HOME
DETAILS

തട്ടം കീറാനല്ല ഈ കത്രിക, തല തന്നെ പിളര്‍ത്താനാണ്

  
backup
May 02 2019 | 18:05 PM

%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%95%e0%b5%80%e0%b4%b1%e0%b4%be%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%88-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%a4

 


സ്ത്രീ മുഖാവരണമണിയുന്നതിനെ ഇസ്‌ലാമിക പ്രമാണങ്ങളും ഇതര ആചാര്യസാഹിത്യങ്ങളും എങ്ങനെയാണ് കാണുന്നതെന്ന് നോക്കാം.
ഖുര്‍ആന്‍ പറയുന്നു: നബിയേ, താങ്കളുടെ പത്‌നിമാര്‍, പുത്രിമാര്‍, വിശ്വാസികളായ സ്ത്രീകള്‍ ഇവരോടെല്ലാം തങ്ങളുടെ മുഖപടങ്ങള്‍ താഴ്ത്തിയിടാന്‍ നിര്‍ദേശിക്കുക. അവരെ തിരിച്ചറിയാന്‍ ഏറ്റവും പറ്റിയ മാര്‍ഗമതാണ്; ശല്യം ചെയ്യപ്പെടാതിരിക്കാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ് ( അന്നിസാ : 59).


മറ്റൊരു വചനം: അവരുടെ ശിരോവസ്ത്രം മാറിലൂടെ താഴ്ത്തിയിടട്ടെ (അല്‍അഹ്‌സാബ്‌: 59).


ഇമാം ബുഖാരി പറയുന്നു: 'അവരുടെ ശിരോവസ്ത്രം മാറിലൂടെ താഴ്ത്തിയിടട്ടെ എന്ന വചനം അവതീര്‍ണമായപ്പോള്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്ത സ്ത്രീകള്‍ അവരുടെ ഉടുവസ്ത്രം കഷ്ണിച്ച് അതുകൊണ്ട് മുഖം മൂടി.'
മഹതി ഉമ്മു സലമ(റ) പറയുന്നു: 'അവരുടെ ശിരോവസ്ത്രം മാറിലൂടെ താഴ്ത്തിയിടട്ടെ എന്ന വചനം അവതരിച്ചുകഴിഞ്ഞപ്പോള്‍ അന്‍സാരീ വനിതകള്‍ പുറത്തിറങ്ങിയിരുന്നത് വസ്ത്രം മറച്ചതിനാല്‍ അവരുടെ തലകളില്‍ കാക്കകള്‍ ഇരിക്കുന്നതുപോലെയായിരുന്നു.'


