തെരഞ്ഞെടുപ്പാണ് മുന്‍പില്‍; കൊവിഡിനിടയിലും പൊടിപൊടിച്ച് ഉദ്ഘാടന മഹാമഹം
തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കിടയിലും നാടൊട്ടുക്കും പദ്ധതി ഉദ്ഘാടനങ്ങളും തറക്കല്ലിടലും. തദ്ദേശ,നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സംസ്ഥാനത്തിപ്പോള്‍ ഉദ്ഘാടന മഹാമഹം പൊടിപൊടിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ സര്‍ക്കാര്‍ പരിപാടികള്‍ക്ക് വിലക്കു വന്നേക്കുമെന്നതിനാല്‍ ഈ മാസം നാടെങ്ങും ഉദ്ഘാടനങ്ങളുടെ പൊടിപൂരമാണ് നടക്കാന്‍ പോകുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ക്വാറന്റൈനിലാണെങ്കിലും ഉദ്ഘാടനത്തിന് കുറവൊന്നുമില്ല. എം.എല്‍.എമാര്‍ മുതല്‍ തദ്ദേശ പ്രതിനിധികള്‍ വരെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വേദികളില്‍ അണി നിരക്കുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടന പ്രസംഗം നടത്തുന്നു.
ഈ മാസം മാത്രം സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി മന്ത്രിമാരും എം.എല്‍.എമാരും പങ്കെടുക്കുന്ന നൂറോളം ചടങ്ങുകളാണ് നടക്കുന്നത്. ഭൂരിഭാഗം പരിപാടികളും തറക്കല്ലിടലും പ്രവൃത്തി ഉദ്ഘാടനവുമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ഓരോ ജില്ലയിലും മന്ത്രിമാരും എം.എല്‍.എമാരും പങ്കെടുത്ത ഉദ്ഘാടന ചടങ്ങുകള്‍ പത്തിലധികമാണ്. കോഴിക്കോട് മാത്രം 18 പരിപാടികള്‍ നടന്നു. ഇനിയുമുണ്ട് നൂറോളം പരിപാടികള്‍. ഇത് മന്ത്രിമാര്‍, എം.എല്‍.എമാര്‍ മാത്രം പങ്കെടുക്കുന്ന പരിപാടികളാണ്. കൂടാതെ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, ജില്ലാ കലക്ടര്‍മാര്‍ എന്നിവരെല്ലാം പങ്കെടുക്കുന്ന പരിപാടികളുടെ കണക്കെടുത്താല്‍ ഇനിയും കൂടും. പണി പൂര്‍ത്തിയായ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തതെല്ലാം എന്ന് കരുതണ്ട. കോഴിക്കോട് ജില്ലയിലെ 12 ചടങ്ങുകളും കല്ലിടലോ പ്രവൃത്തി ഉദ്ഘാടനമോ മാത്രമായിരുന്നു. കൊവിഡ് കാലത്ത് പൂര്‍ണമായും ഒഴിവാക്കേണ്ടവ. ഓണ്‍ലൈന്‍ പഠന കേന്ദ്രത്തിലേക്ക് ടി.വി വിതരണം, ഇട റോഡുകളുടെ നിര്‍മാണോല്‍ഘാടനം എന്നിവയ്ക്ക് പോലും പലയിടത്തും എം.എല്‍.എമാര്‍ നേരിട്ടെത്തി കൊവിഡ് മാനദണ്ഡം ലംഘിച്ച് ഉദ്ഘാടന മഹാമഹം കൊണ്ടാടി.
പലയിടത്തും ഉദ്ഘാടന ചടങ്ങുകളില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധക്കാരുമെത്തിയതോടെ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടു. മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിരന്തരം ആഹ്വാനം ചെയ്യുന്ന സര്‍ക്കാര്‍ തന്നെ അതു ലംഘിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ഉദ്ഘാടന മാമാങ്കത്തിലൂടെ കാണുന്നത്. മന്ത്രിമാര്‍ ഓണ്‍ലൈനായി പങ്കെടുക്കുമ്പോഴും മാതൃകയാകേണ്ട മറ്റ് ജനപ്രതിനിധികള്‍ നേരിട്ടെത്തുന്നത് കൊവിഡ് വ്യാപനം തടയുന്നതിന് വെല്ലുവിളിയാകുകയാണ്.
മുഖ്യമന്ത്രിക്ക് ഇന്നലെ മാത്രം
ഉദ്ഘാടനം അഞ്ച്
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ചു പരിപാടികളാണ് വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തത്. രണ്ടു പൊലിസ് സ്‌റ്റേഷനുകള്‍, രണ്ടു പൊലിസ് കണ്‍ട്രോള്‍ റൂമുകള്‍, തൃശൂര്‍ റെയില്‍വേ ബ്രിഡ്ജ്, ബസ്‌സ്റ്റാന്റ്, 34 സ്‌കൂള്‍ കെട്ടിടങ്ങള്‍, കാസര്‍കോട്് ടാറ്റ ആശുപത്രി കൈമാറല്‍, നാട്ടിക കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ് മെന്റ് സെന്റര്‍ എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
മന്ത്രി രാജു നേരിട്ടെത്തി;
മുട്ടക്കോഴി വിതരണത്തിന്
മന്ത്രി രാജു മുട്ടക്കോഴി വിതരണത്തിന് നേരിട്ടെത്തി. കൊല്ലത്ത് മന്ത്രി പങ്കെടുത്ത ഈ പരിപാടിയില്‍ ഒരു കൊവിഡ് മാനദണ്ഡങ്ങളും പാലിക്കപ്പെട്ടില്ല. കോട്ടയം കോരുത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഓണ്‍ലൈനായി നിര്‍വഹിച്ചപ്പോള്‍ സ്ഥലം എം.എല്‍.എ പി.സി ജോര്‍ജ് നേരിട്ടെത്തി. പത്തനംതിട്ട ഉപദേശിക്കടവ് പാലത്തിന്റെ ശിലാസ്ഥാപനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ഓണ്‍ലൈനായാണ് നിര്‍വഹിച്ചതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാനെത്തിയത് നിരവധി പേരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."