നാല് ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടുതല്‍; പരിശോധന കൂട്ടണം: ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ നാലു ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടുതലാണെന്നും ഇവിടങ്ങളില്‍ പരിശോധന കൂട്ടണമെന്നും ആരോഗ്യവകുപ്പ്. മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൊവിഡ് പരിശോധന കൂട്ടണമെന്ന് ആരോഗ്യവകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ ഉള്ളവരെയെല്ലാം ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നതായും ആരോഗ്യവകുപ്പ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിശോധന കൂട്ടിയാല്‍ മാത്രമേ രോഗവ്യാപനം തടയാന്‍ സാധിക്കുകയുള്ളൂവെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
മൂന്നു ജില്ലകളിലെ മരണനിരക്ക് സംബന്ധിച്ചും ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്. കണ്ണൂര്‍, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് മരണനിരക്ക് കൂടുതലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ മാസം ഈ ജില്ലകളിലെ മരണനിരക്ക് സംസ്ഥാനത്തിന്റെ നിലവിലെ മരണനിരക്കിനെക്കാള്‍ മുകളിലാണ്.
കണ്ണൂര്‍- 0.86, തിരുവനന്തപുരം- 0.71 എന്നിങ്ങനെയാണ് മരണനിരക്ക്. എന്നാല്‍, 0.40 ആണ് സംസ്ഥാനത്തെ ആകെ മരണനിരക്ക്. ഈ മാസത്തെ ആദ്യ ആഴ്ചയില്‍ മാത്രം 53 മരണങ്ങളും 12,456 പോസിറ്റിവ് കേസുകളുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജാഗ്രത പാലിച്ചാല്‍ മരണനിരക്ക് കുറയ്ക്കാമെന്നും റിവേഴ്സ് ക്വാറന്റൈനില്‍ വീഴ്ചവരാതെ ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് കൊവിഡ് പരിശോധന കൂട്ടിയിട്ടുണ്ട്. ഇന്നലെ 45,949 സാംപിളുകളാണ് പരിശോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."