ഷേക്‌സ്പിയറിന്റെ ഹാംലെറ്റില്‍ ദൂരയാത്രയ്‌ക്കൊരുങ്ങുന്ന ലേറ്റര്‍സിനെ ആശീര്‍വദിച്ച് പിതാവു പറയുന്നതിങ്ങനെയാണ്: 'നീ അണിയുന്ന വസ്ത്രങ്ങള്‍ ഏറ്റവും കുലീനമാവണം. പക്ഷെ, വര്‍ണപ്പകിട്ടും കനകച്ചിലങ്കയുമണിഞ്ഞു ശ്രദ്ധയാകര്‍ഷിക്കരുത്.'
ഈ വരികള്‍ ഉദ്ധരിച്ച് തന്റെ 'പ്രതിവാരചിന്തകള്‍'എന്ന പംക്തിയില്‍ സാമൂഹികനിരൂപകനായ കൃഷ്ണവാരിയര്‍ ഇങ്ങനെ എഴുതി: കൊള്ളയടിക്കപ്പെടാനുള്ള സാധ്യതയാണു ഷേക്‌സ്പിയര്‍ തന്റെ കഥാപാത്രത്തിലൂടെ സൂചിപ്പിച്ചതെങ്കില്‍ ഇന്നതു പെണ്‍പീഡനമെന്നാക്കി വായിക്കാവുന്നതാണ്.
അന്യപുരുഷന്മാരെ കാണുമ്പോള്‍ സ്ത്രീകള്‍ മുഖാവരണം താഴ്ത്തണമെന്നു ബൈബിള്‍ പഴയനിയമം അനുശാസിക്കുന്നു. (ഉല്‍പ്പത്തി 2462). സ്ത്രീയുടെ മുഖാവരണം നീക്കുന്നത് അവളുടെ ചാരിത്ര്യം നശിപ്പിക്കുന്നതിനു തുല്യമാണെന്ന് ഉത്തമഗീതം 57 പറയുന്നു.
ക്വരിന്ത്യര്‍ 11: 5ലുള്ളത്: ശിരസ് മറയ്ക്കാത്ത സ്ത്രീയുടെ പ്രാര്‍ഥന സ്വീകരിക്കപ്പെടില്ല, അല്ലെങ്കില്‍ അവള്‍ തലമുണ്ഡനം ചെയ്യട്ടെ. പഴയനിയമം ക്രൈസ്തവരും ജൂതരും അംഗീകരിക്കുന്നവയാണ്. ഭാരതീയസംസ്‌കാരത്തോടു യോജിക്കാത്ത സ്ത്രീയഴിഞ്ഞാട്ടങ്ങള്‍ വഴി വര്‍ധിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് അവര്‍തന്നെയാണ് ആദ്യപ്രതികളെന്നു സുപ്രിംകോടതിയിലെ മുന്‍ജഡ്ജി പ്രസ്താവിച്ചത് ഏറെ ചര്‍ച്ചയ്ക്കു വഴിവച്ചിരുന്നു. ആ പ്രസ്താവനയെ നടന്‍ മമ്മൂട്ടിയും ഗാനഗന്ധര്‍വന്‍ യേശുദാസുമൊക്കെ സ്വാഗതം ചെയ്തു. 'എന്റെ വീട്ടിലെ പെണ്‍കുട്ടിയെ ലെഗിനും നെക് ബനിയനുമണിഞ്ഞു പുറത്തിറങ്ങാന്‍ ഞാന്‍ സമ്മതിക്കില്ല' എന്നായിരുന്നു യേശുദാസിന്റെ കമന്റ്. പെണ്ണിനെ പരിപാലിക്കുന്നതിനെക്കുറിച്ച് അടിച്ചമര്‍ത്തലെന്നു ചിത്രീകരിക്കുന്നവര്‍ക്കെതിരേയുള്ള വിവേകശാലികളുടെ നിലപാടായിരുന്നു അത്.


രണ്ടു രീതിയിലാണ് മുസ്‌ലിം സ്ത്രീയുടെ മുഖാവരണ വിഷയം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. എം.ഇ.എസ് സ്ഥാപനങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ അസാധാരണ വസ്ത്ര രീതിയായതിനാല്‍ മുസ്‌ലിം പെണ്‍കുട്ടികളെ നിഖാബ് ധരിക്കാന്‍ സമ്മതിക്കില്ല എന്ന സര്‍ക്കുലറും ഹൃദയഭേദകമായ ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അവിടെ ഉടലെടുത്ത ഹിജാബ് നിരോധനാവശ്യങ്ങളുമാണവ. ഭീകരതയും സ്ത്രീ വസ്ത്രധാരണവും തമ്മില്‍ ബന്ധം എവിടെയും ചേര്‍ക്കപ്പെട്ടിട്ടില്ല. കുറ്റം തെളിയിക്കപ്പെട്ടതോ സംശയിക്കപ്പെടുന്നതോ ആയ തീവ്രവാദിനികള്‍ എവിടെയും മുഖം തുറന്നിട്ടവര്‍ തന്നെയായിരുന്നു. ഐസിസില്‍ ചേരാന്‍ പോയ യൂറോപ്യന്‍ യുവതികള്‍ മുതല്‍ ചമ്പല്‍ക്കാടുകളെ വിറപ്പിച്ച ഫൂലന്‍ ദേവിയും രാജീവ്ഗാന്ധിയെ ഭസ്മമാക്കിയ തമിഴത്തി തനുവുമൊക്കെ മുഖാവരണം അണിയാതെ ലോകത്തോട് സംസാരിച്ചവരാണ്. അതിനാല്‍ നിഖാബിനോടും ഹിജാബിനോടുമുള്ള രാജ്യാന്തരീയ അസഹിഷ്ണുത ഇസ്‌ലാമിനെ അന്യവല്‍കരിക്കുകയും അപരവല്‍കരിക്കുകയും ചെയ്യുന്ന ഫോബിയാ പൊളിറ്റിക്‌സിന്റെ ഭാഗമാണ്.


