ധ്രുവീകരണ രാഷ്ട്രീയം ഭാവിപരിസരം മലിനമാക്കും
കോടിക്കണക്കിനു രൂപ ചെലവാകുന്നുണ്ടെങ്കിലും എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും ജനാധിപത്യത്തിന്റെ മൂര്‍ത്തഭാവം കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മനുഷ്യമനസിന്റെ വ്യവഹാരമളക്കാന്‍ തെരഞ്ഞെടുപ്പു വഴിയൊരുക്കുന്നുണ്ട്. അതിനാല്‍ത്തന്നെ തെരഞ്ഞെടുപ്പില്‍ വര്‍ഗീയധ്രുവീകരണമുണ്ടാക്കിയാല്‍ ജനാധിപത്യത്തിനു വലിയ പരിക്കുണ്ടാകും. രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അപക്വനിലപാടുകളും അധികാരമോഹവും പ്രചാരണത്തില്‍ ലക്ഷ്മണരേഖ ലംഘിക്കുന്നതു കാരണം മതജാതിവര്‍ഗങ്ങളെ വേര്‍തിരിച്ചു വോട്ട്ബാങ്ക് സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്. വര്‍ഗീയരാഷ്ട്രീയത്തിന് അടിത്തറ പാകലാണിത്.
ഭൂരിപക്ഷസമുദായം ഏകീകരിക്കുന്നതും ന്യൂനപക്ഷസമൂഹങ്ങള്‍ ഏകീകരിക്കുന്നതും ജനാധിപത്യത്തിന്റെ ലക്ഷ്യത്തിലേയ്ക്കുള്ള വഴി എളുപ്പമാക്കില്ല. പ്രത്യേക ജനവിഭാഗത്തെ അടര്‍ത്തിമാറ്റി ലാഭമുണ്ടാക്കാനുള്ള രാഷ്ട്രീയനീക്കം ബഹുസ്വരതയ്ക്കു ഭീഷണിയാണ്. ഹിന്ദുരാഷ്ട്രവാദം ഇന്ത്യക്കു ചേര്‍ന്നതല്ലെന്നു സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍തന്നെ ദേശീയനേതൃത്വം തിരിച്ചറിഞ്ഞു സുല്ലുപറഞ്ഞ് ഒഴിവാക്കിയതാണ്.
വീണ്ടും അതു പൊടിതട്ടിയെടുത്തു മിനുക്കി അവതരിപ്പിക്കുമ്പോള്‍ ന്യൂനപക്ഷ ദലിത് വിഭാഗങ്ങള്‍ക്ക് തങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമെന്ന തോന്നലുണ്ടാകും. പകയുടെ രാഷ്ട്രീയം വളര്‍ന്നാല്‍ ആശിക്കാനൊരു ആശ്രയമില്ലാതെ ഭാരതം വിറങ്ങലിച്ചു പോകും. ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവന്ന വര്‍ഗീയരാഷ്ട്രീയം ഒരു ഇന്ത്യക്കാരനും ഗുണം ചെയ്യില്ല. മതാശയങ്ങള്‍ ഉപയോഗിച്ചു രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതു ദേശസ്‌നേഹിക്കു ചേര്‍ന്നതല്ല.
മതന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും അപ്രഖ്യാപിത വിലക്ക് ഇന്ത്യയില്‍ പരക്കെയുണ്ട്. അത്തരം അവഗണനകളോട് പ്രതിഷേധിക്കാനും ചെറുക്കാനും അവഗണിക്കപ്പെടുന്നവര്‍ സംഘടിക്കുന്നതില്‍ സാംഗത്യമുണ്ട്. എല്ലാവരും ശക്തിപ്പെട്ടാലേ ജനാധിപത്യം ശക്തിപ്പെടൂവെന്നതിനാല്‍ അത്തരം സംഘടിപ്പിക്കലിനെ ജനാധിപത്യമാര്‍ഗം എന്നു തന്നെ പറയാം. അതു രാഷ്ട്രത്തെ ശക്തവും സമ്പന്നവുമാക്കും. അതേസമയം, അധികാരം കൈയാളാന്‍ മതത്തിന്റെ ബാനറില്‍ രാഷ്ട്രീയമുണ്ടാക്കുന്നതു ജനാധിപത്യത്തെ കശാപ്പു ചെയ്യലാണ്.
