മൂന്നു മാസം മുമ്പ് സഊദിയിൽ കാണാതായ തൃശൂർ സ്വദേശി മരിച്ചതായി പൊലിസ്
ജിദ്ദ: മൂന്നു മാസത്തിലേറെയായി റിയാദില്‍നിന്നു കാണാതായ തൃശൂര്‍ ചന്ദ്രാപ്പിനി സ്വദേശി തളിക്കുളം മുഹമ്മദ് എന്ന സെയ്ദു മുഹമ്മദ് (57) മരിച്ചതായി പോലിസ്. വിരലടയാളം ഉപയോഗിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞെങ്കിലും ബന്ധുക്കളാരുമെത്താതിനാല്‍ മൂന്നു മാസത്തിന് ശേഷം ഓഗസ്റ്റ് 30 ന് മന്‍ഫൂഹ ഖബര്‍സ്ഥാനില്‍ ഖബറടക്കിയതായി മന്‍ഫൂഹ പോലിസ് റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്മാന് സിദ്ദീഖ് തുവ്വൂരിനെ അറിയിച്ചു. മറ്റൊരു മരണ കേസുമായി പോലിസ് സ്റ്റേഷനില്‍ ചെന്നപ്പോഴാണ് പോലീസ് ഈ വിവരം കൈമാറിയത്.
പനി ബാധിച്ച് ശുമൈസി ആശുപത്രിയില്‍ മെയ് 28ന് സെയ്ദുമുഹമ്മദ് ചികിത്സ തേടിയിരുന്നു. അന്ന് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ്
ഇദ്ദേഹത്തെ കാണാതായത്. ബന്ധുക്കളും സുഹൃത്തുക്കളും വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പോലിസിലും പരാതിപ്പെട്ടിരുന്നു. ഇദ്ദേഹം താമസ സ്ഥലത്തുവെച്ചാണ് മരിച്ചതെന്നും തുടര്‍ന്ന് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നുവെന്നും മൂന്നു മാസം കഴിഞ്ഞും ആരും ബന്ധപ്പെടാതിരുന്നതിനാലാണ് അജ്ഞാത മൃതദേഹമെന്ന നിലയില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഖബറടക്കിയതെന്നുമാണ് പോലിസ് അറിയിച്ചത്. 30 വര്‍ഷക്കാലമായി സഊദിയിലുള്ള ഇദ്ദേഹം സുലൈയിലെ ഫുഡ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."