ചിറമംഗലത്ത് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം; നടപടി വേണമെന്ന ആവശ്യം ശക്തം
പരപ്പനങ്ങാടി: ചിറമംഗലം ടൗണിലും പരിസരത്തും രാത്രിയായാല്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. ഇത് പരിസരവാസികള്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടാക്കുന്നു.
ഇരുട്ടിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിക്കുകയും നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം ഇലക്ട്രിക് ക്ട്രയിന് സര്‍വീസിനായി സ്ഥാപിച്ച റെയിലോരത്തെ എര്‍ത്ത് ചെമ്പ്പട്ടകള് വളച്ചു വെക്കുകയും റെയിവേ ഗേറ്റ്പരിസരത്തെ കോണ്‍ക്രീറ്റ് വേലിയുടെ കാലുകള്‍ തര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടുത്തെ ഹോളോബ്രിക്സ് സ്ഥാപനത്തിന്റെ ഷെഡ് അഗ്നിക്കിരയാക്കിയിരുന്നു. തൊട്ടടുത്തുള്ള കെ അബൂബക്കറിന്റെ പലചരക്ക് കടയുടെ സംരക്ഷണ ഭിത്തി തകര്‍ക്കുകയും സാധനങ്ങള്‍ വാരിവലിച്ചിടുകയും വൈദ്യുതി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മദ്യപാനവും കഞ്ചാവ് ഉപയോഗവും വില്പനയും സംഘത്തിലുള്ളവര്‍ നടത്തുന്നതായി ആക്ഷേപമുണ്ട്. ഇവരെ നേരിടാന്‍ ജനങ്ങള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിക്കാന്‍ ആലോചിക്കുകയാണ്. ഇരുട്ടിന്റെ ശക്തികളെ നിലക്കുനിര്‍ത്താന്‍ പൊലിസ് പെട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."