മൂന്ന് കൊവിഡ് മരണം കൂടി, ആകെ മരണം നാനൂറാകുന്നു, റാന്നിയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ യുവാവ് തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. അടൂര്‍ വെള്ളക്കുളങ്ങര വയലില്‍ ലക്ഷ്മി ഭവനത്തില്‍ രഞ്ജിത്ത് ലാല്‍(29), പന്തളം സ്വദേശി റജീന (44), കാസര്‍കോട് നായന്മാര്‍ മൂലയിലെ മറിയുമ്മ (68) എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
പത്തനംതിട്ടയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് രഞ്ജിത്ത് ലാല്‍. വൃക്കരോഗിയാണ് മരിച്ച റജീന. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 396 ആയി.
അതേ സമയം പത്തനംതിട്ട റാന്നിയില്‍ ക്വാറന്റീന്‍ സെന്ററില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കലഞ്ഞൂര്‍ സ്വദേശി നിശാന്ത് (41) ആണ് ആത്മഹത്യ ചെയ്തത്. രണ്ട് ദിവസം മുമ്പാണ് ബെംഗളൂരുവില്‍ നിന്ന് നിശാന്ത് നാട്ടിലെത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് ക്വാറന്റീന്‍ സെന്ററിലെ ഫാനില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റാന്നിക്ക് സമീപം വൈക്കത്ത് ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുട്ടികളും താമസിക്കുന്നുണ്ട്. പുറത്തുപോകണമെന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കിലും ക്വാറന്റീനില്‍ കഴിയുന്നതിനാല്‍ നടത്തിപ്പുകാര്‍ അനുമതി നല്‍കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."