ഹറമുകളില്‍ റമദാന്‍ ഇഅ്തികാഫിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി
റിയാദ്: വിശുദ്ധ റമദാനില്‍ പ്രത്യേകമുള്ള ഇഅ്തികാഫ് ആരാധനക്ക് ഇരു ഹറം കാര്യാലയം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇഅ്തികാഫ് ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, അല്‍ ഹറമൈന്‍ എന്ന മൊബൈല്‍ ആപ്പ് വഴിയോ, വെബ്‌സൈറ്റ് വഴിയോ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാമെന്ന് ഇരു ഹറം കാര്യാലയം അറിയിച്ചു.
ഹറം അധികൃതര്‍ പുറത്തിറക്കിയ പ്രത്യേക നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും വ്യവസ്ഥകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്നുമുള്ള നിര്‍ദേശത്തോടെയാണ് അനുമതി നല്‍കുന്നത്.
മസ്ജിദുല്‍ ഹറാമില്‍ റമദാന്‍ 19 മുതലും മസ്ജിദുന്നബവിയില്‍ റമദാന്‍ 20 മുതലുമാണ് ഇഅ്തികാഫ് ആരംഭിക്കുക. റമദാന്‍ അവസാന ദിവസം ഇശാഅ് നിസ്‌കാരം വരെ ഇഅ്തികാഫ് തുടരാം. മസ്ജിദുന്നബവിയില്‍ പടിഞ്ഞാറെ ഭാഗം മേല്‍തട്ടാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.
മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ റമദാന്‍ 10 വരെയും, മദീനയിലെ മസ്ജിദുന്നബവിയില്‍ റമദാന്‍ 15 വരെയുമാണ് രജിസ്‌ട്രേഷനുള്ള സമയം. റമദാന്‍ 16 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഇരുഹറമുകളിലും അനുമതി പത്രം വിതരണം ചെയ്യും. ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് പ്രത്യേകം സൗകര്യങ്ങളും ഹറം കാര്യാലയം ഒരുക്കിയിട്ടുണ്ട്.
ഇതിനായി എയര്‍ കണ്ടീഷനുകളുടെ ശേഷി വര്‍ധിപ്പിച്ചു.ഓരോരുത്തര്‍ക്കും സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ പ്രത്യേകം കാബിനുകളുണ്ടായിരിക്കും. ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് പ്രത്യേകം പുതപ്പും തലയിണയും ഇഅ്തികാഫിന്റെ പുണ്യം വിശദീകരിക്കുന്ന ലഘു ലേഖയും വിതരണം ചെയ്യും. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ഇഅ്തികാഫിന് അനുമതിയുള്ളൂ.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സ്ഥലങ്ങളാണ് ഇതിനായി തയാറാക്കിയിരിക്കുന്നെന്നതിനാല്‍ കുടുംബസമേതം വരുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുമിച്ച് കഴിയാന്‍ അനുവാദമില്ല. ഹറമുകളുടെ വൃത്തിയും പവിത്രതയും കാത്തുസൂക്ഷിക്കണമെന്നും ജീവനക്കാരുമായി സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."