമായ ജോലി വളരെ വേഗത്തില്‍ നടപ്പാക്കി.
വള്ളങ്ങള്‍ കയറ്റിയ വണ്ടികള്‍ അര്‍ത്തുങ്കല്‍ വടക്ക് ഭാഗം മുതല്‍ അമ്പലപ്പുഴ വരെയുള്ള ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നുള്ളവയായിരുന്നു. ഒരു ഗതാഗതകുരുക്കും ഉണ്ടാകാതെ പൈലറ്റ് വാഹനങ്ങളുടെ സഹായത്തോടെയാണ് ചെങ്ങൂര്‍ കുട്ടനാട് ഭാഗങ്ങളിലേക്ക് അയക്കാനും അവരുടെ ഇടപെടല്‍ സാധ്യമാക്കി.
കുട്ടനാട് മഹാശുചീകരണത്തില്‍ പങ്കെടുക്കാനും വളണ്ടിയര്‍മാരെ എത്തിക്കാനും ഭക്ഷണസാധനങ്ങളുടെ ഗതാഗതത്തിനും അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള വാഹനങ്ങളുടെ വരവും മറ്റു ജില്ലകളില്‍നിന്നുള്ള സഹായവാഹനങ്ങളുടെ വരവ് നിയന്ത്രിക്കാനും രാപകലില്ലാതെയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ജോലിയെടുത്തത്.
ആയിരത്തോളം ചെറുതും വലുതുമായ വാഹനങ്ങളാണ് ദുരിതബാധിത മേഖലയില്‍ ആവശ്യങ്ങള്‍ക്കായി ഓടിയത്. വകുപ്പിന്റെ പല തീരുമാനങ്ങളും കര്‍ക്കശമാക്കുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും ഇത് തുടരുകതന്നെ ചെയ്യുമെന്നും ആര്‍.ടി.ഒ ഷിബു കെ ഇട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."