വെഞ്ഞാറമൂട് ഇരട്ടക്കൊല: കൊല്ലപ്പെട്ടവര്‍ക്കൊപ്പം എത്തിയവരും പ്രതിപ്പട്ടികയില്‍
വെഞ്ഞാറമൂട്: രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ടവര്‍ക്കൊപ്പം എത്തിയ അഞ്ചു പേരെ അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി സൂചന.
സംഭവ സമയത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ പ്രതിചേര്‍ത്തതെന്നാണ് വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ ഒന്‍പതു പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. നേരത്തെ പിടിയിലായവരെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. സംഭവസ്ഥലത്ത് ആയുധങ്ങളെത്തിച്ചത് ഉണ്ണിയാണെന്നും കൊല്ലപ്പെട്ട മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കുത്തിയത് സജീബ് ആണെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അക്രമികള്‍ സംഭവസ്ഥലത്തെത്തിയ ബൈക്ക് ഓണക്കോടി എടുക്കാന്‍ പോകണമെന്നു പറഞ്ഞു വാങ്ങിക്കൊണ്ടുപോയതാണെന്ന് ഉടമ നജീബ് മൊഴി നല്‍കി.
കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട പ്രതി സനല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തും. പ്രതിഷേധം കണക്കിലെടുത്ത് രഹസ്യമായിട്ടായിരിക്കും തെളിവെടുപ്പ്.ഓഗസ്റ്റ് 30ന് രാത്രി പതിനൊന്നോടെയാണ് വെഞ്ഞാറമൂട് തേമ്പാമൂട് ഭാഗത്തുവച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വെട്ടിക്കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."