ഇന്ത്യയില്‍ വര്‍ഗീയധ്രുവീകരണമുണ്ടാക്കിയതില്‍ വലിയ പങ്ക് ബി.ജെ.പിക്കും ആര്‍.എസ്.എസിനുമുണ്ട്. സഹസ്രാബ്ദങ്ങളായി നാം പരിപാലിച്ച സാഹോദര്യമാണ് അതിലൂടെ തകര്‍ക്കപ്പെട്ടത്. കേരളത്തില്‍ നാം ശീലിച്ചത് ഏറ്റവും ശുദ്ധമായ മതസാഹോദര്യമാണ്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി നിയോജകമണ്ഡലത്തില്‍നിന്ന് ക്രൈസ്തവനായ എ.കെ ആന്റണി 23,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി വന്‍ഭൂരിപക്ഷം നേടിയത് ഹൈന്ദവ, ക്രൈസ്തവ സഹോദരങ്ങളുടെ വോട്ടുകള്‍ കൂട്ടത്തോടെ നേടിക്കൊണ്ടാണ്. ഇതെല്ലാം നമുക്ക് അഭിമാനിക്കാവുന്ന കൂട്ടായ്മയുടെ സൗന്ദര്യഫലമാണ്.
ഹൈന്ദവ ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ്‌ലിം പ്രഭാഷകര്‍ക്കു വിലക്കുണ്ടെന്ന വിധം പുറത്തുവന്ന വാര്‍ത്ത നമ്മുടെ മതേതര സങ്കല്‍പ്പങ്ങള്‍ക്കു താങ്ങാനാവാത്തതാണ്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, അലി സഹോദരന്മാര്‍, മൗലാന അബുല്‍ കലാം ആസാദ് ഇവരെയെല്ലാം നാം ഒരുപോലെയാണു കണ്ടിരുന്നത്. കെ. കേളപ്പനും സി.കെ ഗോവിന്ദന്‍നായരും പട്ടം താണുപിള്ളയും ബാഫഖി തങ്ങളും അബ്ദുറഹ്മാന്‍ സാഹിബും മൊയ്തുമൗലവിയും കെ.പി കേശവമേനോനും നമ്മുടെ വിചാരപരിസരങ്ങളില്‍ സൃഷ്ടിച്ചതു രാഷ്ട്രീയ മര്യാദയുടെയും മാന്യതയുടെയും പാഠങ്ങളായിരുന്നു.
മലയാളിയുടെ മനസ് മലിനമാക്കാന്‍ സ്ഥാപിച്ചതല്ല ശബരിമല. അമ്പലങ്ങളും പള്ളികളും മറ്റ് ആരാധനാലയങ്ങളും സ്ഥാപിക്കപ്പെട്ടത് മനുഷ്യമനസില്‍ ശുദ്ധിവരുത്താനാണ്. ശബരിമലയെ രാമക്ഷേത്രം പോലെ രാഷ്ട്രീയായുധമായി ഉപയോഗിക്കാനാവില്ലെന്നു കുമ്മനവും കൂട്ടരും തിരിച്ചറിയാന്‍ പോകുന്നതേയുള്ളൂ. ഗവര്‍ണര്‍പ്പണി കളഞ്ഞതില്‍ കുമ്മനത്തിനും പാര്‍ട്ടിക്കും ദുഃഖിക്കേണ്ടി വരും. വിശകലനവിദഗ്ധര്‍ കണക്കുകൂട്ടി കാലം കഴിക്കട്ടെ, വിധി വരുമ്പോള്‍ മലയാളിമനസിന്റെ പരിശുദ്ധി ബോധ്യമാവും.