ഈ അന്താരാഷ്ട്ര പശ്ചാത്തലത്തിന്റെ മറവില്‍ കൂടിത്തന്നെയാണ് പ്രത്യേകിച്ചൊരു പ്രേരണയൊന്നുമില്ലാതെ എം.ഇ.എസിന്റെ ചെലവില്‍ ഫസല്‍ ഗഫൂര്‍ നിഖാബിനെതിരേ രംഗത്തുവന്നിരിക്കുന്നത്. പതിവുപോലെ ഇരുണ്ട കാട്ടിലകപ്പെട്ട മുസ്‌ലിം സ്ത്രീകളെ നിറങ്ങളുടെ ചന്തയിലെത്തിക്കുന്ന ഉദ്യോഗം ഏറ്റെടുത്ത പ്രമുഖരെല്ലാം വരിവരിയായി വന്ന് തട്ടംകീറുന്ന വിപ്ലവത്തെക്കുറിച്ച് വാചാലരായി. ഹിജാബും പര്‍ദയും വരുന്നതിന് മുമ്പ് മലബാറിലെ മുസ്‌ലിം ഉമ്മച്ചിമാര്‍ തലയിലെ തട്ടം നീട്ടി അതിനകത്താക്കി മറച്ചുവെച്ചതാണ് അവരുടെ മുഖങ്ങള്‍ . അറക്കല്‍ ബീവി അണിയാത്തത് പലതും മുനമ്പത്ത് ബീവി അണിഞ്ഞിട്ടുണ്ട്, അറിഞ്ഞിട്ടുമുണ്ട്. ഫെമിനിസ്റ്റുകള്‍ക്ക് പുറമെ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ബശീര്‍ വള്ളിക്കുന്ന്, അഡ്വ. ശുക്കൂര്‍, വി.പി റജീന തുടങ്ങിയവര്‍ മുഖാവരണ സംസ്‌കാരം ഖുര്‍ആനിക വിരുദ്ധമാണെന്ന് കണ്ടെത്തി ഉപന്യാസങ്ങള്‍പുറത്തുവിട്ടിട്ടുണ്ട്. രണ്ടേരണ്ടു കാര്യങ്ങള്‍ കൊണ്ട് ഈ വിവാദം ആരെയും നന്നാക്കാനല്ല, രംഗം വെടക്കാക്കി തനിക്കാക്കാന്‍ ചിലര്‍ കാണിക്കുന്ന അത്യുത്സാഹമാണെന്നു ബോധ്യമാവും.


ഒന്നാമതായി, വസ്ത്രധാരണത്തിന്റെ പ്രേരണകളില്‍ ഒന്നു മാത്രമാണ് മതം. പ്രാദേശികത, വിനോദം, ആഘോഷം തുടങ്ങിയ ഘടകങ്ങളും വ്യക്തിപരമായ അഭീഷ്ടങ്ങളും അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ആരാധനയുടെ ഭാഗമായി പൂര്‍ണ നഗ്‌നത അണിയുന്നവര്‍ അലഹബാദിലും വിനോദത്തിന്റെ ഭാഗമായി പൂര്‍ണ നഗ്‌നത അണിയുന്നവര്‍ മഡ്ഗാവിലും ഇവിടെ കോവളത്തും ജീവിച്ചുപോവുന്നത് മറ്റുള്ളവരുടെ കാണാതിരിക്കാനുള്ള അവകാശത്തേക്കാള്‍ ഇവരുടെ കാണിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ്. പൂര്‍ണ നഗ്‌നത ഒരു സംസ്‌കാരമായി ഉള്‍ക്കൊള്ളാവുന്ന നാട്ടില്‍ പൂര്‍ണ വസ്ത്രത അംഗീകരിക്കപ്പെടേണ്ട മറ്റൊരു സംസ്‌കാരം തന്നെയാണ്. മറ്റുള്ളവര്‍ക്കു മേല്‍ ചാര്‍ത്താന്‍ ശ്രമിക്കാതെ ആചരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആകാവുന്ന കാര്യം.


