കരിപ്പൂര്‍ വിമാനത്താവള പരിസരം ശുചീകരിച്ച് വിമാനത്താവള ജീവനക്കാര്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള പരിസരം ശുചീകരിക്കാന്‍ വിമാനത്താവള ഡയറക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. സ്വഛ്ഭാരതിന്റെ ഭാഗമായാണ് ശുചീകരണം നടത്തിയത്. വിമാനത്താവളത്തിന്റെ പ്രവേശന കവാടം മുതല്‍ നുഅ്മാന് ജങ്ഷന്‍ വരെയുളള ഭാഗമാണ് എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ ശുചീകരിച്ചത്. റോഡിന്റെ ഇരുഭാഗവും ജീവനക്കാരുടെ നേതൃത്വത്തില്‍ കാടു വെട്ടി വൃത്തിയാക്കി. മാലിന്യങ്ങള്‍ പിന്നീട് വിമാനത്താവളത്തിലെ സീറോവേസ്റ്റ് മാനേജ്‌മെന്റ് സംവിധാനം വഴി സംസ്‌കരിച്ചു. പദ്ധതിയുടെ ഭാഗമായി മരം നടല്‍, വിമാനത്താവളത്തിനു സമീപത്തെ വിവിധ സ്‌കൂളുകളില്‍ വ്യത്യസ്ത പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.'ശുചിത്വം'എന്ന വിഷയത്തെ ആസ്പദമായി വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം, പെയിന്റിങ് തുടങ്ങിയവും നടത്തും. വിമാനത്താവളത്തിലെ 75 ലധികം ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ജനാര്‍ദ്ധനന്‍, ജോ.ജനറല്‍ മാനേജര്‍ കമ്മ്യൂണിക്കേഷന്‍സ് മുനീര്‍, ജോ.ജനറല്‍ മാനേജര്‍ (എ.ടി.സി)മുഹമ്മദ് ഷായിബ്, ജോ.ജനറല്‍ മാനേജര്‍ പി.കെ.എസ് കര്‍ത്താ, ജോ.ജനറല്‍ മാനേജര്‍ സിവില്‍ ശിവരാജ്, ചീഫ് സെക്യൂരിറ്റി മാനേജര്‍ ജ്യോതി എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.
ചിത്രം: സ്വഛ്ഭാരത് പദ്ധതിയുടെ ഭാഗമായി വിമാനത്താവളപരിസരത്ത് എയര്‌പോര്‍ട്ട് അതോറിറ്റി ജീവനക്കാര് ശുചീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."