ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ കേസ്: ആഭ്യന്തര സമിതിയുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രാഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണക്കേസ് അന്വേഷിക്കുന്ന ആഭ്യന്തര സമിതിയുമായി സഹകരിക്കില്ലെന്ന് പരാതിക്കാരിയായ യുവതി. ജസ്റ്റിസുമാരായ എസ്.എ ബോബ്ദെ, ഇന്ദു മല്‍ഹോത്ര, ഇന്ദിരാബാനര്‍ജി എന്നിവരടങ്ങിയ സമിതിയില്‍ തനിക്ക് വിശ്വാസമില്ലെന്നാണ് യുവതി മാധ്യമങ്ങളെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. നിസഹകരണത്തിന് പ്രധാനമായും നാലു കാര്യങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. പേടിയോടെയും വൈകാരിക വിക്ഷോഭത്തോടെയും കൂടിയാണ് താന്‍ സമിതി മുമ്പാകെ ഹാജരാകുന്നത്. അതിനാല്‍ തനിക്ക് അഭിഭാഷകനെ കൂടെക്കൂട്ടാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുമതി നല്‍കിയില്ല, സമിതി നടപടികള്‍ വിഡിയോ റെക്കോര്‍ഡിങ് ചെയ്യണമെന്നും അതിന്റെ കോപ്പി നല്‍കമെന്നും ആവശ്യപ്പെട്ടിട്ടും വിഡിയോ റെക്കോര്‍ഡിങ് ഉണ്ടായില്ല, ഏപ്രില്‍ 26, 29 തിയതികളിലായി നടന്ന മൊഴിയെടുപ്പിന് ശേഷം അതിന്റെ കോപ്പി ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല, തുടര്‍ന്നുള്ള കമ്മിറ്റിയുടെ നടപടികള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സമിതി അതിന് തയാറായില്ല.
ആഭ്യന്തര സമിതിയ്ക്ക് പുറമെ പുറത്തുള്ള സമിതി കൂടി അന്വേഷിക്കണമെന്നും പരാതി ഉന്നയിച്ചിരിക്കുന്നത് ചീഫ് ജസ്റ്റിസിനെതിരേ ആയതിനാല്‍ അദ്ദേഹത്തിന്റെ കീഴില്‍ വരുന്ന ജഡ്ജിമാര്‍ മാത്രം ഉള്‍പ്പെടുന്ന സമിതി അന്വേഷിക്കുന്നത് കൊണ്ട് മാത്രം തനിക്ക് നീതി കിട്ടുമെന്ന് ഉറപ്പില്ലെന്നും യുവതി വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."