പോസ്റ്റല്‍ ബാലറ്റുകള്‍ തിരിച്ചെടുത്ത് വീണ്ടും പോളിങ് നടത്തണം: ചെന്നിത്തല
തിരുവനന്തപുരം: പൊലിസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ കൃത്രിമം നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അവ തിരിച്ചെടുത്ത് വീണ്ടും പോളിങ് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഷ്ടമില്ലാത്ത വിധിവരുമ്പോള്‍ കോടതികളെ ആക്രമിക്കുകയും ജഡ്ജിയെ പ്രതീകാത്മകമായി നാടുകടത്തുകയും ചെയ്യുന്നതുപോലെയാണ് കള്ളം കൈയോടെ പിടിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെയും സി.പി.എം ആക്രമിക്കുന്നത്.
യു.ഡി.എഫിന്റെ പ്രചാരണതന്ത്രത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ വീണുവെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വിചിത്രമാണ്. കള്ളവോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള സി.പി.എം നീക്കത്തെ കൈയോടെ പിടിച്ചപ്പോള്‍ അത് യു.ഡി.എഫും തെരഞ്ഞെടുപ്പ് കമ്മിഷനും മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ആരോപിക്കുന്നത് ജാള്യത മറക്കാനാണ്. നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പ് കമ്മിഷനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് കോടിയേരി ശ്രമിക്കുന്നത്.
വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകള്‍ പൊലിസിലെ സി.പി.എം അനുകൂല സംഘടനാ നേതാക്കള്‍ കൈവശപ്പെടുത്തി വോട്ട് രേഖപ്പെടുത്തിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെക്രമക്കേട് നടക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ഡി.ജി.പിക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും കത്തുനല്‍കിയിരുന്നു. എന്നാല്‍, പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് കമ്മിഷന്‍ മറുപടി നല്‍കിയത്. ഇപ്പോള്‍ പോസ്റ്റല്‍ ബാലറ്റിന്റെ കാര്യത്തില്‍ ഗുരുതരമായ ക്രമക്കേടും ചട്ടലംഘനവും നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പിണറായി അധികാരത്തില്‍ എത്തിയ ശേഷം പൊലിസിനെ രാഷ്ട്രീയവല്‍ക്കരിച്ചതിന്റെ ഫലമായാണ് ഇത്തരത്തിലുള്ള ഗുരുതരമായ സ്ഥിതിവിശേഷം സംജാതമായത്. അതിനാല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ തിരികെവാങ്ങി പൊലിസുകാര്‍ക്ക് സാധാരണ പൗരന്മാരെപ്പോലെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കണം.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് വ്യക്തമായ സാഹചര്യത്തില്‍ 90 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തിയ എല്ലാ ബൂത്തുകളിലും റീപോളിങ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണക്ക് കത്തുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."