തെരഞ്ഞെടുപ്പ് കമ്മിഷനും മോദിയുടെ വരുതിയിലോ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും ഒന്നിലധികം തവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതികള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കു കിട്ടിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ് എന്നാല്‍ ഇതര രാഷ്ട്രീയപ്പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരേ നിസ്സാര തെറ്റുകള്‍ക്ക് നടപടിയെടുക്കുകയും ചെയ്യുന്നു.
കമ്മിഷന്റെ ഇത്തരം നടപടികള്‍ക്കെതിരേ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുസ്മിതാദേവ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്. മനു അഭിഷേക് സിങ്‌വി മുഖേന നല്‍കിയ ഹരജിയില്‍ 24 മണിക്കൂറിനകം നടപടി വേണമെന്നാവശ്യപ്പെട്ടിരുന്നു. രാജ്യത്തു നിലവില്‍വന്ന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തങ്ങളെ ബാധിക്കുന്നതല്ല എന്ന നിലയിലാണ് മോദിയും അമിത്ഷായും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തിയും സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തും വരുതിയില്‍ നിര്‍ത്തിയത് പോലെ തെരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പി സര്‍ക്കാരിന്റെ വരുതിയിലാണോ എന്ന് തോന്നിപ്പോകുന്നു. മോദി നിരന്തരം പെരുമാറ്റച്ചട്ടം ലംഘിച്ചപ്പോള്‍ അദ്ദേഹത്തിനെതിരേ നല്‍കിയ പരാതികളില്‍ നടപടി ഉണ്ടാകുമെന്ന സൂചന കമ്മിഷന്‍ നല്‍കിയിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. നടപടിയുണ്ടാകുമെന്ന സൂചന എന്‍.ഡി ടി.വിയായിരുന്നു നല്‍കിയിരുന്നത്. അതിനാല്‍ നടപടിയെടുക്കാന്‍ കമ്മിഷന്‍ നിര്‍ബന്ധിതമാകുമെന്ന് പൊതുസമൂഹം കരുതി.
തെരഞ്ഞെടുപ്പ് റാലികളില്‍ സൈന്യത്തിന്റെ പേര് ഉപയോഗിക്കാന്‍ പാടില്ല എന്നാണ് ചട്ടം. ഇത് മോദി ലംഘിച്ചുവെന്നത് കമ്മിഷന്‍ കണ്ടെത്തിയതുമാണ്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടത്തിയ ഈ പ്രസംഗത്തിനെതിരേ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിട്ടു പോലും നടപടിയുണ്ടായില്ല. പുല്‍വാമ ആക്രമണവും പിന്നാലെ വ്യോമസേന ബാലാകോട്ടില്‍ നടത്തിയ തിരിച്ചടിയും മോദിയും അമിത്ഷായും തെരഞ്ഞെടുപ്പ് റാലികളില്‍ വ്യാപകമായി ഉപയോഗപ്പെടുത്തുകയായിരുന്നു. ദേശീയതയിലും ദേശീയ സുരക്ഷയിലും ഊന്നി മോദി നടത്തിയ പ്രസംഗങ്ങളും ചട്ടവിരുദ്ധമായിരുന്നു. ഉപഗ്രഹവേധ മിസൈല്‍ വിക്ഷേപണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 27ന് മോദി നടത്തിയ പത്രസമ്മേളനവും പെരുമാറ്റച്ചട്ട ലംഘനമാണ്. ഇത്തരമൊരു പത്രസമ്മേളനം നടത്തുംമുമ്പ് തെരഞ്ഞെടുപ്പ് കമ്മിഷനെ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. പരിപാടി പ്രക്ഷേപണം ചെയ്ത ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യാ റേഡിയോ എന്നിവയില്‍നിന്ന് ഇതു സംബന്ധിച്ച വിവരം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശേഖരിച്ചിരുന്നു. എന്നാല്‍ ഇതേപ്പറ്റി പിന്നീട് വിവരങ്ങളൊന്നും പുറത്തുവന്നില്ല.
മിസൈല്‍ വിക്ഷേപണ വിജയം പൊതുജനങ്ങളെ അറിയിക്കേണ്ടത് പ്രധാനമന്ത്രിയല്ല. സെന്റര്‍ മേധാവിയാണ്. മോദിയുടെ ചിത്രങ്ങള്‍ പതിച്ച ബാനറുകള്‍ പെട്രോള്‍ പമ്പുകളില്‍ വ്യാപകമായി ഉപയോഗപ്പെടുത്തി. ഇതു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ബോധ്യപ്പെട്ട ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പമ്പുകളില്‍നിന്ന് മോദിയുടെ ചിത്രങ്ങള്‍ നീക്കംചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടേതായി 56,000 പമ്പുകളാണ് രാജ്യത്തുള്ളത്. 'പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന' എന്ന പരസ്യ ബാനറുകളായിരുന്നു മോദി ചിത്രങ്ങള്‍ക്കൊപ്പം പമ്പുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. മോദിയുടെ ചിത്രം പതിച്ച പരസ്യ ബാനറുകള്‍ പ്രദര്‍ശിപ്പിക്കാന്‍ തയാറാകാത്ത പമ്പുകളില്‍ സപ്ലൈ മുടക്കമെന്ന ഭീഷണിയുണ്ടായിരുന്നുവെന്ന് പെട്രോളിയം കണ്‍സോര്‍ഷ്യം പരാതിപ്പെടുകയും ചെയ്തിരുന്നു.