കാലത്തിന്റെ കാവ്യനീതി കാത്തിരിക്കാന്‍ ഇനി ആഴ്ചകള്‍ മതി. രഥമുരുട്ടി വര്‍ഗീയത ആളിക്കത്തിച്ചു മതന്യൂനപക്ഷങ്ങളുടെ രക്തമൊഴുക്കിയ ലാല്‍ കൃഷ്ണ അദ്വാനിയോട് മൂലയില്‍ പോയിരിക്കാന്‍ അമിത്ഷാ കല്‍പ്പിക്കുന്നതു ഭാരതീയര്‍ കണ്ടു. തനിക്കു നീതി നിഷേധിക്കപ്പെട്ടുവെന്നു മുരളീ മനോഹര്‍ ജോഷിക്കു പരസ്യമായി പറയേണ്ടിവന്നു. ഒരു കുറ്റവാളിയും സ്ഥിരമായി രക്ഷപ്പെടില്ല. കാലമിത്തിരി താമസിച്ചാലും നീതി നടപ്പാക്കപ്പെടും.
.........................
ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കു പ്രതികാരമായാണത്രേ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ ആക്രമണം നടത്തിയത്. മതത്തിന്റെ പേരില്‍ ചില ക്രൂരന്മാര്‍ നടത്തുന്ന കൊടുംകൃത്യങ്ങളില്‍ ഒരു മതത്തിനും പങ്കില്ല. ഒരു മതവും ക്രൂരത അംഗീകരിക്കുന്നില്ല. ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളികളില്‍ ആക്രമണമുണ്ടായപ്പോള്‍ ഭരണകൂടവും പൗരന്മാരും ഇരകള്‍ക്കൊപ്പം നിന്നു. ഭീകരന്റെ പേരുപോലും പറയാന്‍ കൊള്ളില്ലെന്നു പ്രധാനമന്ത്രി തറപ്പിച്ചു പറഞ്ഞു. പാര്‍ലമെന്റില്‍ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടു. ബാങ്ക് വിളിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മുസ്‌ലിംകള്‍ക്കൊപ്പം ശിരോവസ്ത്രം ധരിച്ചു നിന്നു ക്രൈസ്തവസമൂഹം മാതൃകയായി.
കേള്‍ക്കാന്‍ ആരും ഇഷ്ടപ്പെടാത്ത വാര്‍ത്തയാണു ഭീകരാക്രമണം. ആരാധനാലയങ്ങള്‍, മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍ എല്ലാം ഭീകരാക്രമണങ്ങള്‍ക്ക് ഇടമാകുന്നു. ശ്രീലങ്കയിലെ ഭീകരാക്രമണം നടുക്കത്തോടെയാണു മനുഷ്യത്വമുള്ള മനുഷ്യര്‍ കേട്ടത്. ശ്രീലങ്ക അതിസമ്പന്ന രാഷ്ട്രമല്ലാത്തതിനാലായിരിക്കാം ആ ആക്രമണത്തിന് അന്താരാഷ്ട്ര പ്രാധാന്യം ലഭിച്ചില്ല. ആക്രമണത്തെക്കുറിച്ചു മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും അവിടത്തെ അധികാരിവര്‍ഗം ഉറക്കമുണര്‍ന്നില്ല. പ്രളയ മുന്നറിയിപ്പുണ്ടായ കാലത്തു കേരള സംസ്ഥാന ഭരണകൂടം ഉറങ്ങിയപോലെ ശ്രീലങ്കാഭരണകൂടവും ഉറങ്ങി. ഫലമോ സംഭവിച്ചതു വന്‍ദുരന്തം.
രണ്ടായിരത്തി രണ്ടില്‍ ഗുജറാത്തില്‍ 2000 മുസ്‌ലിംകളെ ഉന്മൂലനം ചെയ്തപ്പോള്‍ പേരിനു വിളിച്ചുകൂട്ടിയ മുസ്‌ലിംകളുടെ സമ്മേളനത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കു മുസ്‌ലിംകള്‍ ഒരു തൊപ്പി സമ്മാനിച്ചിരുന്നു. മോദി അതു നിരസിച്ചു. തന്റെ അകവും പുറവും ഒരുപോലെ കാവിമലിനമാണെന്നു മോദി അന്നു പറയാതെ തെളിയിച്ചു. യഥാര്‍ഥ മതവിശ്വാസി അന്ധമായ അന്യമതവിരോധിയാകില്ല.