നിഖാബ് അണിഞ്ഞാല്‍ രൂപപ്പെടുന്ന ഐഡന്റിറ്റി പ്രോബ്ലം കൃത്രിമമാണ്. ഭരണഘടനാപരമായ രേഖീകരണ വേളകളിലും ചികിത്സാപരവും തൊഴില്‍പരവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയും ഉരിയുന്ന ഉടയാണ് നിഖാബ്. ആയിരക്കണക്കിനു വിദ്യാര്‍ഥിനികള്‍ കേരളത്തില്‍ തന്നെ ഇതണിഞ്ഞ് പൊതു കലാലയങ്ങളില്‍ പഠിച്ചുവരുന്നുണ്ട്. ഒരധ്യാപകനോ അധ്യാപികയോ അധ്യായനത്തിനോ സമ്പര്‍ക്കത്തിനോ ഇത് തടസമാണെന്ന് സ്വമേധയാ പറയുകയോ എഴുതുകയോ ചെയ്തിട്ടില്ല. മുസ്‌ലിം രാഷ്ട്രങ്ങള്‍ കേരളത്തെക്കാള്‍ വിദ്യാഭ്യാസ പുരോഗതി നേടിയെടുക്കുമ്പോള്‍ ഒരു ഭരണപരിഷ്‌കാരവും നിഖാബ് കീറിയിട്ടില്ല.


ഐഡന്റിറ്റിയാണ് പ്രശ്‌നമെങ്കില്‍ പ്രാദേശിക വിരുദ്ധമായ പടിഞ്ഞാറന്‍ അനുകരണങ്ങളാണ് ആദ്യം നിര്‍ത്തല്‍ ചെയ്യേണ്ടത്. സ്ത്രീയുടലിന് ഉചിതമായ ഉടയാടകള്‍ ഉപേക്ഷിച്ച് നാനോടെക് നൂലുകളായി പെണ്ണുടയാടകള്‍ മാറിയതിനാല്‍ കാംപസുകളില്‍ ആണിനെയും പെണ്ണിനെയും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത പ്രശ്‌നം പങ്കുവച്ചവരെ കാണിച്ചുതരാം.
രണ്ടാമതായി, മുഖാവരണമണിയുന്ന പെണ്‍കുട്ടികള്‍ പരാതിയോ പരിഭവമോ പറയുന്നില്ല. അവര്‍ അക്കാര്യത്തില്‍ സംതൃപ്തരും സുരക്ഷിതരുമാണ്. എം.ഇ.എസ് മേധാവി നിഖാബണിയുന്ന പെണ്‍കുട്ടികളെ വിളിച്ചുകൂട്ടി ഇക്കാര്യത്തില്‍ ഒരു ഹിതപരിശോധന നടത്തിയാല്‍ സംഗതി മനസ്സിലാവും. ഓപ്പണ്‍ ഡ്രസ് കോഡില്‍ സംതൃപ്തി കണ്ടെത്താനുള്ള അവകാശം പോലെ ഹിജാബണിഞ്ഞ് സംതൃപ്തിയണിയാനുള്ള അവകാശവും വസ്തുതയാണ്. ഇവയില്‍ തങ്ങള്‍ വിഭാവനം ചെയ്യുന്നതിനെ കുറിച്ച് മാത്രമേ സംതൃപ്തി എന്ന് പറയാന്‍ പാടുള്ളൂ . വാശിയാണ് പല മുന്‍ധാരണക്കാരുടെയും രോഗം.


