വിദേശയാത്രയും വിസയും റദ്ദായി: വിമാനക്കമ്പനി ജീവനക്കാരനെതിരേ പ്രവാസി നിയമനടപടിക്ക്
കൊണ്ടോട്ടി: വിമാന കമ്പനി ജീവനക്കാരന്റെ നിരുത്തവരാവാദമായ ഇടപെടലിനെ തുടര്‍ന്ന് വിദേശയാത്രയും പ്രവാസിയുടെ വിസയും റദ്ദായി. ഇതിനെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് മലപ്പുറം നീരോല്‍പ്പാലം തൊണ്ടിക്കോടന്‍
അബ്ദുള്‍ സലാം.
സഊദി അറേബ്യയിലെ ദിശയില്‍ 24 വര്‍ഷമായി ഡ്രൈവറായി ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന സലാം കഴിഞ്ഞ 14ന് പുലര്‍ച്ചെ രണ്ടുമണിക്ക് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ജിദ്ദയിലേക്ക് പോകാനെത്തിയപ്പോഴാണ് വിമാന കമ്പനി ഉദ്യോഗസ്ഥന്‍ യാത്ര തടഞ്ഞത്.
പാസ്‌പോര്‍ട്ടിലെ പേരിനെ ചൊല്ലിയായിരുന്നു ഉദ്യോഗസ്ഥന്‍ പ്രശ്‌നമുണ്ടാക്കിയതെന്ന് സലാം പറഞ്ഞു. മേല്‍വിലാസം തെറ്റായതിനാല്‍ യാത്രയുടെ മൂന്ന് മാസം മുമ്പാണ് സലാം പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച് പഴയ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തത്. തുടര്‍ന്ന് 5000 രൂപ പിഴ നല്‍കിയാണ് പുതിയ പാസ്‌പോര്‍ട്ട് എടുത്തത്.
എന്നാല്‍ ഇൗ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യാനാവില്ലെന്ന് വിമാനകമ്പനി കൗണ്ടര്‍ ജീവനക്കാരന്‍ ശഠിക്കുകയും യാത്ര തടയുകയുമായിരുന്നുവെന്നാണ് പരാതി.
കാരണം തേടിയപ്പോള്‍ ഉദ്യോഗസ്ഥന്‍ പാസ്‌പോര്‍ട്ട് എടുത്ത് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് രാവിലെ ആറ് മണിയോടെ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ക്ക് പരാതി നല്‍കിയതോടെയാണ് പാസ്‌പോര്‍ട്ട് പോലും കൈമാറിയത്. യാത്ര മുടങ്ങിയതോടെ വിസയും റദ്ദാകുകയായിരുന്നു.
24 വര്‍ഷത്തെ സേവനത്തിനുളള ആനുകൂല്യം പോലും നഷ്ടപ്പെടുന്ന അവസ്ഥയിലായ സലാം നഷ്ടപരിഹാരം തേടി കരിപ്പൂര്‍ പൊലിസില്‍ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കി. ഉദ്യോഗസ്ഥന് വക്കീല്‍ നോട്ടിസ് അയച്ചതായും സലാം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."