ഇതേക്കുറിച്ചെല്ലാം കമ്മിഷനോട് പലവട്ടം പരാതിപ്പെട്ടപ്പോഴൊക്കെയും ഉടന്‍ നടപടിയുണ്ടാകുമെന്ന മറുപടിയായിരുന്നു കമ്മിഷന്‍ നല്‍കിയിരുന്നത്. മോദിയുടെ വിവാദ പ്രസംഗങ്ങളുടെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിനോട് കമ്മിഷന്‍ ആവശ്യപ്പെട്ടതാണ്. പക്ഷെ സര്‍ക്കാര്‍ നല്‍കിയില്ല. മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗങ്ങള്‍ ചട്ടലംഘനമാണോ എന്നന്വേഷിക്കാന്‍ ഓഫിസര്‍മാരുടെ പാനല്‍ രൂപീകരിക്കുമെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നെങ്കിലും അതുമുണ്ടായില്ല.
ഉപഗ്രഹവേധ മിസൈല്‍ വിക്ഷേപണത്തെക്കുറിച്ച് മോദി അടിയന്തരമായി രാഷ്ട്രത്തോട് സംസാരിക്കേണ്ട കാര്യമെന്തായിരുന്നു എന്ന് അന്വേഷിക്കുമെന്നായിരുന്നു കമ്മിഷന്‍ പറഞ്ഞിരുന്നത്. മോദിയുടെ ചിത്രം പതിച്ച 'വൈബ്രന്റ് ഗുജറാത്തിന്റെ' പരസ്യമടങ്ങിയ ബോര്‍ഡിങ് പാസുകള്‍ എയര്‍ ഇന്ത്യ പുറത്തിറക്കിയതും വിവാദമായി. ഇതു പെരുമാറ്റച്ചട്ട ലംഘനമാണെന്നു കാണിച്ച് പഞ്ചാബ് മുന്‍ ഡി.ജി.പി ശശികാന്ത് നല്‍കിയ പരാതിയെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ ഈ പാസ് പിന്‍വലിച്ചത്.
ഇന്ത്യന്‍ റെയില്‍വേയാകട്ടെ മോദിയുടെ ചിത്രങ്ങള്‍ പതിച്ച ടിക്കറ്റുകള്‍ വില്‍ക്കാന്‍ തുടങ്ങി. ഇതിനെതിരേ സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നതോടെയാണ് റെയില്‍വേ ഈ ടിക്കറ്റുകള്‍ പിന്‍വലിച്ചത്. തെരഞ്ഞെടുപ്പ് ദിവസം ഏപ്രില്‍ 23ന് ഗുജറാത്തില്‍ പരസ്യമായാണ് മോദി റോഡ്‌ഷോ നടത്തിയത്. ഇങ്ങനെ നഗ്നമായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചിട്ടും നടപടിയെടുക്കാത്ത തെരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി പൊതുപണം നഷ്ടപ്പെടുത്തുകയാണെന്നു വരെ ശശികാന്ത് കുറ്റപ്പെടുത്തുകയുമുണ്ടായി.
ഇങ്ങനെ നീളുന്നു മോദിയുടെ പെരുമാറ്റച്ചട്ട ലംഘനങ്ങളുടെ ശൃംഖല. ഒന്നിനെതിരേ പോലും തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് നടപടി ഉണ്ടായില്ല. സര്‍ക്കാര്‍ സംവിധാനത്തെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഇത്രമേല്‍ ദുരുപയോഗപ്പെടുത്തിയ മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
വ്യക്തിപൂജ വളര്‍ത്തിയെടുക്കാനായി എല്ലാ അഭിവൃദ്ധിക്കു പിന്നിലും മോദിയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടന്നത്. മോദിയും അമിത്ഷായും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനു വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും നടപടികളെടുക്കാത്തത് അനീതിയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് വിവക്ഷയുടെയും നിയമങ്ങളുടെയും ലംഘനവുമാണെന്നും അഭിഷേക് സിങ്‌വി വാദിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വമേധയാ കേസെടുക്കേണ്ട ലംഘനങ്ങളാണിതൊക്കെയും എന്നിരിക്കെ പരാതിപ്പെട്ടിട്ടു പോലും നടപടിയെടുത്തില്ല. ഇനി കോടതി എന്തു പറയുമെന്ന് കാത്തിരുന്നുകാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."