നിലയ്ക്കാത്ത നീരുറവക്ക് ചെക്ക്ഡാം; എടത്തറച്ചോലയില്‍ സന്ദര്‍ശകരേറുന്നു
കൊളത്തൂര്‍: നിലക്കാത്ത നീരുറവക്ക് ചെക്ക്ഡാം നിര്‍മിച്ചതോടെ എടത്തറച്ചോല കുളിസങ്കേതമാവുന്നു. പുലാമന്തോള്‍ ഗ്രാമപഞ്ചായത്തില്‍ മാലാപറമ്പ് എടത്തറച്ചോലയിലാണ് ചെറുകിട ജലസേചന പദ്ധതിയിലുള്‍പ്പെടുത്തി ചെക്ക്ഡാം നിര്‍മിച്ചത്.
36 ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടെ എടത്തച്ചോല കുളിസങ്കേതമായി മാറുകയായിരുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണിവിടെ കുളിക്കാനായെത്തുന്നത്.
എടത്തറ ച്ചോലക്ക് സമീപത്ത് കൂടി സഞ്ചരിക്കേണ്ടി വരുന്ന നാടുചുറ്റാനിറങ്ങിയവരും വിനോദയാത്രക്കിറങ്ങിയവരും ചെക്ക്ഡാമിലിറങ്ങി കുളിച്ചാണ് യാത്രയാവുന്നത്. കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനും ദൂരെ ദിക്കുകളില്‍ നിന്നും ആളുകളെത്തുന്നുണ്ട്. പുരുഷന്‍മാരുടെ ആധിക്യവും സൗകര്യമില്ലായ്മയും കാരണം കുളിക്കാനെത്തുന്ന സ്ത്രീകള്‍ നിരാശയോടെ മടങ്ങുകയാണ് പതിവ്. ചെക്ക്ഡാമും പരിസരവും കാണാനും കൂട്ടം കൂടി നിന്ന് പടമെടുക്കുന്നതിനും നിരവധി പേര്‍ എടത്തറച്ചോലയിലെത്തുന്നുണ്ട്. കൊടുംവേനലിലും നിലക്കാത്ത നീരുറവയായ എടത്തറച്ചോല മാലാപറമ്പ് ,കുരുവമ്പലം, കോരങ്ങാട്, പൂതാനിക്കുളമ്പ്, ഓണപ്പുട നിവാസികള്‍ക്ക് ഒരനുഗ്രഹമായിരുന്നു.
വൈദ്യുതിയും കുടിവെള്ള പദ്ധതിയും നിലവില്‍ വരുന്നതിനു മുമ്പ് കുളങ്ങളും കിണറുകളും വറ്റിവരളുന്ന കൊടുംവേനലില്‍ എടത്തറച്ചോലയിലെ നീരുറവയായിരുന്നു ഇവിടുത്ത്കാര്‍ക്ക് ആശ്രയം. കുളിക്കുന്നതിനും വസ്ത്രമലക്കുന്നതിനും സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ സംഘം എടത്തറച്ചോലയിലെ നീരുറവ തേടിയെത്തിയിരുന്നു. കലര്‍പ്പില്ലാത്ത ശുദ്ധജലം കുടിക്കാനും സംഭരിക്കാനും നിരവധി പേര്‍ എടത്തച്ചോലയിലെത്താറുണ്ട്.
നൂറ്റാണ്ടുകളുടെ പഴക്കം ഈ നീരുറവക്കുള്ളതായി പഴമക്കാര്‍ പറയുന്നു. പുതിയ ചെക്ക്ഡാം നിര്‍മിച്ചതോടെ കുരുവമ്പലം, കോരങ്ങാട്, പൂതാനികുളമ്പ് ഭാഗങ്ങളില്‍ കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനും ഉപയോഗപ്പെടുത്താമെന്നാണ് ചെറുകിട ജലസേചന പദ്ധതി അധികൃതര്‍ പറയുന്നത്. എടത്തറച്ചോലയില്‍ നിന്നും താഴ്ന്ന പ്രദേശമായതിനാല്‍ പമ്പ്‌സെറ്റ് ഉപയോഗിക്കാതെ തന്നെ ഈ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കാനും കഴിയും.
എടത്തറച്ചോലയില്‍ നിന്ന് ഉല്‍ഭവിക്കുന്ന നീരുറവ കൈവഴികള്‍ താണ്ടി അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ച് വളപുരത്ത് കുന്തിപ്പുഴയിലാണെത്തിച്ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."