ആഗോളതാപനം നിങ്ങളുടെ അന്നവും മുടക്കും
ന്യൂയോര്‍ക്ക്: ആഗോളതാപനം ഭൂമിക്ക് ഭീഷണിയാകാന്‍ പുതിയ കാരണവും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. കൂടുതല്‍ വിശപ്പുള്ള ചെറുപ്രാണികളെയും കീടങ്ങളെയും അതു സൃഷ്ടിക്കുന്നുവെന്നതാണത്. അതിലെന്താണിത്ര ഭയക്കാന്‍ എന്നാണെങ്കില്‍, ഈ ചെറുപ്രാണികള്‍ നിങ്ങളുടെ അന്നംമുടക്കാനിരിക്കുകയാണെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്.മനുഷ്യന്‍ പ്രധാനമായും ആശ്രയിക്കുന്ന ധാന്യവിളകളെയാകും പുതിയ കാലാവസ്ഥാവ്യതിയാനം കാരണം പ്രാണികള്‍ക്കുണ്ടാകുന്ന മാറ്റം കൂടുതല്‍ ബാധിക്കുക.
അന്തരീക്ഷത്തിലെ ഊഷ്മാവ് വര്‍ധിക്കുന്നതിനുസരിച്ച് പ്രാണികളുടെ വിശപ്പും ശക്തിപ്പെടുമെന്നാണു പുതിയ പഠനം പറയുന്നത്. ചില പ്രാണികളെ പെട്ടെന്നുള്ള പ്രത്യുല്‍പാദനത്തിലേക്കും അതു നയിക്കുമത്രെ. കോടിക്കണക്കിനു ജനങ്ങള്‍ ഭക്ഷണത്തിനായി ആശ്രയിക്കുന്ന സുപ്രധാന ധാന്യവിളകളായ ഗോതമ്പ്, അരി, ചോളം എന്നിവയെയാകും ഇതു സാരമായി ബാധിക്കുക. പ്രാണികള്‍ പ്രധാനമായും തങ്ങളുടെ വിശപ്പടക്കാന്‍ ഉപയോഗിക്കുന്ന ധാന്യങ്ങളാണ് ഇവയെന്നതു തന്നെ കാരണം.
ലോകവ്യാപകമായി മനുഷ്യന്‍ തിന്നുന്ന കലോറികളുടെ 42 ശതമാനവും ഈ മൂന്ന് ധാന്യങ്ങളാണ്. ഇവയുടെ ഉല്‍പാദനത്തിലുണ്ടാകുന്ന ഏതുതരത്തിലുള്ള ഇടിവും ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്കും അതുവഴി കലാപങ്ങള്‍ക്കും വരെ വഴിവച്ചേക്കാം. പ്രത്യേകിച്ചും ദരിദ്രരാജ്യങ്ങളില്‍ ഇതു ഗുരുതരമായ പ്രശ്‌നങ്ങളാകും സൃഷ്ടിക്കുക. അന്തരീക്ഷ താപനില 2.7 ഡിഗ്രി കൂടി ഉയര്‍ന്നാല്‍ മൂന്ന് ധാന്യങ്ങളുടെയും ഉല്‍പാദനത്തില്‍ 53 മില്യന്‍ ടണ്‍ ഇടിവുണ്ടാക്കുമെന്നു പഠനം ചൂണ്ടിക്കാട്ടുന്നു. ചൈനയില്‍ മാത്രം അരി ഉല്‍പാദനത്തില്‍ വര്‍ഷത്തില്‍ 27 മില്യന്‍ ടണ്ണിന്റെ നഷ്ടമാണ് ഇതു സൃഷ്ടിക്കുക.
വാഷിങ്ടണ്‍ സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ കുര്‍ട്ടിസ് ഡോച്ച്, വെര്‍മോന്റ് സര്‍വകലാശാലയിലെ പരിസ്ഥിതി വിഭാഗം പ്രൊഫസര്‍ എന്നിവരാണു പുതിയ പഠനത്തിനു പിന്നില്‍. ഇവരുടെ ഗവേഷണ പ്രബന്ധം പ്രമുഖ ശാസ്ത്ര ജേണലായ 'സയന്‍സ് ' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."