മുസ്‌ലിം സ്ത്രീകളുടെ വിഷയത്തില്‍ മേല്‍പറയപ്പെട്ടവര്‍ മതപണ്ഡിതന്മാര്‍ക്കെതിരേ തിരിയുന്നതിന്റെ പ്രായോഗിക കാരണം സെക്കുലര്‍ സമൂഹം അനുവദിക്കുന്ന ഇളവുകള്‍ നല്‍കി മതസങ്കേതങ്ങള്‍ മുസ്‌ലിം പെണ്‍കുട്ടികളെ കാറ്റിലാടാന്‍ അനുവദിക്കുന്നില്ല എന്നതാണ്. കഴിഞ്ഞ വര്‍ഷം മാത്രം ഇതിന്റെ പേരില്‍ നടന്ന വിവാദങ്ങള്‍ നിരവധിയാണ്. ഫ്‌ളാഷ്‌മോബ്, വത്തക്ക, മാണിക്യമലര്‍ തുടങ്ങിയ കോഡ്‌നാമങ്ങളില്‍ അവ പുതിയ കുപ്പി കാത്ത് ഒലിക്കാന്‍ കിടക്കുന്നുണ്ട്.
ഭരണഘടനാപരമായ സ്വാതന്ത്ര്യം എന്നതാണ് അവിടെ സ്വതന്ത്രവാദികളുടെ പിടിത്തം. ഒരു കാര്യം ഭരണഘടനാപരമായി സാധുവാണെന്നതിന് അക്കാര്യം രാജ്യത്തിന്റെ നിയമത്തില്‍ കുറ്റകരമല്ലെന്നു മാത്രമാണ് അര്‍ഥം. അങ്ങനെയൊരു കാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനാണു പൗരാവകാശമെന്നു പറയുന്നത്. അത്തരം കാര്യം എത്രത്തോളം ശരിയാണെന്നു പരിശോധിക്കേണ്ടത് സാമൂഹിക മൂല്യങ്ങളുടെയും ചട്ടങ്ങളുടെയും കൂടി അടിസ്ഥാനത്തിലാണ്.


കോടതി അംഗീകരിച്ചാല്‍ കാര്യം നിയമപരമാവും. പൊതുമനഃസാക്ഷി കൂടി അംഗീകരിച്ചാലേ ശരിയാകൂ. പലപ്പോഴും നീതിന്യായനിയമങ്ങളെക്കാള്‍ സാമൂഹ്യനീതിക്കു സ്ഥാനമുണ്ടാകും. നമ്മുടെ ചര്‍ച്ചകളില്‍ നിര്‍ഭാഗ്യവശാല്‍ രണ്ടു തലങ്ങളേ രൂപപ്പെടുന്നുള്ളൂ, പൗരാവകാശവും മതവിധിയും. അതുപോലെ പ്രധാനപ്പെട്ടതാണ് സാമൂഹികമാനം. ദേശത്തിനും ജനതയ്ക്കുമനുസരിച്ച് ആ ശരാശരിയുടെ തോത് വ്യതിയാനപ്പെടും. കൊച്ചി പോലെ ആധുനികമായ ഒരിടത്തു ശരിയാവുന്നതു കോഴിക്കോടു പോലെ സമ്മിശ്രസംസ്‌കാരത്തിന്റെ ചുറ്റുപാടില്‍ അത്ര ശരിയാവില്ല. ഉള്‍ഗ്രാമത്തില്‍ അതൊട്ടും ശരിയാവില്ല.
മൂന്നിടങ്ങളിലും ഭരണഘടനാപരമായ സ്വാതന്ത്ര്യം തുല്യമാണു താനും. ഇതു തിരിച്ചറിയണമെങ്കില്‍ എ.സി മുറിയിലിരുന്നു കുറേ നോവലും തിരക്കഥകളും വായിച്ചിട്ടു കാര്യമില്ല. കേരളത്തിലെ മധ്യവര്‍ഗത്തിന്റെ മന, മതസ്ഥിതികള്‍ തൊട്ടറിയണം. എന്നാല്‍ ഇങ്ങനെ ഭരണഘടന പിടിച്ച് കാറ്റാടി വിപ്ലത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്ക് ഹിജാബും നിഖാബും എത്തുമ്പോള്‍ ഭരണഘടനയെ ഒട്ടും ഇഷ്ടമല്ല. ഇതിന്റെ വേറെ ഒരു പരി(തി)പ്പ് മുസ്‌ലിം പരിഷ്‌കരണവാദികള്‍ക്കിടയിലുണ്ട്. വഴിവക്കില്‍ മരങ്ങള്‍ നടാന്‍ പറഞ്ഞ പ്രവാചകനെ വിശ്വസിച്ച്, സ്ത്രീകള്‍ വീട് ഭരിക്കട്ടെ എന്ന് പറഞ്ഞ അതേ പ്രവാചകനെ അവിശ്വസിക്കുന്നവരാണവര്‍.


