സുദാന്‍: നിലപാടു കടുപ്പിച്ച് സൈന്യം: കലാപം അനുവദിക്കില്ല
ഖാര്‍ത്തൂം: രാജ്യത്ത് പ്രക്ഷോഭം നടത്തുന്നവരെ പിരിച്ചുവിടാന്‍ സൈന്യം ശ്രമിക്കുന്നുവെന്നു സമരക്കാര്‍ ആരോപിച്ചതിനു പിന്നാലെ നിലപാട് കര്‍ശനമാക്കി താല്‍ക്കാലിക ഭരണം കൈയാളുന്ന പട്ടാള കൗണ്‍സില്‍. രാജ്യത്ത് കലാപമോ പ്രശ്‌നങ്ങളോ ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നാണ് സൈനിക കൗണ്‍സില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
കലാപമുണ്ടാക്കുന്നത് ഒരുനിലയ്ക്കും അനുവദിക്കാനാവില്ല. കാര്യങ്ങള്‍ ഞങ്ങള്‍ നിയമപരമായി കൈകാര്യം ചെയ്യും- തെരഞ്ഞെടുപ്പു വരെ ഭരണം കൈയാളുന്ന സൈനിക കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹംദാന്‍ ദഗാലോ വ്യക്തമാക്കി. ഒത്തുതീര്‍പ്പുകള്‍ക്ക് ഞങ്ങള്‍ തയാറാണ്. എന്നാല്‍ കുഴപ്പമുണ്ടാക്കുന്നത് നാളെ മുതല്‍ അനുവദിക്കുന്നതല്ല- അദ്ദേഹം വിശദീകരിച്ചു.
അധികാരം ജനകീയ സര്‍ക്കാരിനു കൈമാറണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ ഖാര്‍ത്തൂമില്‍ സൈനിക ആസ്ഥാനത്തിനു പുറത്ത് ആയിരക്കണക്കിനു പ്രക്ഷോഭകര്‍ ക്യാംപ് ചെയ്യുകയാണ്. ഏപ്രില്‍ 11ന് മുന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ അധികാരത്തില്‍നിന്നു പുറത്താക്കിയ ശേഷം സൈന്യം പിടിമുറുക്കുന്നത് രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം രക്തരൂക്ഷിതമായി മാറിയേക്കാമെന്ന ആശങ്കയാണ് സൃഷ്ടിക്കുന്നത്.
സൈനിക ആസ്ഥാനത്തിനു പുറത്ത് പ്രക്ഷോഭകര്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ സൈന്യം നീക്കംചെയ്തതായി ഉമര്‍ അല്‍ ബഷീര്‍ ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തിനു തിരികൊളുത്തിയ സുദാനീസ് പ്രൊഫഷനല്‍സ് അസോസിയേഷന്‍ (എസ്.പി.എ) ആരോപിച്ചു. ബാരിക്കേഡുകള്‍ പുനഃസ്ഥാപിക്കാന്‍ തങ്ങളുടെ കൂടെയുള്ള സമരക്കാര്‍ക്കു നിര്‍ദേശം നല്‍കിയതായും എല്ലാവരോടും സമരത്തിനെത്താന്‍ പറഞ്ഞതായും അവര്‍ പറഞ്ഞു. പ്രകോപനമുണ്ടാക്കുന്നത് നടക്കാനിരിക്കുന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയെ ബാധിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സമരക്കാരെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. റൊട്ടിക്കു വിലകൂടിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ജനം തെരുവിലിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."