തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ സി.പി.എം തുറന്ന പോരിന്
തിരുവനന്തപുരം: കള്ളവോട്ട് തെളിവുസഹിതം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ സി.പി.എം തുറന്ന പോരിന്. ഇതിന്റെ ഭാഗമായാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കെതിരേ പരസ്യമായി പ്രതികരിച്ചുകൊണ്ട് ഇന്നലെ രംഗത്തെത്തിയത്. ഇതോടെ ബി.ജെ.പിക്ക് പിന്നാലെ സി.പി.എമ്മും തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ പരസ്യമായ പോരാട്ടത്തിനിറങ്ങുകയാണ്.
കള്ളവോട്ട് ചെയ്യുന്നത് വിഡിയോ സഹിതം പുറത്തുവന്നതോടെ സി.പി.എം പ്രതിരോധത്തിലായിരുന്നു. ഇതേതുടര്‍ന്നാണ് മുസ്‌ലിംലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കള്ളവോട്ടെന്ന രീതിയില്‍ സി.പി.എം ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കുകയും കള്ളവോട്ട് സ്ഥിരീകരിക്കുകയും ചെയ്തതോടെ സി.പി.എമ്മിന്റെ പ്രതിരോധം പാളിപ്പോകുകയായിരുന്നു. പഞ്ചായത്ത് അംഗത്തിനെതിരേ നടപടി സ്വീകരിക്കാന്‍ കമ്മിഷന്‍ ശുപാര്‍ശ നല്‍കുകകൂടി ചെയ്തതോടെ സി.പി.എം വിഷമവൃത്തത്തിലായി. ഇതോടെ തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ തിരിയുകയല്ലാതെ മറ്റു പോംവഴിയില്ലെന്ന സാഹചര്യത്തിലേക്ക് സി.പി.എം എത്തുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ സര്‍ക്കാര്‍ സംവിധാനത്തിന്റെ വരുതിയിലേക്ക് കൊണ്ടുവരാന്‍ സി.പി.എം ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുശേഷം തെരഞ്ഞെടുപ്പ് കമ്മിഷന്റെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ഒപ്പംനില്‍ക്കുകയുമാണ് സി.പി.എം ചെയ്തത്.
ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ പാടില്ലെന്ന കമ്മിഷന്റെ പ്രഖ്യാപനത്തിനെതിരേ ബി.ജെ.പി രംഗത്തെത്തിയപ്പോള്‍ പിന്തുണച്ചത് സംസ്ഥാന സര്‍ക്കാരും സി.പി.എമ്മുമായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷനുമായി തുറന്നപോരിനാണ് ബി.ജെ.പി നേതൃത്വം തയാറായത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെ ഭയക്കേണ്ടതില്ലെന്ന നിര്‍ദേശം ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയിരുന്നു. സര്‍വകക്ഷി യോഗത്തില്‍ മുന്‍നിരയില്‍ ഇരിപ്പിടം ലഭിച്ചില്ലെന്നുപറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിഷനുമായി കൊമ്പുകോര്‍ത്ത ബി.ജെ.പിക്കൊപ്പമാണ് അവസാനഘട്ടത്തില്‍ സി.പി.എമ്മും ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."