അര്‍ണബ് ഗോസ്വാമി തരൂരിനെതിരായ വായിട്ടലയ്ക്കല്‍ അവസാനിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കര്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന മാധ്യമവിചാരണ അവസാനിപ്പിക്കാനും വായിട്ടലയ്ക്കല്‍ നിര്‍ത്താനും റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയോട് ഡല്‍ഹി ഹൈക്കോടതി.
ഉത്തരവാദിത്വബോധത്തോടെയുള്ള മാധ്യമപ്രവര്‍ത്തനം അനിവാര്യമായ കാലത്താണ് നമ്മളുള്ളതെന്നും ജസ്റ്റിസ് മുകുന്ദ് ഗുപ്ത പറഞ്ഞു. തരൂര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം. കേസിന്റെ വിചാരണ ഒരുവശത്ത് നടക്കുമ്പോള്‍ മറുവശത്ത് മാധ്യമങ്ങള്‍ സമാന്തരമായി വിചാരണ നടത്തുകയോ ഒരാളെ കുറ്റവാളിയെന്ന് വിളിക്കുകയോ ചെയ്യരുത്. അന്വേഷണങ്ങളുടെയും തെളിവുകളുടെയും പരിശുദ്ധി മനസിലാക്കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യണം.
ജൂലൈയിലും ഓഗസ്റ്റിലും ഒന്നിലധികം തവണ തരൂരിനെതിരേ അര്‍ണബ് ഗോസ്വാമി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്തതായി തരൂരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. തന്നെ ഈ കേസന്വേഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഡല്‍ഹി പൊലിസിനെക്കാള്‍ നന്നായി താന്‍ അന്വേഷിക്കുമായിരുന്നെന്നും സുനന്ദയെ കൊലപ്പെടുത്തിയതാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നുമായിരുന്നു അര്‍ണബ് ചാനലില്‍ അവകാശപ്പെട്ടതെന്നും സിബല്‍ ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ടി.വി തരൂരുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ്ങുകള്‍ നടത്തുന്നത് വിലക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.
തരൂരാണ് കൊല നടത്തിയതെന്ന് നിങ്ങള്‍ കണ്ടോ എന്നും പിന്നെങ്ങനെ അങ്ങനെ ഉറപ്പിക്കാനാവുമെന്നും ജഡ്ജി അര്‍ണബിന്റെ അഭിഭാഷക മാള്‍വിക ത്രിവേദിയോട് ചോദിച്ചു. എയിംസ് പുറത്തുവിട്ട ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടിങ്ങെന്നായിരുന്നു മാള്‍വികയുടെ മറുപടി. തെളിവുകളുടെ കാര്യം നോക്കാന്‍ നിയമമുണ്ടെന്ന് കോടതി ഇതിനു മറുപടി നല്‍കി. തെളിവ് പരിശോധിക്കാന്‍ നിങ്ങള്‍ ആരുമല്ല. ക്രിമിനല്‍ നിയമത്തില്‍ എന്തെല്ലാമാണ് തെളിവെന്ന് മനസ്സിലാക്കിയിട്ടുണ്ടോ? പൊലിസ് ഒരാള്‍ക്കെതിരേ കുറ്റപത്രം നല്‍കിയെന്നുവച്ച് അയാളെ കൊലയാളിയെന്നെല്ലാം വിളിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി പറഞ്ഞു. അര്‍ണബിന് നോട്ടീസയയ്ക്കാനും കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."