'പടപൊരുതാന്‍' റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി
ന്യുഡല്‍ഹി: റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. രാവിലെ പത്തുമണിക്ക് ഹരിയാനയിലെ അംബാല വിമാനത്താവളത്തില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. ഫ്രാന്‍സ് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലിയും ചടങ്ങില്‍ മുഖ്യ അതിഥിയായി. ചടങ്ങിന്റെ ഭാഗമായി വ്യോമാഭ്യാസ പ്രകടനവും നടന്നു.
റഫാല്‍ വിമാനങ്ങള്‍ സ്ക്വാഡ്രണ്‍ 17 ഗോള്‍ഡന്‍ ആരോസിന്റെ ഭാഗമാകും. മിറാഷ് യുദ്ധ വിമാനങ്ങളേക്കാള്‍ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താന്‍ കഴിയും. പറക്കലില്‍ 25 ടണ്‍ വരെ ഭാരം വഹിക്കാനാകും. 59,000 കോടി രൂപയ്ക്കാണ് 36 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്.
രണ്ടു പതിറ്റാണ്ടിനിടയില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് കിട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട സമ്മാനമാണ് റഫാല്‍ വിമാനങ്ങള്‍. ജൂലൈ 29 നാണു ആദ്യബാച്ച് ഇന്ത്യയില്‍ എത്തിയത്. കൂടുതല്‍ വിമാനങ്ങള്‍ അടുത്ത മാസം ഇന്ത്യയില്‍ എത്തും. പരിപാടിക്കായി എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.
ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്.കെ.എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."