അത്തരം സെക്യുലര്‍ പരിഷ്‌കരണ വാദികളെ ഇസ്‌ലാമിക മതാചരണങ്ങളുടെ അവസാനവാക്ക് പറയാന്‍ ക്ഷണിക്കുന്ന രീതിയുടെ പ്രശ്‌നമാണിത്. സെക്യുലര്‍ ആക്ടിവിസ്റ്റുകളെ മുസ്‌ലിം ബുദ്ധിജീവി ആക്കി കാറ്റഗറൈസ് ചെയ്യുന്നതിന്റെ ലാഭം പങ്കിട്ടെടുക്കുന്നവര്‍ ഏറെയാണ്. മുസ്‌ലിംകളുടെ പൊതുബോധത്തിനെതിരേയും ശരീഅത്തിനെതിരേയും സംസാരിക്കുന്നവര്‍ മാത്രമാണ് മുസ്‌ലിം ബുദ്ധിജീവികളാകുന്നത്. മതത്തിന്റെ മൗലികതയ്ക്കാവശ്യമില്ലാത്ത ഇത്തരം ബുദ്ധിജീവികളെ മതവിരുദ്ധര്‍ക്കും ന്യൂനപക്ഷ വിരോധികള്‍ക്കുമാണ് ഏറെ ആവശ്യം. അവരെ ബുദ്ധിജീവികളാക്കലല്ല പ്രധാനം, അവരല്ലാത്തവരെ മന്ദബുദ്ധികളാക്കലാണ്. കാര്യങ്ങള്‍ ഇവ്വിധമായതില്‍ പിന്നെ മതത്തിന്റെ ശരിതെറ്റുകള്‍ ബുദ്ധിജീവികള്‍ തീരുമാനിക്കുന്ന സ്ഥിതിയായി. മതദര്‍ശനങ്ങളുടെ ജനകീയ സാധ്യതകളെ സാംസ്‌കാരിക വല്‍കരിക്കുകയെന്ന വ്യാജേന വിശ്വാസത്തിന്റെ തനിമയെ അവര്‍ തല്ലിക്കെടുത്തി. മുസ്‌ലിം ബുജികള്‍ മറ്റൊരു ഇസ്്‌ലാമുണ്ടാക്കി എന്നു പറയുന്നതാവും ഏറെ ശരി.


ഇസ്്‌ലാമിന്റെ മൗലിക സാരാംശങ്ങളെ നിരന്തരം പൊതുവേദികളില്‍ ആക്ഷേപിക്കുന്ന ഇവര്‍ മതത്തിന്റെ ആഭ്യന്തര കാര്യങ്ങളെ ആദ്യം സാമൂഹികവല്‍കരിക്കുകയും പിന്നീട് കടന്നാക്രമിക്കുകയുമാണ് ചെയ്യുന്നത്. ഇതരമതങ്ങളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അതത് മതപണ്ഡിതരെ ഏല്‍പ്പിക്കുന്ന സെക്യുലര്‍ മീഡിയകള്‍ മുസ്‌ലിം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മതവിരുദ്ധരായ ഇത്തരം തനി യുക്തിവാദികളുടെ കൈകളിലാണ് കാലങ്ങളായി ഏല്‍പ്പിക്കുന്നത്. 1986ലെ ശരീഅത്ത് ഭേദഗതി വിവാദ കാലം മുതലാണ് ഇവര്‍ ഇസ്‌ലാമവതരിപ്പിക്കാന്‍ ക്ഷണിക്കപ്പെട്ടു തുടങ്ങുന്നത്. അവരുന്നയിച്ചു വരുന്ന യുക്തി ഭദ്രതയോ തത്ത്വദീക്ഷയോ ഇല്ലാതെയുള്ള മുന്‍ധാരണാത്മകമായ ആരോപണങ്ങള്‍ക്ക് പതിറ്റാണ്ടുകളായി ഒരേ നിറവും മണവുമാണ്.


