സ്വര്‍ണ്ണക്കടത്തില്‍ ബിനീഷിന്റെ പങ്കിനെക്കുറിച്ച് സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി, കോടിയേരി സെക്രട്ടറി സ്ഥാനം രാജിവെച്ച് മാതൃക കാണിക്കണം
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ ബിനീഷ് കോടിയേരിയുടെ ബന്ധത്തെക്കുറിച്ചുള്ള സി.പി.എം നിലപാട് തുറന്ന് പറയാന്‍ തയാറാകണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ബിജെപി ആണ് ആദ്യം ഇക്കാര്യം ഉന്നയിച്ചത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് കൊണ്ടുമാത്രം ആണ് ബിനീഷ് നിയമത്തിന്റെ വലയില്‍ ആയത്. രാഷ്ട്രീയ ധാര്‍മികത മുന്നോട്ട് വച്ച് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജി വെക്കണം. സ്ഥാനം ഒഴിഞ്ഞ് മാതൃക കാണിക്കുകയാണ് കോടിയേരി ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള തീരുമാനത്തോട് പൂര്‍ണ വിയോജിപ്പാണുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. എല്‍.ഡി.എഫിനും യു.ഡി.എഫിനും പരാജയ ഭീതി ആണ്. ജനങ്ങള്‍ക്കിടയില്‍ ഇരു മുന്നണികള്‍ക്കും പ്രതിച്ഛായ നഷ്ടപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് ഒരു കാരണവശാലും മാറ്റി വയ്ക്കരുത്. സര്‍വകക്ഷി യോഗത്തില്‍ ബി.ജെ.പി ശക്തമായ നിലപാട് ഉന്നയിക്കും. ജനുവരിയില്‍ കൊവിഡ് കുറയും എന്ന് എന്താണ് ഉറപ്പ് ഉള്ളത്. ആരോഗ്യ വകുപ്പോ വിദഗ്ധരോ അങ്ങനെ പറഞ്ഞു കണ്ടിട്ടില്ല.
കൊവിഡ് എന്തായലും മാര്‍ച്ച് മാസം വരെ തുടരും എന്നാണ് പൊതുവില്‍ വിലയിരുത്തുന്നത്. അതുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി നീട്ടും എന്ന് പറയുന്നതില്‍ യുക്തി ഇല്ല. തെരഞ്ഞെടുപ്പ് പ്രചാരണ രീതി ആണ് മാറേണ്ടത്, തീയതി അല്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."