അതേപോലെ യഥാര്‍ഥ മതവിശ്വാസി അക്രമത്തിന്റെ പാത തിരഞ്ഞെടുക്കുന്നവനുമാകില്ല. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ഐ.എസ് യഥാര്‍ഥ വിശ്വാസികളുടെ സമൂഹമല്ല. മതങ്ങള്‍ക്കു പരുക്കേല്‍പ്പിക്കുന്ന അവിശ്വാസികളാണ് ഇത്തരം കൊടുംക്രൂരതയ്ക്കു പിന്നിലുള്ളത്. തമിഴ്പുലികളില്‍നിന്ന് ശ്രീലങ്ക ഏറ്റുവാങ്ങിയ മഹാ ദുരന്തങ്ങളും വേലുപ്പിള്ളൈ പ്രഭാകരന്‍ അഴിച്ചുവിട്ട അന്ധമായ ഭാഷാ ഭ്രാന്തും സിംഹളവിഭാഗത്തിന്റെ പ്രതികാരനടപടികളും ശ്രീലങ്കയെ കൂടുതല്‍ പതനത്തിലാണെത്തിച്ചത്. സ്വന്തം കാലില്‍ നില്‍ക്കാന്‍ ശീലിച്ചു തുടങ്ങിയ ശ്രീലങ്ക സ്വയംപര്യാപ്തമാവാതിരിക്കാന്‍ ആര്‍ക്കൊക്കെയോ താല്‍പ്പര്യമുണ്ടെന്നു വേണം മനസിലാക്കാന്‍.
.....................
തെരഞ്ഞെടുപ്പ് മാമാങ്കം പലര്‍ക്കും ലാഭകരമായ കച്ചവടമാണ്. എന്നാല്‍, ഉത്തരവാദിത്തബോധത്തോടെ കൃത്യമായി തെരഞ്ഞെടുപ്പു ചുമതല നിര്‍വഹിച്ച പൊലിസുകാരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ അഭിനന്ദിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൃത്യത വരുത്തിയല്ല കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. രാത്രി ഒന്‍പതു വരെ പലയിടത്തും പോളിങ് നീണ്ടു. വോട്ടിങ് യന്ത്രത്തിലെ താളപ്പിഴകളായിരുന്നു പ്രധാന കാരണം.
ഇത്തരം പ്രശ്‌നങ്ങളൊക്കെ മുന്‍കൂട്ടി കണ്ടു പരിഹാരക്രമീകരണം നടത്തേണ്ടതു കമ്മിഷന്റെ ബാധ്യതയാണ്. തിരുവനന്തപുരത്തിരുന്നു കണ്ണുരുട്ടിക്കാണിച്ചാല്‍ മാത്രം മതിയാവില്ല. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളും താങ്ങു വടികളുമായി വൃദ്ധജനങ്ങളും വോട്ടവകാശം വിനിയോഗിക്കാന്‍ പാതിരാവരെ കാത്തുകെട്ടി കിടക്കേണ്ടിവന്നു. ഫാന്‍ പോലുമില്ലാത്ത പള്ളിക്കൂടങ്ങളിലും മറ്റും കൊടുംചൂടിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ക്ഷമാപൂര്‍വം കൃത്യം നിര്‍വഹിച്ചു.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണവിജയമാണ് പോളിങ് ശതമാനം ഉയരാന്‍ പ്രധാനകാരണങ്ങളിലൊന്ന്. പാര്‍ട്ടികള്‍ നടത്തിയ വാശിയേറിയ പ്രചാരണം വോട്ടര്‍മാരിലെത്തിയെന്നു വ്യക്തം. പ്രചാരണവിഷയങ്ങള്‍ കാടുകയറിയതും വഴിമാറിയതും ഒഴിച്ചുനിര്‍ത്തിയാല്‍ പാര്‍ട്ടി മെഷിനറികള്‍ വിജയിച്ചു. എരിവും പുളിയുമുള്ള ഭക്ഷണങ്ങളാണു ലഹരിയുള്ളവര്‍ക്കു രുചികരമെന്നു കേട്ടിട്ടുണ്ട്. വൈകാരികതകളില്‍ തളക്കപ്പെട്ട സമൂഹത്തിന്റെ മനസറിഞ്ഞു പാര്‍ട്ടികള്‍ പ്രചാരണ തന്ത്രം മെനഞ്ഞുവെന്നു വേണം കരുതാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."