ഇവിടെ വേറൊരു താത്ത്വിക പ്രശ്‌നംകൂടിയുണ്ട്. നാളിതുവരെയായി കേരളത്തില്‍ ഒരു ഹിന്ദു ബുദ്ധിജീവിയോ ക്രിസ്ത്യന്‍ ബുദ്ധിജീവിയോ രംഗത്തുവന്നതായി കാണുന്നില്ല. അതിനര്‍ത്ഥം മുസ്‌ലിം സമൂഹത്തിന്റെ പ്രധാന ഉത്സാഹം ബുദ്ധിജീവികളെ ഉല്‍പ്പാദിപ്പിക്കലാണെന്നല്ല. ഇതര സമുദായത്തിനകത്തെ സെക്യുലര്‍ ബുദ്ധിജീവികളെ അവരോ അപരരോ അവരുടെ മതങ്ങളുടെ വരവു പുസ്തകങ്ങളിലേക്ക് ചേര്‍ത്തെഴുതുന്നില്ല. അങ്ങനെയാണെങ്കില്‍ സി.ജെ തോമസ് ക്രിസ്ത്യന്‍ ബുദ്ധിജീവിയും വി.ടി ഭട്ടതിരിപ്പാട് നമ്പൂതിരി ബുദ്ധിജീവിയും എം. ഗോവിന്ദന്‍ നായര്‍ നായര്‍ ബുദ്ധിജീവിയും പി.കെ ബാലകൃഷ്ണന്‍ ഈഴവ ബുദ്ധിജീവിയുമാകുമായിരുന്നു.


ചുരുക്കത്തില്‍ ലിബറല്‍ ആക്ടിവിസ്റ്റുകളോട് പറയാനുള്ളത്, നിങ്ങള്‍ കൊണ്ടുനടക്കുന്ന ഫസല്‍ ഗഫൂറിന്റെ നിലപാടുകള്‍ നിങ്ങളുടെ വരവിലെഴുതി ചെലവാക്കിയാല്‍ മതി, സമുദായത്തിന്റെ പേരില്‍ വേണ്ട. ഫസല്‍ ഗഫൂര്‍ ഉമ്മച്ചിക്കുട്ടികളുടെ തട്ടംകീറല്‍ വിപ്ലവം സ്വന്തം ചെലവില്‍ നടത്തിയാലും മതി. സമുദായത്തിന്റെ അഡ്രസ് ബോര്‍ഡുകള്‍ വയ്ക്കാതെ നടത്തണം ഈ പറയുന്ന ശുജാഇത്തരങ്ങള്‍. അല്ലാതെ സമുദായത്തിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്ന് കൈക്കലാക്കുന്ന സഞ്ചികകള്‍ കൊണ്ടാവരുത് സ്വയം മറന്ന കൊണ്ടാട്ടങ്ങള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago
No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago
No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago
No Image

പൊതുമാപ്പിൽ വീണ്ടും ഇളവുമായി യുഎഇ

uae
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണെം; ഇ.വൈ യുടെ പൂനെ ഓഫീസില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

Kerala
  •  3 months ago
No Image

വിവാദങ്ങളിൽ തളരാതെ തിരുപ്പതി ലഡു; നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം 

National
  •  3 months ago
No Image

ഷിരൂരില്‍ ഇന്നും അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്താനായില്ല

Kerala
  •  3 months ago
No Image

ചിത്രീകരണത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; അന്വേഷണം നടത്തുമെന്ന് മീഡിയ കൗൺസിൽ

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago