മുസ്‌ലിം ബ്രദര്‍ഹുഡിനെ യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിക്കും
വാഷിങ്ടണ്‍: ഈജിപ്തിലെ ജനപിന്തുണയേറിയ ഇസ്‌ലാമിക സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ യു.എസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സംഘടനയ്‌ക്കെതിരേ ഉപരോധം കൊണ്ടുവരുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. ഈമാസം 9ന് വൈറ്റ്ഹൗസ് സന്ദര്‍ശിച്ച ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയാണ് യു.എസിനെ ഇതിനു പ്രേരിപ്പിച്ചതെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൂടിക്കാഴ്ചയ്ക്കു ശേഷം സിസിയെ മഹാനായ പ്രസിഡന്റെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
1928ല്‍ ഈജിപ്തില്‍ രൂപീകരിക്കപ്പെട്ട ഇസ്‌ലാമിക നവോത്ഥാന സംഘടനയാണ് ഇഖ്‌വാന്‍ അല്‍ മുസ്‌ലിമൂന്‍ എന്ന മുസ്‌ലിം ബ്രദര്‍ഹുഡ്. ലോകത്ത് നിരവധി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയെ 2013ല്‍ മുഹമ്മദ് മുര്‍സിയെ പുറത്താക്കി സിസിയുടെ പട്ടാളഭരണകൂടം അധികാരം പിടിച്ചെടുത്തതോടെ ഈജിപ്തില്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവായ മുര്‍സി രാജ്യത്ത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായിരുന്നു. 2012ല്‍ ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ നീണ്ടകാലം പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറക് സ്ഥാനമൊഴിഞ്ഞതോടെ നടന്ന തെരഞ്ഞെടുപ്പിലാണ് മുസ്‌ലിം ബ്രദര്‍ഹുഡ് അധികാരത്തിലെത്തിയത്. എന്നാല്‍ പട്ടാള അട്ടിമറിയിലൂടെ മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതോടെ ബ്രദര്‍ഹുഡിന്റെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. നേതാക്കളുള്‍പ്പെടെ നൂറുകണക്കിനു പേരെ വധശിക്ഷയ്ക്കു വിധേയമാക്കുകയും ചെയ്തു. ഈജിപ്തിലെ പട്ടാള ഭരണകൂടവുമായി അടുത്ത ബന്ധമുള്ള സഊദി അറേബ്യയും യു.എ.ഇയും ബ്രദര്‍ഹുഡിനെ കരിമ്പട്ടികയില്‍ പെടുത്തിയെങ്കിലും നിയമപരവും നയപരവുമായ കാരണങ്ങളാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ അങ്ങനെ ചെയ്തിരുന്നില്ല. എന്നാല്‍ ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ സിസി ഭരണകൂടം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. 2017 മാര്‍ച്ചില്‍ മുന്‍ നയതന്ത്രജ്ഞരും നിയമവിദഗ്ധരും ഉള്‍പ്പെടെ നിരവധി ജനപ്രതിനിധികളെയും സിസി യു.എസിനെ ഈ സംഘടനയെ നിരോധിക്കേണ്ടത് ആവശ്യമാണെന്നു ബോധ്യപ്പെടുത്താനായി അയച്ചു. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനും ഇതിനെ അനുകൂലിച്ചെങ്കിലും പെന്റഗണും നിയമജ്ഞരും നയതന്ത്രജ്ഞരും രാജ്യത്തിന്റെ നയപരമായ രീതിക്ക് എതിരാണെന്ന് വാദിച്ചു. എന്നാല്‍ ബ്രദര്‍ഹുഡിന്റെ കേഡര്‍ ഘടനയും മധ്യേഷ്യയിലെ രാഷ്ട്രീയബന്ധങ്ങളും കാരണം സംഘടനയെ നിരോധിക്കാതിരിക്കുകയാണ് നല്ലതെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് സര്‍ക്കാരിനെ ഉപദേശിച്ചു. തുര്‍ക്കി, തുനീഷ്യ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബ്രദര്‍ഹുഡുമായി നല്ല ബന്ധമാണുള്ളത്. ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത് യു.എസിനെ ഏതു രീതിയിലാണ് ബാധിക്കുകയെന്ന് വ്യക്തമല്ലെന്ന് ടൈംസ് അഭിപ്രായപ്പെട്ടു. അതേസമയം, അമേരിക്കയിലെ മുസ്‌ലിം സമൂഹത്തില്‍ ഏറ്റവും വലിയ സംഘടിത ശക്തിയായ ബ്രദര്‍ഹുഡിന് അവിടെ നൂറുകണക്കിനു പള്ളികളും ബിസിനസ് സംരംഭങ്ങളും ഉണ്ടെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സിസിയുടെ നീക്കത്തെ മനുഷ്യാവകാശ സംഘടനകളും വിമര്‍ശിച്ചിട്ടുണ്ട്. നേരത്തെ ഇറാന്റെ സൈന്യത്തെ ട്രംപ് ഭരണകൂടം ഭീകരസംഘടനയായി പ്രഖ്യാപിച്ചത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."