ബാണാസുര സാഗര്‍ ഡാം: ഉത്തരവാദിത്വപ്പെട്ടര്‍ രണ്ടു തട്ടില്‍; ജനം ആരെ വിശ്വസിക്കണം..?
കല്‍പ്പറ്റ: അതിതീവ്ര മഴ ലഭിച്ചതോടെ മറ്റിടങ്ങളില്‍ കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കി ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയ വൈദ്യുതി ബോര്‍ഡിന് വയനാട്ടുകാരോട് ചിറ്റമ്മനയം.
ബാണാസുര സാഗര്‍ ഡാമില്‍ ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കി കാത്തിരിക്കാന്‍ നിര്‍വാഹമില്ലെന്നും പരമാവധി ജലനിരപ്പിന് മുകളില്‍ ജലം പിടിച്ചുനിര്‍ത്തിയാല്‍ മണ്ണുകൊണ്ടുണ്ടാക്കിയ ഡാമിന്റെ സുരക്ഷ അപകടത്തിലാകുമെന്നുമാണ് വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം. ഡാമിന്റെ താഴ് ഭാഗത്തുള്ള ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവരുടെ ജീവന് ഒരു വിലയും കല്‍പിക്കാത്ത തരത്തിലാണ് വൈദ്യുതി ബോര്‍ഡ് വിശദീകരണം. ഡാമിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെങ്കില്‍ ജല നിരപ്പ് സംഭരണ ശേഷിക്കൊപ്പമെത്തുന്നത് വരെ കാത്തുനിന്നതെന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് ജല നിരപ്പ് സംഭരണ ശേഷിക്കൊപ്പമായതോടെ ഇക്കഴിഞ്ഞ ഏഴിന് രാത്രി ഡാമിന്റെ ഷെട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ നിരവധി പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവ്, കുപ്പാടിത്തറ, മാനിയില്‍, കുറുമ്പാല, കുറുമണി, ചേര്യംകാല്ലി, പന്തിപ്പൊയില്‍, ബപ്പനം, തെങ്ങുമുണ്ട, പാണ്ടങ്കോട് തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂരിഭാഗവും പനമരം, കോട്ടത്തറ പഞ്ചായത്തുകളും നിരുത്തരവാദപരമായി അധികൃതര്‍ തുറന്നുവിട്ട ബാണാസുര ഡാമിലെ ജലത്തിന്റെ രൗദ്ര ഭാവത്തില്‍ തകര്‍ന്നടിഞ്ഞു. ഏഴിന് ഡാം തുറന്നുവിട്ടത് ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നെന്നാണ് കെ.എസ്.ഇ.ബി വാദം. എന്നാല്‍ മുന്നറിയിപ്പില്ലാതെ ഡാം തുറന്ന് വിട്ടതിനെതിരേ പ്രതിഷേധം ശക്തമായപ്പോള്‍ ജില്ലാ കലക്ടര്‍ കെ.എസ്.ഇ.ബിയോട് വിശദീകരണം തേടുകയും വിഷയം അന്വേഷിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം വന്നതോടെ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച അന്വേഷണം പ്രഹസനവും ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള തന്ത്രവും മാത്രവുമായിരുന്നെന്ന ആക്ഷേപം ഇതോടെ ശക്തമാകുകയാണ്. ഷട്ടര്‍ തുറക്കുന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടും കാര്യമായ മുന്നറിയിപ്പുകളും മുന്‍കരുതലുകളും സ്വീകരിക്കാരിതിരുന്ന ജില്ലാ ഭരണകൂട നടപടിയും വിവാദമാകുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് ജൂലൈ 14 മുതല്‍ ഓഗസ്റ്റ് അഞ്ചു വരെ ബാണാസുര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കിയിരുന്നു. പിന്നീട് ഷെട്ടര്‍ താഴ്ത്തിയെങ്കിലും ഓഗസ്റ്റ് ആറിന് തുടങ്ങിയ അതിശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഏഴിന് രാത്രി ഷെട്ടറുകള്‍ വീണ്ടും തുറക്കുകയായിരുന്നു. ഇതോടെയാണ് ജില്ലയില്‍ പ്രളയം രൂക്ഷമായത്.
അതി തീവ്രമഴയുടെ മുന്നറിയിപ്പുകള്‍ കൈമാറുന്നതിലെ വകുപ്പുകളുടെ അനാസ്ഥയും പ്രളയദുരന്തത്തിന് ആക്കം കൂട്ടാന്‍ ഇടയാക്കിയിട്ടുണ്ട്. കാലാവസ്ഥാ വകുപ്പില്‍ നിന്ന് (ഐ.എം.ഡി) കനത്ത മുന്നറിയപ്പ് ലഭിച്ചില്ലെന്ന് വൈദ്യുതി ബോര്‍ഡും കൃത്യമായ മുന്നറിയിപ്പ് നല്‍കിയെന്ന് വകുപ്പും പറയുന്നു. വകുപ്പുകള്‍ പരസ്പരം പഴിചാരി രക്ഷപ്പെടുമ്പോഴും ആയിരക്കണക്കിന് ജനങ്ങളാണ് ഇതിന്റെ കെടുതി അനുഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."