പെരിയ ഇരട്ടക്കൊല; സി.ബി.ഐക്ക് ഫയലുകള്‍ കൈമാറുന്നില്ല; രക്ഷിതാക്കള്‍ വീണ്ടും ഹൈക്കോടതിയില്‍
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ ഫയലുകള്‍ സി.ബി.ഐക്ക് കൈമാറാത്ത സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കള്‍ വീണ്ടും ഹൈക്കോടതിയില്‍. നിരവധി തവണ കത്തയച്ചിട്ടും അന്വേഷണഫയല്‍ സി.ബി.ഐക്ക് കൈമാറാന്‍ ക്രൈംബ്രാഞ്ച് തയാറാകാത്തതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ വീണ്ടും നിയമപോരാട്ടം നടത്തുന്നത്.
2019 ഫെബ്രുവരി 17 നാണ് പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ ഒരു സംഘം അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ സി.പി.എം ലോക്കല്‍, ഏരിയാ കമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരുമായ 14 പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ആദ്യം ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
എന്നാല്‍ സി.പി.എമ്മിന്റെ ഉന്നത നേതാക്കളെ അന്വേഷണ പരിധിയില്‍ കൊണ്ട് വരാതെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിനെ ചോദ്യം ചെയ്തും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദം കേട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കി കേസന്വേഷണം പത്തു മാസം മുന്‍പ് സി.ബി.ഐക്കു നല്‍കാന്‍ ഉത്തരവിട്ടു.
എന്നാല്‍ കേസ് ഫയലുകള്‍ സി.ബി.ഐക്ക് കൈമാറാന്‍ ക്രൈംബ്രാഞ്ച് തയാറായിട്ടില്ല. അതിനിടയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. എന്നാല്‍ പത്തു ദിവസം മുന്‍പ് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ അപ്പീലും തള്ളി അന്വേഷണം സി.ബി.ഐക്ക് തന്നെ കൈമാറുകയും ചെയ്തു. എന്നിട്ടും ക്രൈംബ്രാഞ്ച് കേസ് ഫയല്‍ സി.ബി.ഐക്ക് നല്‍കാന്‍ തയാറായിട്ടില്ല. ഫയലുകള്‍ സി.ബി.ഐക്ക് കൈമാറാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടിയിരിക്കുകയാണെന്നും അനുമതി ലഭിച്ചാല്‍ മാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കാനാവുകയുള്ളൂവെന്ന വാദമാണ് ക്രൈംബ്രാഞ്ച് ഉന്നയിക്കുന്നത്.
കോടതി ഉത്തരവിടുന്ന കേസുകളില്‍ അന്വേഷണ ഏജന്‍സി ആവശ്യപ്പെടുന്ന മുറയ്ക്ക് ഫയലുകള്‍ കൈമാറണമെന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ പെരിയ ഇരട്ടക്കൊലക്കേസില്‍ ഇതു ലംഘിക്കപ്പെടുകയാണെന്നു ചൂണ്ടിക്കാട്ടിയാണ്് കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കളായ കൃഷ്ണന്‍, സത്യനാരായണന്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."