പ്രളയം തകര്‍ത്തത് 1801 അങ്കണവാടികള്‍: നഷ്ടം 118 കോടി
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ 1801 അങ്കണവാടികള്‍ക്ക് കേടുപാട് സംഭവിച്ചതായി മന്ത്രി കെ.കെ ശൈലജ. പ്രാഥമിക കണക്കെടുപ്പില്‍ 131 അങ്കണവാടികള്‍ പൂര്‍ണമായും ഉപയോഗ ശൂന്യമായി.
1670 അങ്കണവാടികള്‍ക്ക് ഭാഗികമായി കേടുപറ്റി. ഇവയുടെ പുനര്‍നിര്‍മാണത്തിനായി 118 കോടി രൂപ ആവശ്യമായി വരുമെന്നും മന്ത്രി പറഞ്ഞു.
ഈ അങ്കണവാടികള്‍ക്ക് പകരം താല്‍ക്കാലികമായി സംവിധാനം ഏര്‍പ്പെടുത്തും. ഇവ പുതിയ അങ്കണവാടികളായി രൂപകല്‍പന ചെയ്ത് മാതൃകാ സ്ഥാപനങ്ങളായി പുനര്‍നിര്‍മിക്കും. പോഷകാഹാരങ്ങള്‍ വീടുകള്‍ വഴി കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ഭിന്നശേഷിക്കാരുടെ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കും. ഭിന്നശേഷിക്കാരുടെ നഷ്ടപ്പെട്ട സഹായ ഉപകരണങ്ങളുടെ കണക്കുകളെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ഭിന്നശേഷിക്കാരുടേയും വനിതകളുടേയും നഷ്ടപ്പെട്ട തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് പകരം എന്ത് ചെയ്യാന്‍ പറ്റുമെന്ന് ആലോചിച്ച് തീരുമാനിക്കും. വികലാംഗ ക്ഷേമ കോര്‍പറേഷന്‍ വഴിയും വനിതാ വികസന കോര്‍പറേഷന്‍ വഴിയും വായ്പകള്‍ ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."