സ്വര്‍ണക്കടത്ത്, ഹവാല: കാക്ക രഞ്ജിത്തും സംഘവും പിടിയില്‍
നെടുമങ്ങാട്: നിരവധി സ്വര്‍ണക്കടത്ത്, ഹവാല കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ കോഴിക്കോട് ഒളവണ്ണ സ്വദേശി കാക്ക രഞ്ജിത്തും സംഘാംഗങ്ങളും പിടിയില്‍. മുപ്പതിലേറെ കേസുകളിലെ പ്രതികളായ ഇവരെ വിതുര പൊലിസാണ് പിടികൂടിയത്.
കോഴിക്കോട് വളയനാട് കിണാശേരി പീടിയേക്കല്‍ ഹൗസില്‍ ഫൈജാസ് (28), കോഴിക്കോട് ഒളവണ്ണ പന്തീരങ്കാവ് പൂളേക്കര നിജാസ് (35), കോഴിക്കോട് പെരുവയല്‍ കൊളാപറമ്പ് കൊടശേരിത്തായം മാക്കോത്തില്‍ രജീഷ് (33), കോഴിക്കോട് വളയനാട് കിണാശേരി കാവുങ്ങല്‍ ഹൗസില്‍ മനോജ് (27) എന്നിവരാണ് രഞ്ജിത്തിനൊപ്പം അറസ്റ്റിലായവര്‍.
ടി.പി വധക്കേസ് പ്രതി കൊടി സുനിയുമായി ചേര്‍ന്നുളള ആക്രമണക്കേസിലും ഇയാള്‍ പ്രതിയാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് പിടിയിലായത്. സ്വര്‍ണക്കടത്ത്, ഹവാല, കുഴല്‍പണം കടത്ത്, ഭീഷണിപ്പെടുത്തി പണംതട്ടല്‍, വധശ്രമം എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ് രഞ്ജിത്ത്. ഒന്നരക്കിലോ സ്വര്‍ണം കടത്തിയതിന് കുന്ദമംഗലം സ്റ്റേഷനില്‍ രഞ്ജിത്തിനെതിരേ കേസുണ്ട്. കോഴിക്കോട് ഡി.സി.പിയില്‍നിന്നു തിരുവനന്തപുരം ജില്ലാ പൊലിസ് മേധാവിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിതുര പൊലിസ് കല്ലാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളോടൊപ്പം ഒരു സ്ത്രീയും റിസോര്‍ട്ടിലുണ്ടായിരുന്നു.
തുടര്‍ന്നു നടത്തിയ വാഹന പരിശോധനയില്‍ മറ്റു സംഘാംഗങ്ങളേയും കണ്ടെത്തി. ഇവരില്‍നിന്നു മാരകായുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."