പ്രളയ ദുരിതാശ്വാസം: ഇറക്കുമതി വസ്തുക്കളുടെ വിതരണത്തിന് ഉടന്‍ തീരുമാനം വേണമെന്ന് ഹൈക്കോടതി
കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി വിദേശത്തുനിന്നു ഇറക്കുമതി ചെയ്ത വസ്തുക്കള്‍ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിനു നല്‍കിയിട്ടുള്ള അപേക്ഷകളില്‍ മൂന്നു ദിവസത്തിനുള്ളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. കസ്റ്റംസ് തീരുവ ഒഴിവാക്കി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു മുന്‍മന്ത്രി എം.കെ മുനീര്‍ എം.എല്‍.എ ചെയര്‍മാനായ മിഷന്‍ കോഴിക്കോട് എന്ന സംഘടനയും മറ്റും സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
കസ്റ്റംസ് തീരുവ നിയമപ്രകാരം സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്കു മാത്രമേ ദുരിതബാധിതര്‍ക്കു വേണ്ടി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ഇളവ് അനുവദിക്കാനാവൂ എന്ന കാരണത്താലാണ് അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കിയത്. സാധനങ്ങള്‍ ജില്ലാ കലക്ടര്‍മാര്‍ മുഖേന മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ. സാധനം ഇറക്കുമതി ചെയ്തവര്‍ ആവശ്യപ്പെടുന്ന മേഖലകളിലെ വിതരണം ചെയ്യാവൂ എന്നും ഇവരുടെ പ്രതിനിധികളുടെ സാന്നിധ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇറക്കുമതിക്കാര്‍ക്ക് ആര്‍ക്കൊക്കെ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെടാവുന്നതാണെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ അറിയിച്ചു. ദുരിത ബാധിതരുടെ പുനരധിവാസത്തിനുള്ള വസ്തുക്കളാണെന്നു ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കാലതാമസം ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."